ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു സന്ദര്‍ശിച്ചു. പ്രദേശങ്ങളിലെ തെരച്ചില്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. മേപ്പാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദര്‍ശിച്ചു.
ദുരിതബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീം നല്‍കുന്ന മൊബൈല്‍ ഫോണുകള്‍ മന്ത്രി വിതരണം ചെയ്തു. മേപ്പാടി ചൂരല്‍മല സ്വദേശിയായ വിദ്യാര്‍ത്ഥി അഭിനന്ദിനെ സന്ദര്‍ശിച്ച് സര്‍ക്കാരിന്റെ പിന്തുണ അറിയിച്ചു. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ആരംഭിച്ച പ്രത്യേക സെല്‍ സന്ദര്‍ശിച്ച മന്ത്രി, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സര്‍വകലാശാല പ്രതിനിധികള്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ദുരന്തത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാര നടപടികള്‍ ആലോചിക്കാനും ഭിന്നശേഷി-വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പട്ടിജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു, സ്പെഷ്യല്‍ ഓഫീസര്‍ സീറാം സാംബശിവ റാവു, കോളേജ് എജുക്കേഷന്‍ ഡയറക്ടര്‍ കെ സുധീര്‍, സാമൂഹ്യനിധി വകുപ്പ് ഡയറക്ടര്‍ എച്ച് ദിനേശ്, എന്‍.സി.സി കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ അവിജിത്ത് ദാസ്, എന്‍.എസ്.എസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. ആര്‍.എന്‍ അന്‍സര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസറും കൗണ്‍സിലിംഗ് നോഡല്‍ ഓഫീസറുമായ കെ.കെ പ്രജിത്ത്, ഒ.സി.ബി ചെയര്‍മാന്‍ അലി അബ്ദുള്ള, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, എന്‍.എസ്.എസ്, എന്‍.സി.സി എന്നിവയുടെ ജില്ലാ -മേഖലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍പങ്കെടുത്തു.