പനമരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന് കീഴിലുള്ള തിരെഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായ സ്വീപ്പ് (SVEEP) സംഘടിപ്പിച്ച ‘എന്റെ വോട്ട് എന്റെ ശബ്ദം’ ബൈക്ക് റാലിക്ക് പനമരത്ത് ആവേശകരമായ സ്വീകരണം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റൈഡർമാർ നയിച്ച റാലിക്ക് പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (SPC) നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.
തിരഞ്ഞെടുപ്പിൽ പരമാവധി ആളുകളെ വോട്ട് ചെയ്യിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. പനമരം ടൗണിൽ നടന്ന സ്വീകരണ ചടങ്ങിൽ മാനന്തവാടി തഹസിൽദാർ പ്രിയ എൻ പരിപാടി ഉദ്ഘാടനം ചെയ്തു. വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ജനങ്ങൾക്ക് സന്ദേശം നൽകി. ഹാരിസ് നെന്മേനി. നവാസ് ടി തുടങ്ങിയവർ പങ്കെടുത്തു.

