തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയില്‍ വലിയ കുപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും ദാരുണമായ ഒരു ദുരന്തമുഖത്ത് ഇത്തരം വ്യാജ പ്രചരണം നടത്തുന്നത് തീര്‍ത്തും പ്രതിലോമപരമായ കാര്യമാണ്. ഈ പ്രചരണത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള മനുഷ്യരുമുണ്ട്. അവര്‍ യാഥാര്‍ത്ഥ്യമെന്തെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ വരുന്നത്. റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്മിനിസ്‌ട്രേഷന്‍ നിര്‍വഹിക്കുന്നത്.
ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന സഹായം, വിനിയോഗിച്ച തുക, ഗുണഭോക്താക്കളുടെ വിവരങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. ദുരിതാശ്വാസ നിധിയുടെ വരവ്/ചിലവ് കണക്കുകള്‍ പരിശോധിക്കാന്‍ നിയമസഭക്ക് അധികാരവുമുണ്ട്. ഇത്രയും സുതാര്യമായ ഒരു സംവിധാനത്തെയാണ് വ്യാജപ്രചരണം നടത്തി മോശമായി ചിത്രീകരിക്കുന്നത്. സങ്കുചിതവും പ്രതിലോമപരവുമായ ഈ പ്രചരണത്തെയും നമ്മുടെ നാട് മറികടക്കുമെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു.