5.2 C
London
Monday, April 20, 2026

മാനന്തവാടിയിൽ കളം നിറഞ്ഞ് യു.ഡി.എഫ്; അങ്കത്തട്ടിൽ ആത്മവിശ്വാസത്തോടെ കൈപ്പത്തി

- Advertisement -spot_img

നിയമസഭ തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ വയനാടിന്റെ രാഷ്ട്രീയ ഹൃദയമായ മാനന്തവാടിയിൽ ഇക്കുറി പോരാട്ടം കനക്കുകയാണ്. പരമ്പരാഗതമായി യു.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ, കഴിഞ്ഞ കുറച്ചു കാലമായി നഷ്ടപ്പെട്ട ആധിപത്യം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് മുന്നണി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, സമീപകാലത്ത് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയങ്ങൾ പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തോടെ യു ഡി എഫ് പ്രവർത്തകർ മാനന്തവാടി ടൗണിൽ നടത്തിയ റോഡ് ഷോ മാനന്തവാടി മണ്ഡലത്തിലെ മാറ്റത്തിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്കു കൂട്ടുന്നു.

മാനന്തവാടി (പഴയ വടക്കേ വയനാട്) മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാൽ യു.ഡി.എഫിന് വ്യക്തമായ മേൽക്കൈ കാണാൻ സാധിക്കും. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഉറച്ച കോട്ടയായിരുന്ന ഇവിടെ നിരവധി തവണ യു.ഡി.എഫ് പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1970 മുതൽ 1982 വരെ തുടർച്ചയായി നാല് തവണ കോൺഗ്രസ്സിലെ എം.വി. രാജൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987, 1991 വർഷങ്ങളിൽ മണ്ഡലത്തിൽ കോൺഗ്രസ്സിലെ കെ. രാഘവൻ മാസ്റ്റർ വിജയിച്ചു. 1996 ലും 2001 ലും രാധാ രാഘവനിലൂടെ യു.ഡി. എഫ് സീറ്റ് നിലനിർത്തി. 2011-ൽ മണ്ഡലത്തിലെ ആദ്യ വനിതാ എം.എൽ.എയും മന്ത്രിയുമായി പി.കെ. ജയലക്ഷ്മി ചരിത്രം കുറിച്ചു.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ (2016, 2021) നേരിയ വോട്ടുകൾക്ക് സീറ്റ് കൈവിട്ടെങ്കിലും, വോട്ട് വിഹിതത്തിൽ മാനന്തവാടിയിൽ യു.ഡി.എഫ് ഇപ്പോഴും ശക്തമായ സാന്നിധ്യമാണ്.

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ യു.ഡി.എഫിന്റെ ഏറ്റവും വലിയ കരുത്ത് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ മിന്നും വിജയമാണ്. എൽ.ഡി.എഫിന്റെ ഭരണവിരുദ്ധ വികാരവും യു.ഡി.എഫിന്റെ സംഘടനാ കരുത്തും പ്രതിഫലിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. ഭൂരിപക്ഷം വർദ്ധിപ്പിച്ചുകൊണ്ട് തദ്ദേശ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് നടത്തിയ മുന്നേറ്റം വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ 12 ൽ 10 ഉം യു ഡി എഫാണ് വിജയിച്ചത്. മണ്ഡലത്തിലെ ഏക നഗരസഭ യു ഡി എഫ് മിന്നും ജയത്തോടെയാണ് അധികാരത്തിലെത്തിയത്, കൂടാതെ പനമരം, തവിഞ്ഞാൽ, തൊണ്ടർനാട്, വെള്ളമുണ്ട, പനമരം പഞ്ചാത്തുകൾ ഇന്ന് യു ഡി എഫ് കൈകളിലാണ്. ഇതെല്ലം യു ഡി എഫ് നു മേൽക്കൈ നൽകുന്ന ഘടകമാണ്.

വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മാനന്തവാടിയിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലഭിച്ച വൻ ഭൂരിപക്ഷവും യു.ഡി.എഫിന് അനുകൂലമായ ഘടകമാണ്. വികസന മുരടിപ്പും കാർഷിക മേഖലയിലെ പ്രതിസന്ധികളും ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് ഇക്കുറി വോട്ട് തേടുന്നത്.
തദ്ദേശ ഭരണതലത്തിലുള്ള കരുത്തും മുൻകാലങ്ങളിലെ വിജയചരിത്രവും കൂട്ടിയിണക്കി മാനന്തവാടിയെ വീണ്ടും “നീലക്കടലാക്കി” മാറ്റാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. പോരാട്ടം കടുക്കുമ്പോൾ വിജയം കൈപ്പിടിയിലൊതുക്കാമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി നേതൃത്വം.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here