മാനന്തവാടി പഞ്ചായത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡണ്ടും പിന്നീട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയിരുന്ന മാവറ വർക്കിയുടെ (വർക്കിച്ചേട്ടൻ ) ഓർമ്മക്കുറിപ്പുകൾ ‘കബനി വീണ്ടും ഒഴുകുന്നു ‘ എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ്മന്ത്രി ഒ.ആർ. കേളു പ്രകാശനം ചെയ്തു. മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ നഗരസഭാ അദ്ധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഉനൈസ് ആദ്യ പ്രതി ഏറ്റുവാങ്ങി വർക്കിച്ചേട്ടന്റെ സഹപാഠി ഡോ.ടി.വി. സുരേന്ദ്രന് കൈമാറി പ്രഥമ വിപണനം നടത്തി. ഗ്രന്ഥകാരനും പ്രഭാഷകനുമായ ഒ.കെ.ജോണിയുടെ സാംസ്ക്കാരിക പ്രഭാഷണത്തെത്തുടർന്ന് പി.സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. ജീവിതാന്തരം ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് സമർപ്പിച്ച വർക്കിച്ചേട്ടനെയും പത്നി ക്ലാരച്ചേച്ചിയേയും പൊന്നാടയണിയിച്ചും ഉപഹാരം നല്കിയും ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ, ഡോ.കെ. രമേശൻ, മുൻ നഗരസഭാദ്ധ്യക്ഷ സി.കെ. രത്നവല്ലി, സുവർണ്ണകർണാടക കേരള സമാജം ജോ.സെക്രട്ടറി കെ.ജയേന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ.എ. ഗോകുൽദേവ് സ്വാഗതവും സ്പന്ദനം മാനന്തവാടി സെക്രട്ടറി ജോൺ പി.സി. നന്ദിയും പറഞ്ഞു. മാനന്തവാടിയിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ സ്പന്ദനം ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം വിറ്റു കിട്ടുന്ന പണം പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുമെന്ന് സ്പന്ദനം പ്രസിഡണ്ട് ബാബു ഫിലിപ്പ് കുടക്കച്ചിറ വേദിയിൽ അറിയിച്ചു. പുസ്തകത്തിന്റെ എഡിറ്റിംഗ്, ലേ ഔട്ട്,അച്ചടി എന്നിവ ഏറ്റവും മികച്ച രീതിയിൽ നിർവ്വഹിച്ച നിയതം മേപ്പാടിയുടെ പ്രൊപ്പൈറ്റർമാരായ ജിജോ സോജാ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

