മാനന്തവാടി: മാനന്തവാടി-മൈസൂർ റോഡിൽ കേരള ബാങ്കിന്റെ ഈവനിംഗ് ബ്രാഞ്ചിന് താഴെയായി, അവശനിലയിലായ ഒരു വയോധികൻ മൂന്ന് ദിവസമായി ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് കഴിയുന്നു. സമീപത്തെ കച്ചവടക്കാർ ഭക്ഷണവും വെള്ളവും നൽകിയിട്ടും അദ്ദേഹം അത് കഴിക്കാനോ കുടിക്കാനോ കൂട്ടാക്കുന്നില്ല. അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
മുൻപ് മാനന്തവാടി ടൗണിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നയാളാണ് ഇദ്ദേഹമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ സ്ഥലത്ത് അവശനായി കിടക്കുകയാണ്. വയോധികന്റെ ദയനീയാവസ്ഥ കണ്ട് സമീപത്തെ കച്ചവടക്കാരും മറ്റ് നാട്ടുകാരും പലതവണ ഭക്ഷണവും വെള്ളവും എത്തിച്ചുനൽകിയെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
നാട്ടുകാർ ഈ വിവരം പോലീസിലും മാനന്തവാടി മുനിസിപ്പാലിറ്റിയിലും അറിയിച്ചിരുന്നു. ചിലർ മുനിസിപ്പാലിറ്റിയിൽ നേരിട്ടെത്തി പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അവശനായ ഈ മനുഷ്യന് എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദി എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. അടിയന്തരമായി ഇടപെടേണ്ട അധികൃതർ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും അവർ പറയുന്നു.
ഇദ്ദേഹത്തെ ഉടൻതന്നെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റണമെന്നും ആവശ്യമായ ചികിത്സയും പരിചരണവും നൽകാൻ അധികൃതർ തയ്യാറാകണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.

