തൃശൂർ: പൂരാവേശത്തിലേക്ക് തൃശൂർ ഉണരാനിരിക്കെ നാടിനെ നടുക്കിയ വൻ സ്ഫോടനത്തിൽ അഞ്ച് മരണം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന പുരയിലാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാൽ മരണനിരക്ക് ഇനിയും ഉയർന്നേക്കും.പൊട്ടിത്തെറി തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‍കരമായിരിക്കുകയാണ്.
അപകടസമയത്ത് പുരയ്ക്കുള്ളിലുണ്ടായിരുന്ന തൊഴിലാളികൾക്കാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൽ പൊള്ളലേറ്റവരിൽ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ടിനായി തയാറാക്കിവെച്ച അമിട്ടുകളും ഗുണ്ടുകളും ഉൾപ്പെടെയുള്ള സാമഗ്രികളാണ് സ്ഫോടനത്തിൽ കത്തിയത്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ വെടിക്കെട്ട് പുര പൂർണ്ണമായും തകർന്നു വീണു. കിലോമീറ്ററുകൾ ദൂരേക്ക് സ്ഫോടനത്തിന്റെ മുഴക്കം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

