വാഷിങ്ടണ്‍: ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി 30 ദിവസത്തേക്ക് കൂടി നീട്ടി അമേരിക്ക. 2026 മേയ് 16 വരെ രാജ്യങ്ങള്‍ക്ക് ഉപരോധം ഭയപ്പെടാതെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാമെന്ന് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
റഷ്യന്‍ ഇറക്കുമതി ഉപരോധത്തില്‍ മാര്‍ച്ച് മുതല്‍ അമേരിക്ക അനുവദിച്ച ഇളവുകള്‍ നീട്ടുകയില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി ബെസ്സന്റ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ അറിയിപ്പുണ്ടായിരിക്കുന്നത്. റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ ആശ്വാസമാണ് നല്‍കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തില്‍, കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് എണ്ണ ലഭിക്കുന്നത് തുടരുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്താകും. ഇതിനകം തന്നെ ഏകദേശം 30 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയ്ക്കായി ഇന്ത്യ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏപ്രില്‍ 17-ന് മുമ്പ് കപ്പലുകളില്‍ കയറ്റിയ എണ്ണയ്ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമാണ് ഇളവ് ബാധകമാകുന്നത്. ഇറാന്‍, ക്യൂബ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുമായുള്ള എണ്ണ ഇടപാടുകള്‍ക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് യുഎസ് ട്രഷറി വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ആഗോള ഊര്‍ജ്ജ വിതരണത്തെ ബാധിക്കാതിരിക്കാനും വിലക്കയറ്റം തടയാനുമാണ് അമേരിക്കയുടെ ഈ നീക്കം

