മേപ്പാടി: തോട്ടം തൊഴിലാളികളെ നേരില്‍കണ്ട് അവരുടെ പ്രതിസന്ധികളും സങ്കടങ്ങളും കേട്ടറിഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശന്. പുതുയുഗ യാത്ര നയിച്ച് ജില്ലയിലെത്തിയ പ്രതിപക്ഷനേതാവ് ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് മേപ്പാടി റിപ്പണിലെ എസ്റ്റേറ്റിലെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തോട്ടംതൊഴിലാളികളുമായി പ്രതിപക്ഷനേതാവ് ഏറെനേരം സംസാരിച്ചു. തൊഴിലാളികള്‍ നരിടുന്ന പ്രശ്നങ്ങളും വിവിധങ്ങളായ പ്രതിസന്ധികളും പ്രശ്നങ്ങളും അവര്‍ പ്രതിപക്ഷനേതാവിന് മുമ്പില്‍ വിശദീകരിച്ചു. കൂലിവര്‍ധനവായിരുന്നു പ്രതിപക്ഷനേതാവിന് മുമ്പില്‍ തൊഴിലാളികള്‍ ഒന്നടക്കം മുന്നോട്ടുവെച്ച പ്രധാന ആവശ്യം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ നാമമാത്രമായ വര്‍ധനവ് മാത്രമാണുണ്ടായത്. ലയങ്ങള്‍ പരിതാപകരമായ അവസ്ഥയിലാണെന്നും, യഥാസമയം ബോണസ് ലഭിക്കാത്തതും, ചികിത്സസൗകര്യങ്ങളിലെ അപര്യാപ്തയുമെല്ലാം അവര്‍ പ്രതിപക്ഷനേതാവിനോട് പങ്കുവെച്ചു. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുമെന്ന് അദ്ദേഹം തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി. അര മണിക്കൂറോളം സമയം തൊഴിലാളികള്‍ക്കൊപ്പം ചിലവഴിച്ച ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാനും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി ഹംസ, നിയോജകമണ്ഡലം യു ഡി എഫ് കണ്‍വീനറും, ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റുമായ പി പി ആലി, ബി സുരേഷ്ബാബു, യഹ്യാഖാന്‍ തലയ്ക്കല്‍, ജില്ലാപഞ്ചായത്ത് അംഗം വി എന്‍ ശശീന്ദ്രന് തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല;
തോട്ടം തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും: വി ഡി സതീശന്
മേപ്പാടി: തോട്ടം തൊഴിലാളികളുടെ വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. മേപ്പാടി റിപ്പണ്‍ എസ്റ്റേറ്റിലെത്തിയ തൊഴിലാളികളെ നേരില്‍കണ്ട് സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ജീവിതം വളരെ സങ്കടകരമാണ്. പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി കൂടിയിട്ട് വര്‍ഷങ്ങളായി. ജയിലില്‍ കിടക്കുന്ന തടുവകാരെക്കാളും 250 കുറവാണ് തങ്ങള്‍ക്ക് കിട്ടുന്നതെന്നാണ് അവര്‍ പറയുന്നത്. അതിരാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ തണുപ്പെന്നോ, വെയിലെന്നോ നോക്കാതെ ജോലി ചെയ്യണം. അവരുടെ ലയങ്ങള്‍ ലൈഫ് പദ്ധതിയോട് ചേര്‍ത്തതോടെ അതും ഇല്ലാതായി. ഈ ലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവരാണ് എല്‍ ഡി എഫ്. ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാകുകയാണ്. എന്നാല്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ കണ്ടാല്‍ കഷ്ടമാണ്. അതീവ ദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്തി ഗമയോടെ ഞെളിഞ്ഞിരിക്കുകയാണ്. ഈ പാവപ്പെട്ടവരുടെ ജീവിതം കാണണം. ഇത്രയും കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന അവരുടെ ജീവിതം പരമദയനീയമാണ്. യു ഡി എഫ് അവരുടെ കൂലിവര്‍ധനവിനും, ബോണസിനും, വീടിനും, ചികിത്സാ സൗകര്യങ്ങള്‍ക്കും വേണ്ടി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

