10.7 C
London
Tuesday, April 21, 2026

105 കോടി എവിടെ?, വിജയിനോട് ഹൈക്കോടതി; ആദായ നികുതി വകുപ്പിന് നോട്ടീസ്

- Advertisement -spot_img

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയിന്റെ നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തു വിവരത്തില്‍ 105 കോടിയുടെ വ്യത്യാസം വന്നതില്‍ പൊരുത്തക്കേടുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ആദായ നികുതി വകുപ്പിനോട് വിഷയത്തില്‍ കോടതി വിശദീകരണം തേടി നോട്ടീസ് അയച്ചു.

ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സ് (ഇന്‍വെസ്റ്റിഗേഷന്‍)- നോടാണ് റിപ്പോര്‍ട്ട് തേടിയത്. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിയമസഭ തെരഞ്ഞെടുപ്പില്‍ പെരമ്പൂര്‍, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലൊന്നില്‍ 100 കോടി രൂപ വെളിപ്പെടുത്താത്തത് ക്രമക്കേടാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

ചെന്നൈയിലെ പെരമ്പൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടറായ വി വിഘ്നേഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മ്മാധികാരിയും ജസ്റ്റിസ് ജി അരുള്‍ മുരുഗനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ആദായ നികുതി വകുപ്പിന് പുറമെ, പെരമ്പൂര്‍, തിരുച്ചിറപ്പള്ളി മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസര്‍മാരോടാണ് വിശദീകരണം തേടിയത്.

പെരമ്പൂരില്‍ നല്‍കിയ രേഖകളില്‍ വിജയിന് 115 കോടിയുടെ സ്വത്താണുള്ളത്. എന്നാല്‍ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍ നല്‍കിയ രേഖയില്‍ 220 കോടിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ഥാനാര്‍ത്ഥിയുടെ സ്വത്തുക്കളുടെ ശരിയായ വിവരങ്ങള്‍ അറിയാനുള്ള മൗലികാവകാശം വോട്ടറായ തനിക്കുണ്ടെന്നും, അതിനാല്‍ പോളിങ് ദിവസമായ ഏപ്രില്‍ 23 ന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here