കൽപറ്റ:സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹായത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം മെഗാ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും.
സെപ്റ്റംബർ ഒൻപത് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായാണ് പരിപാടികൾ നടക്കുക.
ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലുകൾ, ടൂറിസം ക്ലബ്ബുകൾ, കുടുംബശ്രീ, വിവിധ ടൂറിസം സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷ പരിപാടികൾ ഒരുക്കുക.
മൂന്ന് താലൂക്ക് കേന്ദ്രങ്ങളിൽ ഓണം മെഗാ സാംസ്‌കാരിക കലാ-കായിക പരിപാടികൾ എന്നിവ അരങ്ങേറും. കൂടാതെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തദ്ദേശീയരുടെ സഹകരണത്തോടെ വിനോദസഞ്ചാരികൾക്കായി പ്രത്യേക ആഘോഷങ്ങളും സംഘടിപ്പിക്കും.
പൂക്കളമിടാം സമ്മാനം നേടാം
ഓണം ഗ്രീന്‍ പ്രോട്ടോക്കോള്‍ ആഘോഷങ്ങളുടെ ഭാഗമായി ഏഴ് വരെ ശുചിത്വ പൂക്കളം 2025 എന്ന പേരില്‍ ഫോട്ടോ ചാലഞ്ച് മത്സരം സംഘടിപ്പിക്കുന്നു. സമത്വം, ഐക്യം, പ്രകൃതിയോടുള്ള സമന്വയം എന്നീ മൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ക്രിയാത്മക ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.
മാലിന്യമുക്ത നവകേരളം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മാലിന്യ സംസ്‌കരണം, തരംതിരിക്കല്‍, മാലിന്യങ്ങളുടെ അളവ് കുറയ്ക്കല്‍, പാഴ് വസ്തുക്കളുടെ പുനരുപയോഗം, പുനഃചംക്രമണം, ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം, ദേശീയ ശുചിത്വ സര്‍വേയിലെ കേരളത്തിന്റെ നേട്ടങ്ങള്‍, സ്വച്ഛ് സര്‍വേക്ഷണ്‍ 2026 സന്ദേശം നല്‍കുന്നത് എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങളാണ് പൂക്കളത്തിലൂടെ അവതരിപ്പിക്കേണ്ടത്. എന്‍ട്രികള്‍ iecsbmwayanad@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സെപ്റ്റംബര്‍ ഏഴിനകം ലഭിക്കണം. ജില്ലാതല വിജയികൾക്ക് 10,000 രൂപയും സംസ്ഥാനതല വിജയികൾക്ക് 25,000 രൂപയും സമ്മാനം ലഭിക്കും.

