13.9 C
London
Monday, April 20, 2026

ടി സിദ്ദിഖിന്റെ പഞ്ചായത്ത് പര്യടനം ആരംഭിച്ചു

- Advertisement -spot_img

കല്‍പറ്റ: കല്‍പറ്റ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പഞ്ചായത്തു തല പര്യടന പരിപാടികള്‍ക്ക് മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ആനപ്പാറയില്‍ തുടക്കമായി. രാവിലെ കോട്ടത്തറ മാടക്കുന്നിലെത്തിയ സിദ്ദിഖ് നാട്ടുകാരോട് വോട്ടഭ്യര്‍ഥിച്ച ശേഷമായിരുന്നു പര്യടന പരിപാടിയുടെ ഉദ്ഘാടനം നടക്കുന്ന മേപ്പാടി ആനപ്പാറയിലെത്തിയത്. രാവിലെ 9 മണിക്ക് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു പതിറ്റാണ്ടുകാലം ഭരിച്ചിട്ടും വയനാട്ടില്‍ സര്‍ക്കാരിന്റെ സ്വന്തമെന്ന് അടയാളപ്പെടുന്ന രീതിയില്‍ എന്തുപദ്ധതിയാണ് ഇടതുസര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് അഡ്വ. ടി ജെ ഐസക് ചോദിച്ചു. ഇടതുദുര്‍ഭരണത്തില്‍ എല്ലാ മേഖലകളും തകര്‍ന്നടിഞ്ഞു. ആരോഗ്യമേഖല കുത്തഴിഞ്ഞ അവസ്ഥയായി. ആയിരങ്ങള്‍ക്ക് ആശ്വാസമായിരുന്ന കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ ഫണ്ട് വെട്ടിക്കുറയ്ക്കുന്ന നടപടിയാണ് കേന്ദ്ര-കേരള-സര്‍ക്കാരുകള്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനചടങ്ങിന് ശേഷം ആദ്യ പര്യടന കേന്ദ്രമായ ആനപ്പാറയിലെ വോട്ടർമാരെ നേരില്‍ കണ്ട് സിദ്ദിഖ് വോട്ടഭ്യര്‍ഥിച്ചു.
ആനപ്പാറയില്‍ നിന്ന് അടുത്ത സ്വീകരണ കേന്ദ്രമായ ഓടത്തോടേക്കായിരുന്നു യാത്ര. നിരവധി പേരാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കുന്നതിനായി കാത്തുനിന്നിരുന്നത്. യുവാക്കള്‍ ഉള്‍പ്പെടെ ഷാളണിയിച്ചാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്. ഓടത്തോടുള്ള വ്യാപാര സ്ഥാപനങ്ങളിലും വാഹനങ്ങളില്‍ പോകുന്നവരുടെയും, സ്വകാര്യബസിലും വരെയെത്തി വോട്ടഭ്യര്‍ഥിച്ച ശേഷമാണ് സിദ്ദിഖ് അടുത്ത പര്യടന കേന്ദ്രമായ കുന്നമ്പറ്റയിലേക്ക് പോയത്. കുന്നമ്പറ്റയിലെ കടകളിലും ഹോട്ടലുകളിലും ടൗണിന് സമീപത്തുള്ള വീടുകളിലുമെത്തി വോട്ടഭ്യര്‍ഥിച്ച സിദ്ദിഖ് അങ്കണവാടിയിലും ബസ് യാത്രക്കാരുടെയുമെല്ലാം അരികിലെത്തി പിന്തുണ അഭ്യര്‍ഥിച്ചു.
ജില്ലയിലെയും മണ്ഡലത്തിലെയും പല വികസനപദ്ധതികള്‍ക്കും വിഘാതമായത് സഹായിക്കാനും പിന്തുണക്കാനും ഒരു സര്‍ക്കാരില്ല എന്നുള്ളതായിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സര്‍വമേഖലകളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടനാട്, കാപ്പംകൊല്ലി, കോട്ടവയല്‍, മാനിവയല്‍, ചെമ്പോത്തറ, കുന്നമംഗലംവയല്‍, എരുമക്കൊല്ലി, ചൂരല്‍മല, ഏലവയല്‍, കള്ളാടി, താഞ്ഞിലോട്, നെല്ലിമുണ്ട, അരപ്പറ്റ, തിനപുരം, റിപ്പണ്‍ പുതുക്കാട്, നെടുങ്കരണ, ആപ്പാളം, കടച്ചിക്കുന്ന്, വട്ടത്തുവയല്‍, ചെല്ലങ്കോട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വടുവഞ്ചാലിലായിരുന്നു അദ്യദിവസത്തെ പഞ്ചായത്ത് പര്യടനപരിപാടികളുടെ സമാപനം.

ശനിയാഴ്ച മുട്ടില്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലാണ് സ്ഥാനാര്‍ഥിയുടെ പര്യടനം. ആനപ്പാറയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ മേപ്പാടി പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ പി കെ അഷ്‌റഫ് അധ്യക്ഷനായിരുന്നു. സലീംമേമന, പി പി ആലി, ബി സുരേഷ്ബാബു, ടി ഹംസ, പോള്‍സണ്‍ കൂവക്കല്‍, ബിനുതോമസ്, രാജു ഹെജമാടി, വി എ മജീദ്, ടി നാസര്‍, രാംകുമാര്‍, റോയി, ഷംസുദ്ദീന്‍ കുന്നമ്പറ്റ, ഇ വി അബ്രഹാം, എം പി നവാസ്, ശിഹാബ് തുടങ്ങിയ നിരവധി നേതാക്കള്‍ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here