18.2 C
London
Thursday, April 23, 2026

വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരവും വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും സർക്കാർ ലക്ഷ്യം: മന്ത്രി ഒ. ആർ കേളു

- Advertisement -spot_img

വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരവും വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. കരിമ്പിൽ ഗവ.എൽ. പി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥികൾ മാതൃഭാഷയായ മലയാളം നിർബന്ധമായും ശരിയായി വായിക്കാനും എഴുതാനും അഭ്യസിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. പത്താം ക്ലാസ്സിന് ശേഷം പഠനത്തിൽ കൊഴിഞ്ഞു പോക്ക് വർദ്ധിക്കുന്നതിന് പ്രധാന കാരണം ഭാഷാ പരിജ്ഞാനത്തിന്റെ കുറവാണ്. ഭാഷയിൽ വ്യക്തതയില്ലായ്മ വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെയും തുടർപഠന സാധ്യതകളെയും ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവും പ്രാഗൽഭ്യവുമുള്ള തലമുറ വളർന്നു വരുന്നതിനായി വിദ്യാർത്ഥികളുടെ കഴിവുകളും താൽപര്യങ്ങളും ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപെട്ടു. 83.50 ലക്ഷം രൂപ ചിലവിലാണ് കരിമ്പിൽ ഗവ. എൽ. പി സ്കൂളിൽ പുതിയ കെട്ടിടം നിർമാണം പൂർത്തീകരിച്ചത്. 262.44 ചതുരശ്ര മീറ്റർ വിസ്‌തീർണത്തിൽ രണ്ട് നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ നാല് ക്ലാസ് മുറികൾ, വരാന്ത, റാമ്പ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ മേൽ നോട്ടത്തിൽ കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ പ്രവർത്തികളും പൂർത്തീകരിച്ചു.
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്. എം പ്രമോദ് അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മൊയിൻ, തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഷിന്റോ കല്ലിങ്കൽ, ഷബീറ മൊയ്തു, ഗ്രാമപഞ്ചായത്ത് അംഗം ഗീത ബാബു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുള്ള കേളോത്ത്, എക്സിക്യൂട്ടീവ് എൻജിനീയർ എൻ. ശ്രീജിത്ത്‌, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here