തിരുവനന്തപുരം: എട്ടാം ക്ലാസ് മുതല്‍ എല്ലാവരെയും ജയിപ്പിക്കുന്ന രീതി അവസാനിക്കുന്നു. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും.
ആദ്യ ഘട്ടമായി എട്ടാം ക്ലാസിലാണ് തീരുമാനം നടപ്പിലാക്കുന്നത്. മൂന്ന് അധ്യയന വര്‍ഷം കൊണ്ട് ഹൈസ്‌കൂള്‍ തലത്തിലെ എല്ലാ ക്ലാസുകളിലും സബജക്ട് മിനിമം നടപ്പാക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
ഉന്നതവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തെ കുട്ടികള്‍ പിന്നില്‍ പോകുന്നത് ഹൈസ്‌കൂള്‍ ക്ലാസുകളിലെ ഉദാരമായ മൂല്യനിര്‍ണയം കൊണ്ടാണെന്ന വിമര്‍ശനം കണക്കിലെടുത്താണ് പുതിയ തീരുമാനം. വിദ്യാഭാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ഇന്റേണല്‍ മാര്‍ക്ക് കൂടുതല്‍ നല്‍കുന്നതു മൂലവും ഓള്‍ പാസ് മൂലവും സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിഭ്യാഭ്യാസ നിലവാരം കുറയുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഒരു വിഷയത്തില്‍, എഴുത്ത് പരീക്ഷയിലും നിരന്തര മൂല്യനിര്‍ണയത്തിലുമായി 30 ശതമാനം മാര്‍ക്ക് നേടിയാല്‍ ജയിക്കാമെന്നതാണ് നിലവിലുളള രീതി. എല്ലാവരെയും ജയിപ്പിക്കുന്ന ഈ രീതി അവസാനിപ്പിക്കുകയാണ്. ഇനി മുതല്‍ ഒരോ വിഷയത്തിലെയും എഴുത്ത് പരീക്ഷയിലും കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് നേടിയാലെ ജയിക്കാനാവൂ.