12.9 C
London
Monday, April 20, 2026

ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കയില്‍ ‘നോ കിങ്സ്’ ജനകീയ പ്രതിഷേധം; അണിനിരന്ന് ദശലക്ഷങ്ങള്‍

- Advertisement -spot_img

വാഷിങ്ടണ്‍: ഇറാനിലെ യുദ്ധത്തിനും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികള്‍ക്കുമെതിരെ അമേരിക്കയില്‍ വന്‍ ജനകീയ പ്രതിഷേധം. അമേരിക്കയിലുടനീളം സംഘടിപ്പിക്കപ്പെട്ട ‘നോ കിങ്സ്’ പ്രതിഷേധ റാലികളില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. യുഎസിലെ മൂവായിരത്തോളം കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്. മിനസോട്ട കേന്ദ്രമായി നടന്ന പ്രതിഷേധത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

മിനസോട്ട കാപ്പിറ്റോളിന്റെ പുല്‍ത്തകിടിയിലും സെന്റ് പോള്‍സ് റോഡിലുമായി ജനക്കൂട്ടം തോളോട് തോള്‍ ചേര്‍ന്ന് നിന്നു. ചിലര്‍ യുഎസ് പതാക തലകീഴായി പിടിച്ചായിരുന്നു പ്രതിഷേധിച്ചത്. ‘സ്ട്രീറ്റ്‌സ് ഓഫ് മിനിയാപൊളിസ്’ അവതരിപ്പിച്ച ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ ആയിരുന്നു മുഖ്യാതിഥി. ഫെഡറല്‍ പൊലീസ് വെടിവച്ചുകൊന്ന റെനി ഗുഡിനെ, അലക്‌സ് പ്രെറ്റി എന്നിവര്‍ക്കുള്ള ആദരവായും, ട്രംപ് ഭരണകൂടത്തിന്റെ ആക്രമണാത്മക അധിനിവേശത്തിനുമെതിരായിട്ടായിരുന്നു ഗാനം.

8.5 ദശലക്ഷം നിവാസികളുള്ള ന്യൂയോര്‍ക്ക് നഗരത്തിലും, 2024 ല്‍ ട്രംപ് 66 ശതമാനം വോട്ട് നേടിയ കിഴക്കന്‍ ഇഡാഹോയിലെ 2,000 ല്‍ താഴെ ജനസംഖ്യയുള്ള ഡ്രിഗ്‌സ് വരെ ‘നോ കിങ്സ്’ പ്രതിഷേധ റാലി നടന്നു. അമേരിക്കക്ക് പുറമേ, വിദേശത്ത് താമസിക്കുന്ന അമേരിക്കക്കാര്‍ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചിരുന്നു.

അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനില്‍ നടത്തുന്ന സൈനിക നടപടികള്‍ക്കെതിരായിരുന്നു പ്രതിഷേധം. ഒരു രാജാവിനെപ്പോലെയുള്ള ഏകാധിപത്യ ഭരണരീതികള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായാണ് ‘നോ കിങ്സ്’ മുദ്രാവാക്യം ഉയര്‍ത്തി അമേരിക്കന്‍ ജനത തെരുവിലിറങ്ങിയത്. ജനാധിപത്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഗാ റാലികൾ സംഘടിപ്പിക്കപ്പെട്ടത്. കുടിയേറ്റ വിരുദ്ധ നയങ്ങളും ICE റെയ്ഡുകളും അമേരിക്കയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here