15.2 C
London
Saturday, June 6, 2026
Home Blog Page 5

ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം

0

ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം
​കൽപറ്റ:നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി മാനസിക ഉല്ലാസത്തിനും ശാരീരിക വ്യായാമത്തിനുമായി നിരവധി ആളുകൾ എത്തുന്ന കലക്ടറേറ്റ് ഗാർഡനിൽ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. ലഹരിയില്ലാത്ത നവകേരളത്തിന്നായ്,
ലഹരി വിപത്തിനെതിരെ വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കണമെന്നും ലഹരി വിരുദ്ധ സന്ദേശം നൽകി എക്‌സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഓർമിപ്പിച്ചു. ചടങ്ങിൽ എൻ.എസ്.പ്രമോദ്, അനീഷ് , ദേവിദാസൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ കെ.സി.ആദിദേവ്, സി.പി.ആകാശ്,അദീബ ജാസ്മിൻ എന്നിവരും ചർച്ചയിൽ പങ്കുചേർന്നു.

​ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കാൻ കലക്ടറേറ്റ് ഗാർഡനിലെ ഓപ്പൺ ജിം ഏറെ സഹായകരമാകുന്നുണ്ട്. വൈകുന്നേരങ്ങളിൽ നിരവധി പേരാണ് വ്യായാമത്തിനായും മാനസിക ഉല്ലാസത്തിനായും ഇവിടെ എത്തുന്നത്.

​”തിരക്കുപിടിച്ച ജോലികൾക്കും ജീവിത സാഹചര്യങ്ങൾക്കുമിടയിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശിക്കാവുന്ന സിവിൽ സ്റ്റേഷൻ ഉദ്യാനം ഒരു വലിയ അനുഗ്രഹമായി മാറുകയാണ്.”
​നഗരമധ്യത്തിൽ പ്രകൃതിയോട് ഇണങ്ങി വ്യായാമം ചെയ്യാനും വിനോദങ്ങളിൽ ഏർപ്പെടാനും കഴിയുന്നത് പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും ഒരുപോലെ ഗുണകരമാകുന്നു.

ട്രൂത്ത് ഓഫ് മദേഴ്‌സ് 550 അമ്മമാരെ ആദരിക്കുന്നു

0

കല്‍പ്പറ്റ: ട്രൂത്ത് ഓഫ് മദേഴ്‌സ് വാട്‌സാപ് കൂട്ടായ്മ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു തെരഞ്ഞെടുത്ത 550 അമ്മമാരെ ആദരിക്കുന്നു. ലോക മാതൃദിനമായ മേയ് 10ന് എറണാകുളം ടൗണ്‍ഹാളിലാണ് പരിപാടി. രാഷ്ട്രീയം, കല, സാഹിത്യം, സംരഭകത്വം, ജീവകാരുണ്യം ഉള്‍പ്പെടെ മേഖലകളില്‍ മികവ് തെളിയിക്കുകയും സാമൂഹികാംഗീകരം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അമ്മമാരെയാണ് ആദരണത്തിന് തെരഞ്ഞെടുത്തതെന്ന് കൂട്ടായ്മ പ്രതിനിധികളായ ഷിബില ഖാദര്‍, സെറീന ഉമ്മു സല്‍മാന്‍, ജഷീല യാസീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എട്ടിന് ആരംഭിക്കുന്ന ചടങ്ങ് ഉച്ചകഴിഞ്ഞ് മൂന്നിന് സമാപിക്കും. ഓരോ അമ്മമാര്‍ക്കും മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. ഇവരുടെ ജീവിതവിജയകഥ പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും.
ടാലന്റ് വേള്‍ഡ് റിക്കാര്‍ഡിനുള്ള ശ്രമം എന്ന നിലയിലും സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വഹിക്കും. ട്രൂത്ത് ഓഫ് മദര്‍ സ്ഥാപകരില്‍ ഒരാളായ ജൂലിയറ്റ് വിക്ടര്‍ അധ്യക്ഷത വഹിക്കും. ഉമ തോമസ്, ജസ്റ്റീസ് മേരി ജോസഫ്, അഡ്വ.ദീപ്തി മേരി വര്‍ഗീസ്, സിമി റോസ്‌ബെല്‍ ജോണ്‍, ചലച്ചിത്ര താരങ്ങളായ അംബിക മോഹന്‍, തെസ്‌നി ഖാന്‍, ബീന ആന്റണി തുടങ്ങിയവര്‍ പങ്കെടുക്കും.

യഷിന്റെ ‘ടോക്സിക്’ റിലീസ് വീണ്ടും മാറ്റി; പുതിയ തീയതി ഉടനെ പുറത്തുവിടുമെന്ന് നിർമാതാക്കൾ

0

യഷ് നായകനായെത്തുന്ന ടോക്സിക്കിന്റെ റിലീസ് വീണ്ടും മാറ്റി വച്ചു. ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസുമാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 4 നായിരുന്നു ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു.

അടുത്തിടെ നടന്ന സിനിമാകോൺ 2026 വേദിയിൽ ചിത്രത്തിന്റെ പ്രത്യേക അവതരണം ശ്രദ്ധേയമായ പ്രതികരണമാണ് നേടിയത്. ആഗോള വിതരണക്കാരിലും അന്താരാഷ്ട്ര സിനിമാ മേഖലയിലെ പ്രമുഖരിലും നിന്നുള്ള മികച്ച പ്രതികരണം ചിത്രത്തിന് കൂടുതൽ വലിയ അന്താരാഷ്ട്ര റിലീസിനുള്ള സാധ്യതകൾ തുറന്നതായാണ് റിപ്പോർട്ട്.

ഇതോടെയാണ് ചിത്രത്തിന്റെ റിലീസ് പുതുക്കി ആലോചിക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്. ചിത്രം പൂർത്തിയായിരിക്കുന്ന സാഹചര്യത്തിൽ ആഗോള വിതരണ കരാറുകളും പ്രധാന അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികളിലാണ് നിർമാതാക്കൾ.

ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ചിത്രം അതിന്റെ അർഹമായ വലിയ സ്കെയിലിൽ തന്നെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ റിലീസ് പ്ലാൻ തയ്യാറാക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഗീതു മോഹൻദാസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.

“നമ്മൾ ചെയ്യുന്ന ചില സിനിമകൾക്ക് അപ്പുറം, സിനിമയെ എന്തുകൊണ്ടാണ് നമ്മൾ ഇഷ്ടപ്പെട്ടത് എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്ന ചില സിനിമകളുണ്ട്. ‘ടോക്സിക്’ അത്തരമൊരു അനുഭവമാണ്. സിനിമാകോണിൽ ചിത്രം അവതരിപ്പിച്ചപ്പോൾ ലഭിച്ച ആഗോള പ്രതികരണം, ഈ ചിത്രം ലോകവ്യാപകമായി അതിന്റെ പൂർണ ശേഷിയിൽ എത്തണമെന്ന ഞങ്ങളുടെ വിശ്വാസത്തെ കൂടുതൽ ഉറപ്പിച്ചു.

ടോക്സിക് പൂർത്തിയായിരിക്കുന്നു, ആഗോള വിതരണ കരാറുകളും പ്രധാന അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികളിലാണ് ഇപ്പോൾ ഞങ്ങൾ. ഇതിന്റെ ഭാഗമായാണ് റീലീസ് തീയതി പുതുക്കാൻ തീരുമാനിച്ചത്. നേരത്തെ പ്രഖ്യാപിച്ച പോലെ ജൂൺ 4 ന് റിലീസ് ചെയ്യുന്നില്ലെങ്കിലും, ആഗോളതലത്തിൽ യോജിച്ച മറ്റൊരു തീയതിയിൽ റിലീസ് ചെയ്യും.

ടോക്സിക് ഉടൻ തന്നെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. ഇന്ത്യൻ സിനിമ സ്വന്തം സ്വരം കണ്ടെത്തി ആഗോള വേദിയിലേക്ക് ഉയരുന്ന ഇത്തരമൊരു ഘട്ടത്തിൽ അതിന്റെ നിലവാരം ഉയർത്തേണ്ടത് നമ്മളൊരൊരുത്തരുടെയും ഉത്തരവാദിത്തമാണ്. ഒരു നടനെന്ന നിലയിലും നിർമ്മാതാവെന്ന നിലയിലും, ഇന്ത്യൻ സിനിമയ്ക്ക് വേണ്ടിയും നമ്മൾക്ക് എല്ലാവർക്കും വേണ്ടിയും എന്റെ ഉത്തരവാദിത്തം നിർവഹിക്കേണ്ട ഒരു അവസരമായി ഞാൻ ഇതിനെ കാണുന്നു.

ഈ ചിത്രം ലോകത്തെത്തേണ്ട രീതിയിൽ എത്തിക്കാൻ വേണ്ട സമയം എടുക്കുന്നത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു.” ഓരോ ചുവടുവയ്പ്പിലും ഓരോ മാറ്റത്തിലും നിങ്ങളുടെ പിന്തുണ എന്നോടൊപ്പം ഉണ്ടായിരുന്നു, ഞാൻ അത് വളരെ നന്ദിയോടെ ഓർക്കുന്നു. ചില കഥകൾ ക്ഷമ ആവശ്യപ്പെടുന്നു.

ചില യാത്രകൾ ക്ഷമ ആവശ്യപ്പെടുന്നു. ആസ്വദിക്കാനും ആഘോഷിക്കാനും ഒരു സിനിമ നിങ്ങൾക്ക് നൽകുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു – ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ നിമിഷമായി നിലകൊള്ളുന്ന ഒരു സിനിമ. – യഷ് പറഞ്ഞു.

നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും.

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

0

ന്യൂഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി. ശബരിമല യുവതീപ്രവേശനം അടക്കമുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. മല കയറിയ സ്ത്രീകള്‍ രണ്ടും വിശ്വാസികളാണോയെന്നാണ് കോടതി ആരാഞ്ഞത്. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദങ്ങളാണ് സുപ്രീംകോടതിയില്‍ നടക്കുന്നത്.

കേസില്‍ ഇന്ന് ആദ്യം വാദമുന്നയിച്ചത് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് ആണ്. ശബരിമലയില്‍ കയറിയ ബിന്ദു അമ്മിണിക്കു കനകദുര്‍ഗയ്ക്കും വേണ്ടി ഇന്ദിരാ ജയ്‌സിങ് വാദിച്ചപ്പോഴാണ്, ഭരണഘടനാബെഞ്ചിലെ ജസ്റ്റിസ് ബി വി നാഗരത്‌ന, അവര്‍ ഇരുവരും വിശ്വാസികളാണോ എന്ന് ചോദിച്ചത്. രണ്ടു സ്ത്രീകളും ഹിന്ദു വിശ്വാസികളാണ്. ബിന്ദു അമ്മിണി ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഇന്ദിരാ ജയ്‌സിങ് പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും ശബരിമലയില്‍ പോയത്. ശബരിമലയില്‍ പോയതുമൂലം ഇരുവര്‍ക്കും പിന്നീട് തിക്താനുഭവങ്ങള്‍ നേരിട്ടു. ബിന്ദു അമ്മിണിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടായി. കേരളം തന്നെ വിടേണ്ടി വന്നു. കനകദുര്‍ഗയ്ക്ക് വീട്ടില്‍ നിന്നും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടി. ഇന്ന് പത്താംദിവസമാണ് ശബരിമല റഫറന്‍സില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. 15 ലേറെ കക്ഷികളാണ് യുവതിപ്രവേശനത്തെ ഉൾപ്പെടെ അനൂകൂലിച്ച് വാദങ്ങൾ എഴുതി സമർപ്പിച്ചത്. അവിശ്വാസികളായവർ മതാചാരങ്ങളിൽ എന്തിന് കോടതികളെ സമീപിക്കുന്നു, പൊതുതാൽപര്യഹർജികളിലൂടെ ലക്ഷകണക്കിന് ആളുകൾ വിശ്വസിക്കുന്ന ആചാരങ്ങൾ തെറ്റാണെന്ന് എങ്ങനെ പറയാനാകും തുടങ്ങിയ നീരീക്ഷണങ്ങൾ സുപ്രീംകോടതി നേരത്തെ നടത്തിയിരുന്നു. ഇന്നലെ ശബരിമല യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദം പൂര്‍ത്തിയായിരുന്നു.

ആവശ്യക്കാര്‍ ഏറെ, കല്യാണങ്ങള്‍ക്ക് ‘ആനവണ്ടി ട്രെന്‍ഡ്’; ബുക്കിങ് ഇരട്ടിയായി

0

തിരുവനന്തപുരം: വിവാഹ ഓട്ടങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളെ വിളിക്കുന്നത് ട്രെന്‍ഡാകുന്നു. സാമ്പത്തികമായി വലിപ്പച്ചെറുപ്പമില്ലാതെ കെഎസ്ആര്‍ടിസി ബസുകളെ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടുകയാണെന്ന് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച വിവാഹ ആവശ്യങ്ങള്‍ക്ക് ആനവണ്ടിയുടെ ബുക്കിങ് ഇരട്ടിയായതാതാണ് കണക്കുകള്‍. വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് തുടങ്ങിയ പാക്കേജ് ട്രിപ്പുകള്‍ ആരംഭിച്ചതോടെയാണ് കല്യാണ ഓട്ടങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിയത്.

കഴിഞ്ഞ ഏപ്രിലില്‍ 205 ബസുകള്‍ വിവാഹ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തപ്പോള്‍ ഇത്തവണ ഏപ്രിലില്‍ അത് 500ലധികമായി വര്‍ധിച്ചു. കഴിഞ്ഞ ഞായറാഴ്ച മാത്രം പത്തനംതിട്ട ജില്ലയില്‍ 17 ബസുകളാണ് ബുക്ക് ചെയ്തത്. ആലപ്പുഴയില്‍ അഞ്ച് ബസും സ്‌പെഷ്യല്‍ ഓട്ടത്തിനുപോയിട്ടുണ്ട്. ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളിലാണ് കല്യാണ ഓട്ടത്തിന് കെഎസ്ആര്‍ടിസി അധികവും ബുക്കിങ് വന്നിരിക്കുന്നത്.

ബസുകളില്‍ ഓഡിനറിയോടാണ് പൊതുജനങ്ങള്‍ക്ക് താത്പര്യം. ഇത്തരം ബസുകളാണ് കൂടുതലായും കല്യാണങ്ങളില്‍ സര്‍വീസ് നടത്തുന്നതും. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ലോ ഫ്‌ളോര്‍ ബസുകളും വാടകയ്ക്ക് നല്‍കുന്നുണ്ട്. അതത് ഡിപ്പോകളിലെ വാഹനങ്ങളുടെ അവസ്ഥയനുസരിച്ചിരിക്കും ലഭ്യത. ഓഡിനറി ബസിന് 3600 രൂപ മുതല്‍ വാടക തുടങ്ങും. സ്വകാര്യ വാഹനങ്ങള്‍ക്ക് ഇരട്ടിത്തുക നല്‍കേണ്ട ഇടത്താണ് കെഎസ്ആര്‍ടിസി ഈ തുക വാങ്ങുന്നത്.

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 320 രൂപ കൂടി

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. 1,11,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,875 രൂപയാണ്.

ഇന്നലെ രാവിലെ പവന് 520 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും 800 രൂപ താഴ്ന്ന് 1,11,400 രൂപയില്‍ എത്തിയിരുന്നു. എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

നിതിന്‍ രാജ് ഹണിട്രാപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍, സ്ത്രീവേഷത്തില്‍ പണം തട്ടി; ആരോപണവുമായി അധ്യാപകന്‍ ഡോ. റാം

0

കൊച്ചി: കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയ ഡെന്റല്‍ വിദ്യാര്‍ത്ഥി നിതിന്‍ രാജിനെതിരെ ആരോപണവുമായി അധ്യാപകന്‍ ഡോ, എം കെ റാം. നിതിന്‍ രാജ് ഹണിട്രാപ്പ് കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും, ഇതുമായി ബന്ധപ്പെട്ട് ഫയീസ് എന്നയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റാം ആരോപിക്കുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഡോ. റാം ആ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

നിതിന്‍ രാജ് സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫയീസില്‍ നിന്ന് പണം തട്ടിയെടുത്തതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. പിന്നീട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. പരാതി പിന്‍വലിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. കാമ്പസിനുള്ളില്‍ വെച്ച് ഫയീസും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന്, പ്രശ്‌നം പരിഹരിക്കാനായി നിതിന്‍ അപരിചിതരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടാകാമെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് നിതിന്‍ രാജിനെ ഒരു മാസത്തോളം കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ വസ്തുതകളെക്കുറിച്ച് കൃത്യമായി അന്വേഷിക്കാതെ, തന്നെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിച്ചത്. മാധ്യമങ്ങളുടെയും 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഒരു വിഭാഗത്തിന്റെയും വിമര്‍ശനങ്ങളെ നിശബ്ദരാക്കി തടിതപ്പാനാണ് പൊലീസ് അനാവശ്യ തിടുക്കം കാണിച്ചതെന്നും ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.

വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിന്റെ മുറിയിലുണ്ടായിരുന്ന വിവരം പ്രഥമ വിവര മൊഴിയില്‍ (FIS) പരാമര്‍ശിച്ചിട്ടില്ല. ആര്‍ക്കെതിരെയെങ്കിലും വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നെങ്കില്‍ അത് FIS-ല്‍ സ്ഥാനം പിടിക്കുമായിരുന്നുവെന്നും ഡോ. റാം വാദിച്ചു. യോഗത്തിന് തൊട്ടുപിന്നാലെ നിതിന്‍രാജ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ഉടന്‍ തന്നെ ആത്മഹത്യ ചെയ്തതായും ഹര്‍ജിയില്‍ പറയുന്നു.

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

0

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയിലാകെ 400 കന്നുകുട്ടികള്‍ക്ക് 12,500 രൂപ നിരക്കില്‍ ഈ പദ്ധതി പ്രകാരം സബ്സിഡി ലഭിക്കും. ഇതിലൂടെ കര്‍ഷകരുടെ ഉത്പാദന ചെലവില്‍ ഗണ്യമായ കുറവ് വരും.

ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.എസ് പ്രേമന്‍ അധ്യക്ഷനായ പരിപാടിയില്‍ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ ജയേഷ് വി പദ്ധതി വിശദികരിച്ചു. പരിശീലന പരിപാടിക്ക് റിട്ട.സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. കെ. എസ് രാഘവന്‍ നേതൃത്വം നല്‍കി. അമ്പലവയല്‍ ക്ഷീരസംഘം സെക്രട്ടറി കെ.ഉമ്മര്‍, വെറ്ററിനറി സര്‍ജന്‍ ഡോ. അമല്‍ രാജ്, എം.സി ദിനൂപ് എന്നിവര്‍ സംസാരിച്ചു.

കൊടുംചൂടിൽ നിന്നും രക്ഷ തേടി പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങി; അടിയൊഴുക്കില്‍ പൊലിഞ്ഞത് മൂന്നു ജീവന്‍

0

കൊച്ചി: പെരുമ്പാവൂർ അശമന്നൂരിൽ പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു. മണർകാട് സ്വദേശി എമിൽ സുനിൽ ആണ് മരിച്ചത്. കോതമം​ഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ കനാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി.

കനാലിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട മലപ്പുറം, കൊല്ലം സ്വദേശികളായ അജ്മല്‍, അജ്സല്‍ എന്നിവർ ഇന്നലെ മരിച്ചിരുന്നു. കൊടുംചൂട് സഹിക്കാനാവാതെ കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരില്‍ പെരിയാര്‍ വാലി കനാലില്‍ കൂവപ്പടി ചെറുകുന്നം കെഎംസി കോളജിലെ ആറ് വിദ്യാര്‍ത്ഥികളാണ് കുളിക്കാനായി എത്തിയത്.

ഇവര്‍ പഠിക്കുന്ന കോളജിന് അടുത്തുകൂടെയാണ് പെരിയാര്‍വാലി കനാല്‍ കടന്നു പോകുന്നത്. ഹര്‍ത്താലായതിനാല്‍ കോളജിന് അവധിയായിരുന്നു. ഹോസ്റ്റലില്‍ താമസിക്കുന്നവരാണ് അപകടത്തിൽപ്പെട്ടത്. ആറു വിദ്യാർത്ഥികൾ എത്തിയെങ്കിലും മൂന്ന് പേരാണ് കനാലില്‍ കുളിക്കാനിറങ്ങിയത്. പത്തടിയോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. ഷട്ടര്‍ തുറന്ന സമയമായതിനാല്‍ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ടത്.

ഒ.പി ടിക്കറ്റ് വലിച്ചു കീറി; ചികിത്സ നിഷേധിച്ചു; കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ഒന്‍പത് വയസുകാരിയോടും കുടുംബത്തോടും ഡോക്ടര്‍ മോശമായി പെരുമാറിയതായി പരാതി

0

വയനാട്: പൂച്ച മാന്തിയതിനെത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയ ഒന്‍പത് വയസുകാരിയോടും കുടുംബത്തോടും കല്‍പറ്റ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മോശമായി പെരുമാറിയതായി പരാതി. ഡോക്ടറിനോട് ചോദ്യം ചോദിച്ചത് ഇഷ്ടമാവാതെ ഒപി ചീട്ട് വലിച്ചുകീറിയതായും കുട്ടിക്ക് ചികില്‍സ നിഷേധിച്ചതായും പിതാവ് പറഞ്ഞു.

വീട്ടിലെ വളര്‍ത്തുപൂച്ച മാന്തിയതിനെത്തുടര്‍ന്നാണ് കുട്ടിയുമായി രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്. ഒ.പിയിലിരുന്ന ഡോക്ടറെ കണ്ടപ്പോള്‍ കുട്ടിക്ക് കുത്തിവയ്പ്പ് എടുക്കണമെന്നും അടുത്ത നാല് ദിവസം കൂടി വരണമെന്നും നിര്‍ദ്ദേശിച്ചു. ബാക്കി കുത്തിവയ്പ്പുകള്‍ വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് എടുക്കാന്‍ സാധിക്കുമോ എന്ന് സ്വാഭാവികമായി ചോദിച്ചതാണ് ഡോക്‌റിനെ പ്രകോപിതനാക്കിയത്. ചോദ്യം ഇഷ്ടപ്പെടാതിരുന്ന ഡോക്ടര്‍ കുട്ടിയുടെ പിതാവിനോട് ബഹളം വെച്ചു.

‘ഞങ്ങള്‍ ഡോക്ടര്‍മാരെല്ലാവരും കൂടി അങ്ങോട്ട് വന്ന് ചെയ്‌തേരാം’ എന്ന് പരിഹസിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ ‘വിഡ്ഢി ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടുണ്ടോ’ എന്ന് ആക്രോശിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തു. കുട്ടിയുടെ മുറിവ് പരിശോധിക്കാന്‍ പോലും ഡോക്ടര്‍ തയ്യാറായില്ലെന്നും പിതാവ് ആരോപിച്ചു. തര്‍ക്കത്തിനൊടുവില്‍ ഡോക്ടര്‍ ഒ.പി കാര്‍ഡ് കീറിക്കളയുകയും ചികില്‍സ നല്‍കില്ലെന്ന് നിലപാടെടുക്കുകയും ചെയ്തതോടെ കുടുംബം വലഞ്ഞുയ

തുടര്‍ന്ന് ഒരു മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് മറ്റൊരു ഡോക്ടര്‍ എത്തി കുട്ടിക്ക് ചികിത്സ നല്‍കിയത്. ഡോക്ടറുടെ പക്കല്‍ നിന്ന് നേരിട്ട മാനസിക വിഷമത്തിനും ചികില്‍സ നിഷേധത്തിനുമെതിരെ ആരോഗ്യ വകുപ്പിനും ആശുപത്രി അധികൃതര്‍ക്കും പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.