12.2 C
London
Sunday, April 19, 2026

വയനാട് പുത്തുമലയില്‍ മാലിന്യവുമായി എത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു

- Advertisement -spot_img

കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ മരിച്ചതില്‍ തിരിച്ചറിയാത്തവരുടേതടക്കം മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സംസ്‌കരിച്ച പുത്തുമലയ്ക്കു സമീപം മാലിന്യവുമായി എത്തിയ രണ്ട് ലോറികള്‍(ടിപ്പര്‍) നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. ലോറികള്‍ക്കൊപ്പം ഉണ്ടായിരുന്ന ചിലരെ പോലീസ് രക്ഷപ്പെടാന്‍ അനുവദിച്ചുവെന്ന് ആരോപിച്ച് മേപ്പാടി സ്റ്റേഷനു മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ കുത്തിയിരിപ്പുസമരം നടത്തി.
ടാങ്കുകളില്‍ നിറച്ച മാലിന്യം കയറ്റിയ ലോറികളാണ് പുത്തുമലയില്‍ എത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സംഘടിച്ച് വാഹനങ്ങള്‍ തടഞ്ഞിട്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
കക്കൂസ് മാലിന്യമാണ് ടാങ്കുകളിലെന്നാണ് നാട്ടുകാരുടെ സംശയം. കടുത്ത ദുര്‍ഗന്ധമാണ് ടാങ്കുകളില്‍നിന്നു വമിക്കുന്നത്. പുത്തുമലയില്‍ സ്വകാര്യ ഭൂമിയില്‍ തള്ളാന്‍ കൊണ്ടുവന്നതാണ് മാലിന്യമെന്നാണ് നാട്ടുകാരുടെ നിഗമനം. ലോറികള്‍ എവിടെനിന്നാണ് വന്നതെന്നതില്‍ വ്യക്തതയായില്ല.
ഏരിയ സെക്രട്ടറി വി. ഹാരിസ്, കെ.കെ. സഹദ് എന്നിവരുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ മേപ്പാടി പോലീസ് സ്റ്റേഷനുമുന്നില്‍ രാത്രി തുടങ്ങിയ സമരം ഇന്നു രാവിലെയും തുടരുകയാണ്. പുത്തുമലയില്‍ മാലിന്യം തള്ളാന്‍ നടന്ന ശ്രമത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ നിര്‍ത്തണമെന്നും സിപിഎം സംസ്ഥാന സമിതിയംഗം പി. ഗഗാറിന്‍ ആവശ്യപ്പെട്ടു.
പുത്തുമലയില്‍ ലോറികള്‍ തടഞ്ഞവരില്‍ ചിലരുടെ മൊഴി ഇന്നു രാവിലെ സ്റ്റേഷനിലെത്തിയ കല്‍പ്പറ്റ ഡിവൈഎസ്പി രേഖപ്പെടുത്തി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here