കാവുംമന്ദം: പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു വേണ്ടിയും നിലവിലുള്ളവ വിപുലപ്പെടുത്തുന്നതിന് വേണ്ടിയും വിവിധ സംരംഭങ്ങളുടെ സാധ്യതകൾ, വായ്പ സൗകര്യങ്ങൾ, സബ്സിഡി സ്കീമുകൾ, വിപണന സാധ്യതകൾ തുടങ്ങിയ മേഖലകളിൽ കൃത്യമായ ദിശാബോധം നൽകുന്നതിനുവേണ്ടിയും വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ഷീബ മുല്ലപ്പള്ളി പദ്ധതി വിശദീകരണം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ വ്യവസായ വകുപ്പ് പ്രതിനിധികൾ, ബാങ്ക് പ്രതിനിധികൾ അടക്കമുള്ളവർ സംബന്ധിക്കുകയും വിവിധ പദ്ധതികളെ കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങളും സാധ്യതകളും ചർച്ച ചെയ്തു. വ്യക്തികൾ, വിവിധ സംഘങ്ങൾ, കുടുംബശ്രീ അടക്കമുള്ള കൂട്ടായ്മകൾ, വ്യാപാരികൾ, വ്യവസായികൾ, ചെറു സംരംഭങ്ങൾ നടത്തുന്നവർ അടക്കമുള്ളവർ പരിപാടിയിൽ സംബന്ധിച്ചു.
തരിയോട് ഗ്രാമപഞ്ചായത്ത് അംഗം സിബിൽ എഡ്‌വേർഡ്, അസി. സെക്രട്ടറി കെ ആർ സോമൻ, സിഡിഎസ് ചെയർപേഴ്സൺ രാധ മണിയൻ, കേരള ബാങ്ക് ബ്രാഞ്ച് മാനേജർ എം ഷാജു, കേരള ഗ്രാമീൺ ബാങ്ക് ലോൺ സെൽ മാനേജർ ജി എസ് ശ്രീദേവി, കൽപ്പറ്റ ഫെഡറൽ ബാങ്ക് മാനേജർ പി കെ രാജീവ്, വ്യവസായ വകുപ്പ് പ്രതിനിധി എൽദോസ് വിൽസൺ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീജ ആന്റണി സ്വാഗതവും വ്യവസായ വികസന എക്സിക്യൂട്ടീവ് വർഷ ബാബു നന്ദിയും പറഞ്ഞു.