19.3 C
London
Thursday, April 30, 2026

എഐയുടെ ബലിപീഠത്തിൽ അ‍ർപ്പിക്കുന്ന അറിവുകൾ

- Advertisement -spot_img

നിർമ്മിതബുദ്ധിയും ഡേറ്റാ സെന്ററുകളുമാണിപ്പോൾ മാധ്യമങ്ങളിലും വ്യാവസായിക-രാഷ്ട്രീയ വൃത്തങ്ങളിലും ആവേശം നിറയ്ക്കുന്നത്. വിവരസാങ്കേതിക രംഗത്തെ ഭീമന്മാരായ മൈക്രോസോഫ്റ്റും ഗൂഗിളും ഇന്ത്യയിൽ ഡേറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി 32.5 ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപം ഉറപ്പു നൽകിയതിനെ തുടർന്നു സാങ്കേതികരംഗത്തെ ഇന്ത്യയുടെ കുതിച്ചുചാട്ടമെന്നും ശുഭോദർക്കമായ തുടക്കമെന്നുമുള്ള സാങ്കേതിക വിദ്യയിൽ വിസ്മയം കൊള്ളുന്ന,വാർത്തകളുടെ കുത്തൊഴുക്കായിരുന്നു.

ഈ വികസന സ്വപ്നങ്ങളുടെ ആഘോഷങ്ങൾക്കിടയിൽ ഡേറ്റാ സെന്ററുകൾ ഉയർത്തുന്ന പാരിസ്ഥിതികവും സാമൂഹികവുമായ വെല്ലുവിളികൾ ഒരിക്കലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിലോ പൊതുവ്യവഹാരങ്ങളിലോ ഇടം പിടിച്ചതുമില്ല.

ഏതാനും ചില വിദേശ മാധ്യമങ്ങളിലും പരിസ്ഥിതികേന്ദ്രീകൃതമായ ചില സ്വതന്ത്ര മാധ്യമങ്ങളിലും മാത്രമാണ് ഡേറ്റാ സെന്ററുകളുയർത്തുന്ന സാമൂഹിക-പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഉയർന്നു കണ്ടത്. ഈ സാഹചര്യത്തിലാണ് അമേരിക്കൻ ടെക് ജേണലിസ്റ്റ് ആയ കാരൻ ഹാഓ (Karen Hao)യുടെ ‘ദി എംപയർ ഓഫ് എഐ: ഇൻസൈഡ് ദ് റെക്ക്ലെസ്സ് റേസ് ഫോ‍ർ ടോട്ടൽ ഡോമിനേഷൻ’ (Empire of AI: Inside the Reckless Race for Total Domination ) എന്ന പുസ്തകം പ്രസക്തമാവുന്നതും.

നമ്മുടെ സ്‌ക്രീനുകൾക്ക് പുറത്ത് പരിസ്ഥിതിക്കും സാമൂഹിക ക്ഷേമത്തിനും ഭീഷണിയാവുന്ന ഭൗതികരൂപം കൈക്കൊള്ളുന്ന നിർമിതബുദ്ധിയുടെ സംഹാരഭാവം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത വായനയായി മാറുന്നതും.

“സമൃദ്ധിയുടെ പേരിൽ തങ്ങളുടെ ഇടങ്ങളിൽ നിന്നും കുടിയിറക്കപ്പെടാൻ വിസമ്മതിക്കുന്ന ലോകത്തെമ്പാടുമുള്ള പ്രസ്ഥാനങ്ങൾക്ക്“ ആണ് ഈ പുസ്തകം സമ‍ർപ്പിച്ചിട്ടുള്ളത്. സ്വന്തം വേരുകളിൽ നിന്ന് മുറിച്ചുമാറ്റപ്പെടുന്ന ജനതയോടുള്ള ഐക്യദാ‍ർഢ്യം ഈ പുസ്തകത്തിൽ തെളിഞ്ഞു കാണാം.

2015 ൽ ലാഭേച്ഛയില്ലാതെ (nonprofit) പ്രവർത്തനം തുടങ്ങുകയും പിന്നീട് ലാഭത്തിനായി (for-profit) പ്രവർത്തിക്കുന്ന എൽ എൽ സി (LLC) രൂപികരിച്ചു കൊണ്ട് ചുവടുമാറ്റുകയും ചെയ്ത ഓപ്പൺ എഐ (OpenAI) എന്ന കമ്പനിയെ കേന്ദ്രീകരിച്ചാണ് കാരൻ ഹാഓ തന്റെ പുസ്തകമെഴുതിയിരിക്കുന്നത്. എന്നാൽ, നിർമിതബുദ്ധിയുടെ സാമ്രാജ്യവൽക്കരണത്തെയും അധികാരവും സാമ്പത്തും നേടാനായി എഐ കമ്പനികൾ നടത്തുന്ന കൗശലങ്ങളെയും കൗടില്യങ്ങളെയും ഈ പുസ്തകം വരച്ചിടുന്നു.

കാരൻ ഹാ ഓ എഴുതിയ ‘ദി എംപയർ ഓഫ് എഐ: ഇൻസൈഡ് ദ് റെക്ക്ലെസ്സ് റേസ് ഫോ‍ർ ടോട്ടൽ ഡോമിനേഷൻ’ പുസ്തകത്തി​ന്റെ കവർspecial arrangement

ഓപ്പൺ എ ഐ എന്ന കമ്പനിയുടെ കഥ

സാമ്രാജ്യം എന്ന രൂപകം ബോധപൂർവ്വവും വസ്തുനിഷ്ഠവുമായ തെരഞ്ഞെടുപ്പായിരുന്നുവെന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ വിശദീകരിക്കുന്ന എഴുത്തുകാരി എഐ കമ്പനികളെ പഴയകാലത്തെ യൂറോപ്യൻ കൊളോണിയലിസ്റ്റുകളുമായാണ് താരതമ്യം ചെയ്യുന്നത്. അധിനിവേശം, ചൂഷണം, മോഷണം, കീഴടക്കൽ എന്നിവയെ ന്യായീകരിക്കാൻ ശ്രേഷ്ഠത, ആധുനികത, വംശീയത എന്നിവയെ എങ്ങനെയാണോ മനുഷ്യത്വരഹിതമായി കോളോണിയലിസ്റ്റുകൾ ഉപയോഗിച്ചത്, അതുപോലെയാണ് കല, സാഹിത്യം, ഗവേഷണം എന്നിങ്ങനെ ഓൺലൈൻ ഇടങ്ങളിൽ സാന്നിധ്യമുള്ള എല്ലാവരിൽ നിന്നും അദ്ധ്വാനം ചൂഷണം ചെയ്യുന്നതിനും, പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിനും, അവരുടെ സാമ്പത്തിക അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനും എ ഐ സാമ്രാജ്യം ആധുനികതയുടെയും പുരോഗതിയുടെയും മറ ഉപയോഗിക്കുന്നത് എന്നും ഈ പുസ്തകം വിശദമാക്കുന്നു.

നിരവധി വൈരുദ്ധ്യങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും ലാഭേച്ഛയില്ലാത്ത സ്ഥാപനത്തിൽ നിന്ന് ലാഭത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമായി ഓപ്പൺ എഐ എന്ന കമ്പനിയുടെ പരിവർത്തനം. അതിന്റെ അമ്പരപ്പിക്കുന്ന വിപണിമൂല്യം, സാം ആൾട്ട്മാന്റെ വ്യക്തിത്വം എന്നിവയൊക്കെ പറയുമ്പോൾ രണ്ട് പ്രധാന വിഷയങ്ങൾ അതിൽ സമർത്ഥമായി സമന്വയിപ്പിച്ചിരിക്കുന്നു: നിർമിതബുദ്ധിയുടെ സാമ്രാജ്യം ആവശ്യപ്പെടുന്ന പാരിസ്ഥിതികവും സാമൂഹികവുമായ വ്യയങ്ങൾ/ആഘാതങ്ങൾ. അധികാരവും വിഭവശേഷിയും ഉള്ള വരേണ്യവർഗം നിർമ്മിച്ച സാങ്കേതികവിദ്യ അതിന്റെ നിർമ്മാതാക്കളെ സമ്പന്നരാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.

മാത്രമല്ല, ഇതിന്റെ ചെലവ് എപ്പോഴും വഹിക്കേണ്ടി വരുന്നത് – നിലവിലെ എഐ (AI) തരംഗം വ്യക്തമാക്കുന്നതുപോലെ – പിന്നാക്കം നിൽക്കുന്നവരായിരിക്കുമെന്നും പ്രത്യേകിച്ചും കൊളോണിയൽ സാമ്രാജ്യ അധിനിവേശത്തിന്റെ അനന്തരഫലങ്ങളുമായി ഇപ്പോഴും മല്ലിടുന്ന ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ, ഇതിലൂടെ വീണ്ടും ചൂഷണങ്ങളിലൂടെ ദുരിതത്തിലേക്ക് തള്ളിയിടപ്പെടുകയാണ് എന്ന് തികഞ്ഞ ചരിത്രബോധത്തോടെ കാരൻ ഹാഓ വാദിക്കുന്നു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here