ന്യൂഡല്‍ഹി: വാദം പൂര്‍ത്തിയായി ഏറെ നാളായിട്ടും ഹൈക്കോടതി കേസില്‍ വിധി പറയുന്നില്ലെന്നു ചൂണ്ടിക്കാട്ടി, അനധികൃത സ്വത്തു കേസില്‍ അറസ്റ്റിലായ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഫെബ്രുവരി 28ന് കേസില്‍ വാദം പൂര്‍ത്തിയായതാണെന്നും എന്നാല്‍ ഹൈക്കോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
സ്വത്തു കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്താണ് സോറന്‍ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചോദ്യം ചെയ്ത് ഫെബ്രുവരി രണ്ടിനു സുപ്രീം കോടതിയെ സമീപിച്ചിരുന്നെന്നും എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍ദേശിച്ചതെന്നും സോറനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് ഫെബ്രുവരി നാലിനു തന്നെ ഹര്‍ജി നല്‍കി. ഫെബ്രുവരി 27, 28 തീയതികളില്‍ അന്തിമ വാദം നടന്നു. എന്നാല്‍ ഇതുവരെ വിധി വന്നിട്ടില്ലെന്ന് സിബല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ സോറന്‍ ഇപ്പോഴും അകത്താണ്. തെരഞ്ഞെടുപ്പു തീരാറായി. ഇനിയും ആരെയാണ് സമീപിക്കേണ്ടതെന്ന്, ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിനോട് സിബല്‍ ചോദിച്ചു. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടു. ഇന്നോ നാളെയോ ഹര്‍ജി പരിഗണിക്കുന്ന ദിവസം അറിയിക്കാമെന്ന ജസ്റ്റിസ് ഖന്ന അറിയിച്ചു.