5 C
London
Monday, April 20, 2026

കല്‍പ്പറ്റയില്‍ പ്രചാരണം കൊഴുക്കുന്നു; വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ തന്ത്രങ്ങള്‍ പയറ്റി മുന്നണികള്‍

- Advertisement -spot_img

കല്‍പ്പറ്റ: 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ 5,470 വോട്ടായിരുന്നു യുഡിഎഫിന്റെ ഭൂരിപക്ഷം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലം പരിധിയില്‍ ഐക്യമുന്നണി ഇടതുമുന്നണിയേക്കാള്‍ 10,682 വോട്ട് അധികം നേടി. അതിനാല്‍ത്തന്നെ മണ്ഡലത്തില്‍ ജനവിധി തേടുന്ന സിറ്റിംഗ് എംഎല്‍എ ടി. സിദ്ദിഖ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇക്കുറി 10,000 വോട്ടില്‍ കുറയാത്ത ഭൂരിപക്ഷമാണ് അദ്ദേഹവും യുഡിഎഫ് പ്രവര്‍ത്തകരും കണക്കുകൂട്ടുന്നത്. എന്നാല്‍ നിയമസഭയിലേക്ക് കന്നി അങ്കം കുറിച്ച ആര്‍ജെഡിയിലെ പി.കെ. അനില്‍കുമാറും ബിജെപിയിലെ പ്രശാന്ത് മലവയലും ഉറച്ച ചുവടുകളോടെയാണ് നീങ്ങുന്നത്. മണ്ഡലം പിടിക്കണമെന്ന വാശിയിലാണ് ഇടതുപക്ഷം. മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കണമെന്ന ദൃഢനിശ്ചയത്തിലാണ് എന്‍ഡിഎ. സിപിഐ(എംഎല്‍)റെഡ്സ്റ്റാര്‍-കെ.വി. പ്രകാശന്‍, എഎപി-സി.എ. റഫീഖ്, സിപിഐ(എംഎല്‍)-എം. രാധാകൃഷ്ണന്‍, എസ്ഡിപിഐ-ഹംസ എന്നീ പാര്‍ട്ടികളും മത്സര രംഗത്തുണ്ട്.
വോട്ടെടുപ്പ് ഏപ്രില്‍ ഒമ്പതിന് നടക്കാനിരിക്കേ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. മുന്നണി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വിശ്രമത്തിന് അധികം സമയം മാറ്റിവയ്ക്കാതെയാണ് വോട്ടര്‍മാരിലേക്ക് ഇറങ്ങുന്നത്. നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ നടത്തിയ എല്‍ഡിഎഫും യുഡിഎഫും താഴ്ത്തട്ടില്‍ പ്രചാരണം ഊര്‍ജിതമാക്കി. എന്‍ഡിഎ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്നലെ കല്‍പ്പറ്റ ചന്ദ്രിഗിരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. സ്ഥാനാര്‍ഥി പങ്കെടുക്കുന്ന കുടുംബയോഗങ്ങള്‍ നടത്തിവരികയാണ് എന്‍ഡിഎ.

കല്‍പ്പറ്റ നഗരസഭയും മുട്ടില്‍, കോട്ടത്തറ, തരിയോട്, മൂപ്പൈനാട്, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മേപ്പാടി, പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കല്‍പ്പറ്റ നിയോജകമണ്ഡലം. തോട്ടം തൊഴിലാളികള്‍ നിര്‍ണായക ശക്തിയാണ് മണ്ഡലത്തില്‍. ഇടത്, വലത് മുന്നണികളും എന്‍ഡിഎയും

തോട്ടം മേഖലകളില്‍ പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. പുഞ്ചരിമട്ടം ഉരുള്‍ ദുരന്തം, ടൗണ്‍ഷിപ് നിര്‍മാണം, കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണം, വനഭൂമി വിട്ടുകിട്ടാത്തതുമൂലം അവതാളത്തിലായ പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് പ്രവൃത്തി, താമരശേരി ചുരത്തില്‍ ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്ക്, തോട്ടം തൊഴിലാളി പ്രശ്‌നങ്ങള്‍ എന്നിവ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്.

ബി. വെല്ലിംഗ്ടണ്‍(സ്വതന്ത്രന്‍-1960-65, 1967-1970), പി. സിറിയക് ജോണ്‍(കോണ്‍ഗ്രസ്-1970-1977), കെ.ജി. അടിയോടി(കോണ്‍ഗ്രസ്-1977-1980), എം. കമലം(ജനതാ പാര്‍ട്ടി-1980-1982, 1982-1987), എം.പി. വീരേന്ദ്രകുമാര്‍(ജനതാ പാര്‍ട്ടി-1987-1991), കെ.കെ. രാമചന്ദ്രന്‍(കോണ്‍ഗ്രസ്-1991-1996, 1996-2001, 2001-2006), എം.വി. ശ്രേയാംസ്‌കുമാര്‍(സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി(2006-2011, 2011-2016), സി.കെ. ശശീന്ദ്രന്‍(2016-2021)എന്നിവര്‍ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തവരാണ്.

2011ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലായിരുന്ന എം.വി. ശ്രേയാംസ്‌കുമാര്‍ 18,169 വോട്ട് ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ പി.എ. മുഹമ്മദിനെ തോല്‍പ്പിച്ചത്. ഇതേ മണ്ഡലത്തിലാണ് 2016ല്‍ സിപിഎമ്മിലെ സി.കെ. ശശീന്ദ്രന്‍ 13,083 വോട്ടിനു ശ്രേയാംസ്‌കുമാറിനെ വീഴ്ത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജ്യസഭാംഗവുമായ എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാറിനെയാണ് സിദ്ദിഖ് നേരിട്ടത്. പോള്‍ ചെയ്തതില്‍ 70,252 വോട്ട് സിദ്ദിഖിനു ലഭിച്ചു. ശ്രേയാംസ്‌കുമാറിനു 64,782 വോട്ടാണ് നേടാനായത്.

2011ല്‍ മണ്ഡലത്തില്‍ ബിജെപിയിലെ പി.ജി. ആനന്ദ്കുമാറിന് 6580 വോട്ടാണ് ലഭിച്ചത്. 2016ല്‍ കെ. സദാനന്ദനിലൂടെ വോട്ട് എണ്ണം 12,938 ആയി ബിജെപി ഉയര്‍ത്തി. 2021ല്‍ മണ്ഡലത്തില്‍ ബിജെപിയിലെ ടി.എം. സുബീഷായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. 14,113 വോട്ടാണ് ലഭിച്ചത്. ഇക്കുറി പാര്‍ട്ടി ജില്ലാ പ്രസിഡന്റാണ് മത്സരരംഗത്ത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധിക്കു 1,01,229 വോട്ടാണ് ലഭിച്ചത്. 37,475 വോട്ടാണ് എല്‍ഡിഎഫിനു നേടാനായത്. 2024 തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി 88,786 വോട്ട് കരസ്ഥമാക്കി. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സിപിഐയിലെ ആനി രാജയ്ക്ക് 39,129 വോട്ട് ലഭിച്ചു. ബിജെപിയിലെ കെ. സുരേന്ദ്രന് 24,431 വോട്ടാണ് കിട്ടിയത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പ്രിയങ്ക ഗാന്ധിക്ക് 86,466 ഉം സിപിഐയിലെ സത്യന്‍ മൊകേരിക്ക് 24,431 ഉം ബിജെപിയിലെ നവ്യ ഹരിദാസിന് 19,099 ഉം വോട്ടാണ് ലഭിച്ചത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here