14.4 C
London
Saturday, June 6, 2026
Home Blog Page 3

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നൽകി

0

ജില്ലാതല മാസ്റ്റർ ട്രെയിനർമാർ, മണ്ഡലതല ട്രെയിനർമാർ, റിട്ടേണിങ് ഓഫീസർമാരുടെ സ്റ്റാഫ് എന്നിവർക്കായാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. കൽപറ്റ നിയമസഭ മണ്ഡലത്തിൽ എസ് കെ എം ജെ ഹൈസ്കൂളിലും സുൽത്താൻ ബത്തേരിയിൽ വോട്ടെണ്ണൽ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭമണ്ഡലത്തിലേത് സെന്റ് പാട്രിക് സ്കൂളിലും വോട്ടെണ്ണൽ നടക്കും.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ വോട്ടുകൾ എണ്ണുന്നതിനായി ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 14 ഇ.വി.എം ടേബിളുകൾ വീതം സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഗസറ്റഡ് പദവിയിലുള്ള ഒരു കൗണ്ടിങ് സൂപ്പർവൈസർ, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരെ നിയോഗിക്കും. തപാൽ വോട്ടുകൾ എണ്ണുന്നതിനായും കൗണ്ടിങ് സൂപ്പർവൈസർമാരെയും കൗണ്ടിങ് അസിസ്റ്റന്റുമാരെയും മൈക്രോ ഒബ്സർവർമാരെയും നിശ്ചയിച്ചിട്ടുണ്ട്.

വോട്ടെണ്ണൽ കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കുന്നതിന് വിവിധ തലങ്ങളിൽ വിപുലമായ ഉദ്യോഗസ്ഥനിര ജില്ലയിൽ സജ്ജമായി. വേട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്കൽ പൊലീസിന് പുറമെ സംസ്ഥാന സായുധ പൊലീസും കേന്ദ്ര സായുധ സേനയുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കുന്നത്.

വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 100 മീറ്റർ പരിധിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശന പാസ്/ഐഡി കാർഡ് നൽകി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയോഗിക്കപ്പെട്ടവർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനമുണ്ടാവുക. മൊബൈൽ ഫോണുകൾ ഈ പരിധിയിൽ ഉപയോഗിക്കാൻ അനുമതിയുണ്ടാവില്ല. വോട്ടെണ്ണൽ നടപടികൾ സുതാര്യമായി പൂർത്തീകരിക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം പൂർത്തിയാക്കി.

ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ നിജു കുര്യൻ, ട്രെയിനിങ് നോഡൽ ഓഫീസർ ടോമിച്ചൻ ആന്റണി, ഡെപ്യൂട്ടി തഹസിൽദാർമാരായ ഉമ്മറലി പാറച്ചോടാൻ, ജോബി ജെയിംസ്, കെ.അശോകൻ, സുൽത്താൻ ബത്തേരി താലൂക്ക് റവന്യൂ ഇൻസ്‌പെക്ടർ എം.അജീഷ്, വെള്ളമുണ്ട വില്ലേജ് ഓഫീസർ രാജേഷ് എസ് തയ്യത്ത്‌, പുൽപള്ളി വില്ലേജ് അസിസ്റ്റന്റ് എം.പി രാജേഷ് കുമാർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു

സ്വര്‍ണവിലയില്‍ വര്‍ധന; 1,11,000ല്‍ താഴെ തന്നെ

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 160 രൂപയാണ് വര്‍ധിച്ചത്. 1,10,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കൂടിയത്. 13,810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 125 ഡോളര്‍ കടന്നിരിക്കുകയാണ്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പരിഗണന 70 വയസ്സ് കഴിഞ്ഞവര്‍ക്ക്, വഴിപാട് കൗണ്ടറുകള്‍ കൂട്ടി

0

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് മുതിര്‍ന്ന പൗരര്‍ക്കുള്ള പട്ടികയില്‍ ഇനി മുതല്‍ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ദേവസ്വം തീരുമാനം. നിലവില്‍ 60 വയസ്സുമുതലുള്ളവരേയും മുതിര്‍ന്ന പൗരന്‍മാരുടെ ദര്‍ശനവരിയില്‍ പരിഗണിച്ചിരുന്നു. ഇനി മുതല്‍ ‘സൂപ്പര്‍ സീനിയേഴ്സ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക.

ഭക്തരുടെ സൗകര്യം പരിഗണിച്ച് ഗുരുവായൂരില്‍ വഴിപാട് കൗണ്ടറുകളുടെ എണ്ണം കൂട്ടി. ക്ഷേത്രത്തിന്റെ തെക്കേ മതില്‍ക്കെട്ടില്‍ വഴിപാട് ശീട്ടാക്കാനും പടിഞ്ഞാറെനടയില്‍ പ്രസാദം വാങ്ങാനുമായി ഓരോ കൗണ്ടര്‍ വീതമാണ് കൂട്ടിയത്. ശീട്ടാക്കാനുള്ള കൗണ്ടറുകളില്‍ ക്ലാര്‍ക്കുമാര്‍ക്കു പുറമേ, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.

വഴിപാട് ശീട്ടാക്കാനും പിന്നീട് പ്രസാദം വാങ്ങാനും ഭക്തര്‍ക്ക് ഏറെ നേരം വരിനില്‍ക്കേണ്ട സ്ഥിതിയായിരുന്നു. പൊതു അവധി ദിവസങ്ങളിലാണെങ്കില്‍ ഒരുമണിക്കൂറോളം നീളും. ഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വാര്‍ത്ത ആയതിന് പിന്നാലെയാണ് ദേവസ്വത്തിന്റെ നടപടി.

ശമ്പള പരിഷ്കരണം നടപ്പിലാക്കണം

0

മീനങ്ങാടി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞു വച്ച ശമ്പള പരിഷ്ക്കരണം വേഗത്തിലാക്കണമെന്ന് എൻ.ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി ആവശ്യപ്പെട്ടു. മീനങ്ങാടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.12-ാ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാതെ പോയ ഇടത് സർക്കാർ ജീവനക്കാരോട് കാണിച്ച ചരിത്രപരമായ വഞ്ചനയാണെന്നു അദ്ദേഹം ആരോപിച്ചു.യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജീവനക്കാരുടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ എല്ലാ തിരികെ കൊണ്ടുവരാൻ സർക്കാരിൽ സമ്മർദ്ദം ചെലത്തുമെന്നും കൂട്ടി ചേർത്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.വി.ബിന്ദുലേഖ അധ്യഷത വഹിച്ചു.

പുതിയ ഭാരവാഹികളായി ഗ്രഹൻ പി.തോമസ് (പ്രസിഡന്റ്)പി.വി സുജേഷ് (സെക്രട്ടറി)
ജെയിംസ് സെബാസ്റ്റ്യൻ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

അമ്പൂരിയില്‍ അച്ഛനെ അടിച്ചു കൊന്നു; മകന്‍ പിടിയില്‍

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയില്‍ അച്ഛനെ മകന്‍ അടിച്ചു കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. മകന്‍ ഷാനു തോമസിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സംഘര്‍ഷത്തിനിടെ അമ്മാവന്‍ വര്‍ഗീസിനും കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. ഷാനുവിന്റെ വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായി മദ്യപാന സദസുകള്‍ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ആഘോഷ പരിപാടികള്‍ക്ക് ശേഷം ഷാനുവും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രശ്‌നത്തില്‍ ഇടപെട്ട ഷാനുവിന്റെ അമ്മയും അമ്മാവനും നിയന്ത്രിക്കാന്‍ ശ്രമിച്ചു. ഇതിനിടെ വര്‍ഗീസിനെ കത്തി കൊണ്ട് കുത്തി. ബഹളം കേട്ടെത്തിയ തോമസ് എബ്രഹാം ഷാനുവിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു.

ഈ സമയത്ത് കസേരയെടുത്ത് ഷാനു പിതാവിന്റെ തലക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കാരക്കോണം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍

0

തിരുവനന്തപുരം: ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച നിലയില്‍. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ ബിഎസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്നവര്‍ കോളജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് കോളജില്‍ വിവരമറിയിക്കുകയായിരുന്നു. കോളജ് അധികൃതര്‍ ബന്ധുക്കളെയും വിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. മരണകാരണം വ്യക്തമല്ല.

‘മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന്‍’; ജനവികാരമെന്ന് മുസ്ലിം ലീഗ്

0

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്. എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നത്. അത് അങ്ങനെ തന്നെയാണ്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് എല്ലാ കാലത്തും ജനവികാരം പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക. ഭാവിയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിലും, ഭരണകാര്യത്തിലും അടക്കം ജനവികാരത്തിന് അനുകൂലമായിട്ടാരിക്കും യുഡിഎഫില്‍ തീരുമാനമുണ്ടാകുക. മുഖ്യമന്ത്രിക്കാര്യത്തില്‍ അടക്കം. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. അവരും ജനവികാരം മാനിച്ചു കൊണ്ടായിരിക്കും തീരുമാനമെടുക്കുക. അവരും കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണല്ലോ എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏതെങ്കിലും ഒന്നോ രണ്ടോ എക്‌സിറ്റ് പോളായിരുന്നു ഇങ്ങനെ പറഞ്ഞതെങ്കില്‍ വിശ്വസിക്കേണ്ട. എന്നാല്‍ യുഡിഎഫിന് അനുകൂലമെന്നാണ് എല്ലാ ഫലങ്ങളും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതലേ കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ത്രിതല പഞ്ചായത്തിലും ഈ ഭരണവിരുദ്ധ വികാരം വ്യക്തമായി. അതിന്റെ ഫൈനല്‍ എന്ന നിലയില്‍ നിയമസഭ തെരഞ്ഞെടുപ്പിലും ആളുകള്‍ അങ്ങനെ തന്നെയാണ് വിധിയെഴുതിയതെന്ന് മനസ്സിലാക്കുന്നു. മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് വിജയിക്കും. അത്തരത്തിലാണ് തങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍. കേവല ഭൂരിപക്ഷത്തിനും അപ്പുറത്ത് മികച്ച വിജയം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചിരുന്നു. ആ പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

ആ നിലയിലേക്ക് ഇപ്പോഴത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിട്ടില്ല എന്നത് ശരിയാണ്. പക്ഷെ ഇതിലും കൂടുതല്‍ മെച്ചപ്പെട്ട വിജയം യുഡിഎഫിന് അവകാശപ്പെട്ടതാണ്. അത് ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം ലീഗ് 27 സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ 22 സീറ്റുകളെങ്കിലും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് കഴിഞ്ഞ തവണത്തേതുപോലെ, യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് നല്ല തീരുമാനത്തിലെത്തും. ലീഗിന് അവകാശപ്പെട്ടത് എല്ലാക്കാലത്തും യുഡിഎഫ് അനുവദിച്ചു തന്നിട്ടുണ്ട്. ഇത്തവണയും അതുണ്ടാകുമെന്ന് സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് എല്ലാ കാര്യങ്ങളും വിലയിരുത്തുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസാണ് യുഡിഎഫിനെ നിലനിര്‍ത്തുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കേണ്ടത്. യുഡിഎഫിനെ നിലനിര്‍ത്തുന്ന കാര്യത്തിലും, ഭരണം മെച്ചപ്പെടുത്തുന്ന കാര്യത്തിലും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും നല്ല തീരുമാനങ്ങളുണ്ടാകും. മുസ്ലിം ലീഗ് അതിനോടൊപ്പം എപ്പോഴും ഉണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ലീഗ് ഒന്നും തന്നെ പറഞ്ഞിട്ടില്ല. അത്തരമൊരു ചര്‍ച്ച തന്നെ ഉണ്ടായിട്ടില്ല. നല്ല മന്ത്രിസഭ രൂപീകരിക്കണം, നല്ല ഭരണം കാഴ്ചവെക്കണം എന്നു മാത്രമേ ലീഗിനുള്ളൂ. അര്‍ഹതപ്പെട്ടത് ലീഗിന് കിട്ടും. അവകാശവാദം ഉന്നയിക്കാനില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും ഇനി നോ സെല്‍ഫി

0

കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാല്‍ മൊബൈല്‍ ഫോണുകള്‍ ഫ്‌ലൈറ്റ് മോഡില്‍ ഇടണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

വന്യമൃഗങ്ങളെ കാണാന്‍ സാധ്യത കൂടുതലായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രങ്ങളില്‍ പ്രതിദിനം നിരവധി സഞ്ചാരികളാണ് സഫാരിക്കെത്തുന്നത്. എന്നാല്‍, സന്ദര്‍ശകര്‍ വനത്തില്‍ അച്ചടക്കം പാലിക്കുന്നില്ലെന്ന് വനംവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വനൃമൃഗങ്ങളുടെ സൈ്വരവിഹാരത്തിനു തടസമാകുന്ന വിധത്തില്‍ സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് വനംവകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

കര്‍ണാടകത്തില്‍ ഏറ്റവുമധികം കടുവകളുള്ള വനങ്ങളാണ് ബന്ദിപ്പൂരും നാഗര്‍ഹോളെയും. കടുവകളെ നേരിട്ടു കാണാന്‍ വേണ്ടിയാണ് വന്യജീവി ഫോട്ടാഗ്രാഫര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടേക്ക് സഫാരിക്ക് എത്തുന്നത്. വന്യമൃഗങ്ങളെ കണ്ടാല്‍ ഫോണിലൂടെ വിവരം കൈമാറി സഫാരി വാഹനങ്ങള്‍ ഒരേ സ്ഥലത്ത് തടിച്ചുകൂടുന്നതും പതിവാണ്. എന്നാല്‍, ഇക്കാര്യം മൃഗങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. ഇതു ഒഴിവാക്കാനാണ് മൊബൈല്‍ ഫോണുകള്‍ ഫ്‌ലൈറ്റ് മോഡില്‍ ഇടണമെന്ന നിര്‍ദേശം ഏര്‍പ്പെടുത്തിയത്. സഫാരി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ഗൈഡുമാര്‍ക്കുമാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള ചുമതല. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സഞ്ചാരികളെ സഫാരിയില്‍നിന്ന് പുറത്താക്കുകയും പിഴ
ഈടാക്കുകയും ചെയ്യും.

കര്‍ണാടകത്തിലെത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗം പേരും സന്ദര്‍ശിക്കുന്ന വനങ്ങളാണ് ബന്ദിപ്പൂരും നാഗര്‍ഹോളെയും. മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇവിടുത്തെ സഫാരി താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന ഇവിടുത്തെ സഫാരികള്‍ 2026 ഫെബ്രുവരിയിലാണ് വീണ്ടും ആരംഭിച്ചത്.

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

0

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത് വരും.

cisce.org, results.cisce.org വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. പരീക്ഷാനടത്തിപ്പുക്കാരായ കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഴ്‌സാണ് (സി.ഐ.എസ്.സി.ഇ) ഇക്കാര്യമറിയിച്ചത്. നാല് ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളാണ് രാജ്യത്ത് പരീക്ഷയെഴുതിയത്.

ക്യുആര്‍ കോഡുകള്‍ രേഖപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റുകളാണ് ഇത്തവണ സിഐഎസ്‌സിഇ നല്‍കുന്നത്. 2025 ലെ പത്താം ക്ലാസ് പരീക്ഷാഫലത്തില്‍ 99.02 ആയിരുന്നു രാജ്യത്തെ വിജയശതമാനം.

എക്‌സിറ്റ് പോളില്‍ ക്ലീന്‍ സ്വീപ്, പത്തില്‍ പത്തിലും യുഡിഎഫ്; സര്‍വേ ഫലങ്ങള്‍ ഇങ്ങനെ…

0

തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ച എന്ന മോഹത്തെ തല്ലിക്കെടുത്തുന്നു. യുഡിഎഫ് ഭരണത്തിലേറുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എക്‌സിറ്റ് പോളുകളുടെ ഫലം യുഡിഎഫ് ക്യാംപിനെ ആവേശത്തിലാക്കിയിട്ടുണ്ട്.

പത്ത് ഏജന്‍സികളുടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ടൈംസ് നൗ ജെവിസി, പി മാര്‍ക്, പീപ്പിള്‍സ് പള്‍സ്, സിഎന്‍എന്‍ വോട്ട് വൈബ്, ആക്‌സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ്, പീപ്പിള്‍ ഇന്‍സൈറ്റ്, ജേര്‍ണോ മിറര്‍, മാട്രിസ്, പൊളിറ്റിക്കല്‍ ലാബ് എന്നീ ഏജന്‍സികളുടെ സര്‍വേ ഫലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഇങ്ങനെയാണ്.

ആക്‌സിസ് മൈ ഇന്ത്യ

യുഡിഎഫ് 78 മുതല്‍ 90 സീറ്റ് വരെ നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. ഇടതുമുന്നണിക്ക് 49 മുതല്‍ 62 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണി 3 സീറ്റ് വരെ നേടിയേക്കാമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.

ടൈംസ് നൗ ജെവിസി

യുഡിഎഫ് 72 മുതല്‍ 84 സീറ്റ് വരെ നേടുമെന്നാണ് ടൈംസ് നൗ ജെവിസിയുടെ സര്‍വേ ഫലം. എല്‍ഡിഎഫിന് 52 മുതല്‍ 61 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണി 3 മുതല്‍ 7 വരെ സീറ്റ് നേടിയേക്കാമെന്നും ടൈംസ് നൗ ജെവിസി ഫലം പറയുന്നു.

മാട്രിസ്

യുഡിഎഫ് 70 മുതല്‍ 75 സീറ്റ് വരെ നേടുമെന്നാണ് മാട്രിസ് സര്‍വേ ഫലം. എല്‍ഡിഎഫിന് 60 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണി 3 മുതല്‍ 5 വരെ സീറ്റ് നേടിയേക്കാമെന്നും മാട്രിസ് സര്‍വേ ഫലം പറയുന്നു.

പീപ്പിള്‍സ് പള്‍സ്

യുഡിഎഫ് 75 മുതല്‍ 80 സീറ്റ് വരെ നേടുമെന്നാണ് പീപ്പിള്‍സ് പള്‍സ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഇടതുമുന്നണിക്ക് 55 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണി മൂന്നു സീറ്റ് വരെ നേടിയേക്കാമെന്നും പീപ്പിള്‍സ് പള്‍സ് സര്‍വേ ഫലം പറയുന്നു.

പി മാര്‍ക്ക്

യുഡിഎഫ് 71 മുതല്‍ 79 സീറ്റ് വരെ നേടുമെന്നാണ് പി മാര്‍ക്ക് സര്‍വേ ഫലം വ്യക്തമാക്കുന്നത്. എല്‍ഡിഎഫിന് 62 മുതല്‍ 69 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണിക്ക് ഒന്നു മുതല്‍ നാലു സീറ്റ് വരെ നേടിയേക്കാമെന്നും പി മാര്‍ക്ക് സര്‍വേ ഫലം പറയുന്നു.

പീപ്പിള്‍സ് ഇന്‍സൈറ്റ്

യുഡിഎഫ് 66 മുതല്‍ 76 സീറ്റ് വരെ നേടുമെന്നാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഇടതുമുന്നണിക്ക് 58 മുതല്‍ 68 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണിക്ക് 10 മുതല്‍ 14 സീറ്റ് വരെ നേടിയേക്കാമെന്നും പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വേ ഫലം പറയുന്നു.

സിഎന്‍എന്‍- ന്യൂസ് 18 വോട്ട് വൈബ്

യുഡിഎഫ് 70 മുതല്‍ 80 സീറ്റ് വരെ നേടുമെന്നാണ് സിഎന്‍എന്‍- ന്യൂസ് 18 വോട്ട് വൈബ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഇടതുമുന്നണിക്ക് 58 മുതല്‍ 68 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണിക്ക് നാലു സീറ്റ് വരെ നേടിയേക്കാമെന്നും സിഎന്‍എന്‍- ന്യൂസ് 18 വോട്ട് വൈബ് സര്‍വേ ഫലം പറയുന്നു.

ചാണക്യ സ്ട്രാറ്റജീസ്

യുഡിഎഫ് 72 മുതല്‍ 80 സീറ്റ് വരെ നേടുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഇടതുമുന്നണിക്ക് 58 മുതല്‍ 64 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണിക്ക് ഒന്നു മുതല്‍ മൂന്നു സീറ്റ് വരെ നേടിയേക്കാമെന്നും ചാണക്യ സ്ട്രാറ്റജീസ് സര്‍വേ ഫലം പറയുന്നു.

പൊളിറ്റിക്കല്‍ ലാബ്

യുഡിഎഫ് 90 മുതല്‍ 92 സീറ്റ് വരെ നേടുമെന്നാണ് പൊളിറ്റിക്കല്‍ ലാബ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. എല്‍ഡിഎഫിന് 45 മുതല്‍ 46 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണിക്ക് രണ്ടു സീറ്റ് വരെ നേടിയേക്കാമെന്നും പൊളിറ്റിക്കല്‍ ലാബ് സര്‍വേ ഫലം പറയുന്നു.

Poll Predictions

ജേര്‍ണോ മിറര്‍

യുഡിഎഫ് 65 സീറ്റ് മുതല്‍ 80 സീറ്റ് വരെ നേടുമെന്നാണ് ജേര്‍ണോ മിറര്‍ സര്‍വേ ഫലം പറയുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കും. ബിജെപി- എന്‍ഡിഎ മുന്നണിക്ക് അഞ്ചു സീറ്റ് വരെ ലഭിച്ചേക്കാമെന്നും ജേര്‍ണോ മിറര്‍ സര്‍വേ ഫലം പറയുന്നു.