കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ ചുവപ്പ് കോട്ട, ഒറ്റപ്പെട്ട ചില യുഡിഎഫ് തുരുത്തുകള്‍. കണ്ണൂര്‍ ജില്ലയെ കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇത്തരത്തില്‍ അടയാളപ്പെടുത്താം. പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍. 11 മണ്ഡലങ്ങളാണ് ജില്ലയിലുള്ളത് മിക്കതും ഇടതുപക്ഷത്തിന്റെ ഉരുക്ക് കോട്ടകള്‍. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ കണ്ണൂര്‍ ഇടത് പക്ഷത്തെ ചേര്‍ത്ത് പിടിച്ചാണ് മുന്നോട്ട് പോയിട്ടുള്ളത്.
പയ്യന്നൂര്‍-
കാസര്‍കോടിനോട് ചേര്‍ന്ന് കിടക്കുന്ന പയ്യന്നൂര്‍ കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് ഒപ്പമായിരുന്നു നിലകൊണ്ടത്. സിപിഎം നേതാവ് ടി ഐ മധുസൂദനന്‍ ആണ് 2021 ല്‍ പയ്യൂന്നൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം പ്രദീപ് കുമാറിനെ അര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് (49780) മധുസൂദനന്‍ പരാജയപ്പെടുത്തിയത്. 2016, 2011 തെരഞ്ഞെടുപ്പുകളിലെ ഇടതുപക്ഷത്തിന്റെ വിജയത്തുടര്‍ച്ചയാണ് 2021 ലും ആവര്‍ത്തിച്ചത്.
കല്ല്യാശ്ശേരി-
2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് ഒപ്പം ഉറച്ചു നിന്ന മണ്ഡലമാണ് കല്ല്യാശ്ശേരി. എം വിജിന്‍ ആണ് നിലവിലെ എംഎല്‍എ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ബ്രിജേഷ് കുമാറിനെതിരെ 44393 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജിന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയം കണ്ടത്.
തളിമ്പറമ്പ്-
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ 22,689 വോട്ടുകള്‍ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ഡലമാണ് തളിപ്പറമ്പ്. 2011, 2016 തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിന് ഒപ്പം നിന്ന മണ്ഡലമായിരുന്നു ഇത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദ് വി പി ആയിരുന്നു 2021 ല്‍ എംവി ഗോവിന്ദന്റെ എതിരാളി. 22689 വോട്ടുകളുടെ ഭൂരിപക്ഷമാണ് എം വി ഗോവിന്ദന്‍ നേടിയത്.
ഇരിക്കൂര്‍-
കണ്ണൂരിന്റെ മലയോര മേഖലയാണ് ഇരിക്കൂര്‍ മണ്ഡലം. ജില്ലയില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടയാണ് ഇരിക്കൂര്‍. കോണ്‍ഗ്രസിലെ സജീവ് ജോസഫാണ് നിലവിലെ എംഎല്‍എ. 1982 മുതല്‍ 2016 വരെ കെ സി ജോസഫ് മത്സരിച്ചുവന്ന മണ്ഡലമായിരുന്നു ഇരിക്കൂര്‍.
കേരള കോണ്‍ഗ്രസ് എം- കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ആയിരുന്നു 2021 ല്‍ ഇരിക്കൂറില്‍ മത്സര രംഗത്തുണ്ടായത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി കുറ്റിയാനിമറ്റത്തെയാണ് സജീവ് ജോസഫ് പരാജയപ്പെടുത്തിയത്. 10,010 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
അഴിക്കോട്-
അട്ടിമറിയുടെ വര്‍ഷമായിരുന്നു അഴീക്കോടിന് 2021 ലെ തെരഞ്ഞെടുപ്പ്. മുസ്ലീം ലീഗിന്റെ കണ്ണുരിലെ കോട്ടയായിരുന്ന അഴീക്കോട് കെഎം ഷാജിയെ തോല്‍പിച്ച് സിപിഎം സ്ഥാനാർഥി കെ വി സുമേഷ് പിടിച്ചെടുത്തു. 6141 വോട്ടുകളുടെ ഭൂരിക്ഷത്തിലായിരുന്നു വിജയം. 2011, 2016 തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് ഒപ്പമായിരുന്നു മണ്ഡലത്തിന്റെ മനസ്.
കണ്ണൂര്‍-
യുഡിഎഫിന് ഒപ്പം നിന്നിരുന്ന കണ്ണൂര്‍ 2016 ല്‍ ആണ് എല്‍ഡിഎഫ് പിടിച്ചെടുക്കുന്നത്. കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്തിയാണ് കടന്നപ്പള്ളി രാമചന്ദ്രന്റെ അന്നത്തെ വിജയം. 2011 ല്‍ കോണ്‍ഗ്രസിലായിരുന്ന എപി അബ്ദുള്ളക്കുട്ടിയായിരുന്നു കണ്ണൂര്‍ എഎല്‍എ.
2021 ലും ഇടത് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസില്‍ നിന്നുള്ള സതീശന്‍ പാച്ചേനിയുമായിരുന്നു പ്രധാന മത്സരം. 1745 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു കടന്നപ്പള്ളിയുടെ വിജയം.
ധര്‍മ്മടം-
സിപിഎമ്മിന്റെ ഉറച്ച കോട്ടകളില്‍ ഒന്നാണ് ധര്‍മടം. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം. 50,123 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് പിണറായി വിജയന്റെ വിജയം. സി രഘുനാഥ് ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
തലശ്ശേരി-
കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് ഒപ്പമായിരുന്നു തലശ്ശേരിയുടെ മനസ്. നിലവിലെ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറാണ് തലശ്ശേരിയുടെ ജനപ്രതിനിധി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന എം പി അരവിന്ദാക്ഷനെ 36801 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു എ എന്‍ ഷംസീസിന്റെ വിജയം.
കൂത്തുപറമ്പ്-
കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് ഘടക കക്ഷിയായി എല്‍ജെഡി ആയിരുന്നു 2021 ലെ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ മത്സരിച്ചത്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പി കെ അബ്ദുള്ളയെ പരാജയപ്പെടുത്തി കെപി മോഹനന്‍ മണ്ഡലം നില നിര്‍ത്തുകയായിരുന്നു. 2016 ല്‍ എല്‍ഡിഎഫിന് ഒപ്പം നിന്ന മണ്ഡലത്തില്‍ 2011 ല്‍ യുഡിഎഫ് ആയിരുന്നു വിജയിച്ചത്.
മട്ടന്നൂര്‍-
കെ കെ ശൈലജയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് കേരളം ശ്രദ്ധിച്ച മണ്ഡലമായിരുന്നു മട്ടന്നൂര്‍. 2021 ല്‍ കെ കെ ശൈലജ വിജയിച്ച മണ്ഡലത്തില്‍ 206, 2011 ഇ പി ജയരാജന്‍ ആയിരുന്നു വിജയിച്ചത്. ആര്‍എസ്പിയുടെ ഇല്ലിക്കല്‍ അഗസ്റ്റി ആയിരുന്നു മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 60963 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു 2021 ല്‍ കെ കെ ശൈലജയുടെ വിജയം.
പേരാവൂര്‍-
നിലവിലെ കെപിസിസി പ്രസിഡവന്റ് സണ്ണി ജോസഫ് 2011 മുതല്‍ വിജയിച്ച് വരുന്ന മണ്ഡലമാണ് പേരാവൂര്‍. സിപിഎം സ്ഥാര്‍ഥി സക്കീര്‍ ഹുസൈനെ 3172 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സണ്ണി ജോസഫിന്റെ കഴിഞ്ഞ തവണത്തെ വിജയം.
തദ്ദേശത്തിലെ കണ്ണൂര്‍-
ഇടത് സ്വാധീനം ഉറപ്പിക്കുന്ന ഫലമായിരുന്നു ഉണ്ടായതെങ്കിലും, സിപിഎമ്മിന്റെ സമഗ്ര ആധിപത്യത്തിന് വിള്ളല്‍ വീഴ്ത്തുന്നതായിരുന്നു ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളില്‍ 48 ഇടത്ത് എല്‍ഡിഎഫും 21 ഇടത്ത് യുഡിഎഫും വിജയം നേടി. രണ്ടിടത്ത് ഇരു മുന്നണികളും തുല്യ എണ്ണം സീറ്റ് നേടി. കണ്ണൂര്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ 18 ഡിവിഷനുകളില്‍ എല്‍ഡിഎഫും ഏഴ് സീറ്റില്‍ യുഡിഎഫും വിജയിച്ചു.
11 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വ്യക്തമായ വിജയം നേടി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ എട്ട് സീറ്റ് വീതം യുഡിഎഫും എല്‍ഡിഎഫും നേടി. ഒരു സീറ്റില്‍ സ്വതന്ത്രന്‍ വിജയിച്ചു. എടക്കാട് ബ്ലോക്കില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ഏഴ് വീതം സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പമെത്തി.
എട്ട് നഗരസഭകളില്‍ എല്‍ഡിഎഫ് അഞ്ചിടത്തും യുഡിഎഫ് മൂന്നിടത്തും വിജയിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ 56 ഡിവിഷനുകളില്‍ 36 ഡിവിഷനുകള്‍ വിജയിച്ച് യുഡിഎഫ് ഭരണം നിലനിര്‍ത്തി. എല്‍ഡിഎഫ് 15 സീറ്റും എന്‍ഡിഎ നാലും മറ്റുള്ളവര്‍ ഒരു സീറ്റും നേടി.

