മാനന്തവാടി: കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് യാര്‍ഡ് ഒരുക്കുന്നു. താഴെയങ്ങാടിയില്‍ മൂന്ന് ഏക്കറില്‍ രണ്ട് കോടി രൂപ ചെലവില്‍ 4,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് യാര്‍ഡ് നിര്‍മിക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ രാത്രികാലങ്ങളില്‍ ദീര്‍ലദൂര യാത്രയ്ക്ക് ഡിപ്പോയിലെത്തുന്നവര്‍ക്ക് വിശ്രമത്തിനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സൗകര്യമാകും.
നിലവില്‍ ബസുകള്‍ നിര്‍ത്തിയിടുന്ന സ്ഥലം മഴ പെയ്താല്‍ ചളിക്കുളമാകും. ബസുകള്‍ നിരന്തരം ചളിയില്‍ കുടുങ്ങുന്നത് കൃത്യമായി സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതി സംജാതമാക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് ഡിപ്പോയില്‍ എത്തിച്ചേരുന്നതിനും പ്രയാസം സൃഷ്ടിച്ചിരുന്നു. മഴക്കാലത്ത് ഡിപ്പോയുടെ മുന്‍ഭാഗം വെള്ളം കയറി ചളിക്കുളമായപ്പോള്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്‌നം പരിഹരിച്ചിരുന്നു. ഡ്രൈനേജ് സൗകര്യത്തോടെയാണ് യാര്‍ഡ് നിര്‍മാണം നടത്തുക.
84 ഹ്രസ്വദൂര സര്‍വീസുകളും 24 ദീര്‍ഘദൂര സര്‍വീസുകളും ഉള്ള ഡിപ്പോയില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വൈകുന്നേരം 4.30 മുതല്‍ രാത്രി ഒമ്പത് വരെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ നിര്‍ത്തിയിടാന്‍ ഡിപ്പോയില്‍ സൗകര്യമില്ല. അതിനാല്‍ ബംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ മാനന്തവാടി നഗരത്തില്‍ റോഡരികിലാണ് ബസ് കാത്ത് നില്‍ക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കുള്ള സര്‍വീസുകളും ഡിപ്പോയില്‍നിന്നാണ് ആരംഭിക്കുന്നത്. യാര്‍ഡ് നിര്‍മിക്കുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകും.

