8.2 C
London
Wednesday, April 29, 2026

അടുപ്പുവെട്ട് രാവിലെ 9.45 ന്, ഇന്ന് ചന്ദ്രഗ്രഹണം; പൊങ്കാല ചടങ്ങുകള്‍ ഇങ്ങനെ…

- Advertisement -spot_img

തിരുവനന്തപുരം: യാഗശാലയാകാനൊരുങ്ങി അനന്തപുരി നഗരം. പ്രാര്‍ത്ഥനാപുണ്യം തേടി ലക്ഷക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനായി തിരുവനന്തപുരത്തെത്തിയിട്ടുള്ളത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ സൗകര്യങ്ങളാണ് എര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ചൊവ്വാഴ്ച രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. രാവിലെ 9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങ് നടക്കും. കണ്ണകീചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിഞ്ഞാലുടന്‍ തന്ത്രി പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലില്‍ നിന്നു ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകരും.

തുടര്‍ന്ന് ദീപം സഹ മേല്‍ശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും ജ്വലിപ്പിക്കും. ഇതേസമയം, ഭക്തര്‍ തയാറാക്കിയ അടുപ്പുകള്‍ കത്തിക്കാനുള്ള വിളംബരമായി ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും മുഴങ്ങും. പണ്ടാര അടുപ്പില്‍നിന്നു പകരുന്ന ദീപം ഏറ്റുവാങ്ങി ഭക്തര്‍ സ്വന്തം അടുപ്പുകളില്‍ ജ്വലിപ്പിക്കുന്നതോടെ നഗരം യാഗശാലയായി മാറും.

ഉച്ചപൂജയ്ക്കു ശേഷം ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാല നിവേദ്യം. 350 പൂജാരിമാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. നിവേദ്യ സമയത്ത് ക്ഷേത്രത്തിൽ ദീപാരാധന നടക്കും. തുടർന്ന് ഉഷഃശ്രീബലിയും ഉച്ചശ്രീബലിയും നടക്കും. ചന്ദ്രഗ്രഹണ ദിവസമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി ഏഴ് മണി വരെ നട അടയ്ക്കുന്നതിനാൽ ക്ഷേത്ര ദർശനം ഉണ്ടാകില്ല. താലപ്പൊലിയിൽ പങ്കെടുക്കുന്ന ബാലികമാർ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.

രാത്രി 8.30ന് കുത്തിയോട്ടത്തിന് ചൂരൽ കുത്തും. 10.45നാണ് പുറത്തെഴുന്നള്ളത്ത്. 581 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. പുറത്തെഴുന്നള്ളത്തിന് പാറന്നൂർ നന്ദൻ എന്ന കൊമ്പനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ട ബാലന്മാർ അനുഗമിക്കും. സായുധ പൊലീസിന്റെ അകമ്പടിയും വാദ്യമേളങ്ങളുമുണ്ടാകും. വൈകീട്ട് നാലിന് രാത്രി 9.45 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here