15.8 C
London
Wednesday, April 22, 2026

ഹ്യൂംസ് ബാലശാസ്ത്ര കോൺഗ്രസ്സമാപിച്ചു; കുട്ടിശാസ്ത്രജ്ഞരുടെ നിറസാന്നിധ്യം.

- Advertisement -spot_img

കല്പറ്റ :ശാസ്ത്രത്തെ ആഘോഷമാക്കുക, കുട്ടികളെ ഗവേഷണങ്ങൾ നടത്താൻ പ്രാപ്തരക്കുക എന്ന ലക്ഷ്യവുമായി കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, പൂക്കോട്ട് വച്ച് നടന്ന മൂന്നാമത് ഹ്യൂംസ് ബാലശാസ്ത്ര കോൺഗ്രസിന് തിരശീല വീണു. വയനാട്ടിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 34 കുട്ടി ഗവേഷകർ അവതരിപ്പിച്ച 17 ശാസ്ത്രീയ പഠനങ്ങൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

ആന-മനുഷ്യ സമ്പർക്ക മേഖലകളിലെ ജീവിതമുറകൾ മുതൽ, പൂക്കളിലെ സ്വാഭാവിക വർണ്ണകങ്ങളുടെ രഹസ്യം, ഹിബിസ്കസ് പൂക്കളിൽ പരാഗണകാരികളെ സ്വാധീനിക്കുന്ന ഘടകങ്ങൾ, പ്രാദേശിക ഭക്ഷ്യയോഗ്യമായ കാട്ടുചെടികൾ, മുണ്ടക്കൈ ഉരുൾപൊട്ടലിന് ശേഷമുള്ള ഭൂവിനിയോഗ മാറ്റങ്ങൾ, പക്ഷിവൈവിധ്യവും തീറ്രീതികളും, മേഘങ്ങളും മഴയും തമ്മിലുള്ള ബന്ധം, പണിയ വിഭാഗത്തിന്റെ വനവിഭവ ഉപയോഗം, ചുരൽമലയിൽ ടൂറിസം കൊണ്ടുവന്ന മാറ്റങ്ങൾ, ഗാർഹിക മാലിന്യ സംസ്കരണത്തിലെ വിടവുകൾ… ഇങ്ങനെ പ്രകൃതിയും പരിസ്ഥിതിയും സമൂഹവും കാലാവസ്ഥയും ചേർന്ന വിവിധ വിഷയങ്ങളിൽ കുട്ടികൾ നടത്തിയ നിരീക്ഷണങ്ങളും പഠനങ്ങളും പ്രേക്ഷകരെ അമ്പരപ്പിച്ചു.

പ്രബന്ധാവതരണങ്ങൾക്ക് പുറമേ, ഏർത് വാക്സ്’ (ഭൂമിയുടെ കഥ), ‘നമ്മുടെ കണ്ണുകൾ’, ‘എവരിതിംഗ് വൈബ്രേറ്റസ് ’ (കമ്പനങ്ങളുടെ ശാസ്ത്രം), ‘ജീവന്റെ തുടർച്ച’, ‘നമ്മുടെ ശരീരം’, തുടങ്ങിയ ഇന്ററാക്ടീവ് പ്രദർശനങ്ങളും ശിൽപ്പശാലകളും കുട്ടികൾക്ക് പുതുമയേകി. പശ്ചിമഘട്ടത്തിലെ ആകാശദ്വീപിലെ പക്ഷികളെക്കുറിച്ചുള്ള നാടകങ്ങളുടെ
പ്രദർശനവും, എൻ.വി. കൃഷ്ണന്റെയും ഫോട്ടോ പ്രദർശനവും ശാസ്ത്രകലാ സമ്മേളനത്തിന് മാറ്റുകൂട്ടി.

ദേവന വിധു അധ്യക്ഷയായ സമാപനച്ചടങ്ങിൽ എസ്.കെ.എം.ജെ സ്കൂൾ, കൽപ്പറ്റയിൽ നിന്നുള്ള നേഗ എസ്. നായർ സ്വാഗതവും, , ഹേമന്ത് ചന്ദ്രൻ, ഫായിസ്, മുഹമ്മദ് അസീ എന്നിവർ അനുഭവങ്ങളും പങ്കുവെച്ചു . ഡോ. സുമ ടി.ആർ. (പ്രോഗ്രാം & റിസർച്ച് ഡയറക്ടർ, ഹ്യൂം സെന്റർ)പരിപാടി ഉപസംഹരിച്ചു. ജി.എം.എച്ച്.എസ്.എസ്. വെള്ളമുണ്ടയിലെ നിവേദ്യ സിനു നന്ദി പറഞ്ഞു.

രണ്ടുദിവസങ്ങളിലായി നടന്ന ഈ ശാസ്ത്രോത്സവത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ശാസ്ത്രം ഒരു പാഠപുസ്തക വിഷയം മാത്രമല്ല, ജീവിതത്തോട് ചേർന്നുനിൽക്കുന്ന ആവേശകരമായ അനുഭവമാണെന്ന് ഈ മേള തെളിയിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here