കണിയാമ്പറ്റ: ചീക്കല്ലൂർ ദർശന ലൈബ്രറിയുടെയും കെ.എസ്.എസ്.പി.യു.സാംസ്കാരികവേദി കണിയാമ്പറ്റ യൂണിറ്റിൻ്റെയും നേതൃത്വത്തിൽ ചീക്കല്ലൂർ സാംസ്കാരിക നിലയത്തിൽ വച്ച് പുസ്തക ചർച്ച സംഘടിപ്പിച്ചു. ഷാജി പുൽപള്ളി എഴുതിയ “ജാതി ചോദിക്കുന്ന കാലം” എന്ന ലേഖന സമാഹാരമാണ് ചർച്ച ചെയ്യപ്പെട്ടത്. ദീർഘമായ പോരാട്ടത്തിൻ്റെ ഫലമായി അസ്തമിച്ചുപോയ ജാതി മത ചിന്തകളുടെ ദൂഷ്യഫലങ്ങൾ അപകടകരമാം വിധം മടങ്ങി വരുന്നതിനെ ചൊല്ലിയുള്ള ആധികൾ പങ്കുവയ്ക്കുന്ന ശക്തമായ കൃതിയാണ് ജാതി ചോദിക്കുന്ന കാലമെന്ന് പുസ്തക ചർച്ച അഭിപ്രായപ്പെട്ടു. സമൂഹത്തിൻ്റെ സമസ്ത മേഖലകളിലേക്കും വർഗീയ ചിന്തകൾ അതിവിദഗ്ധമായി ഒളിച്ചു കടത്തുന്നതിൻ്റെ അപകടത്തെയാണ് കൃതി വിമർശന വിധേയമാക്കുന്നത്. അതുകൊണ്ടു തന്നെ മാനവികതയും ജനാധിപത്യ ബോധവും ഊഷരമാക്കപ്പെടുന്ന വർത്തമാനകാലത്തോടുളള കാഠിന്യമേറിയ കലഹമാണ് കൃതി ഉൽപാദിപ്പിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി.
പുസ്തക ചർച്ച എഴുത്തുകാരൻ കെ.എസ്.പ്രേമൻ ഉദ്ഘാടനം ചെയ്തു. ചീക്കല്ലൂർ ദർശന ലൈബ്രറി പ്രസിഡൻ്റ് ശിവൻ പള്ളിപ്പാട് അധ്യക്ഷത വഹിച്ചു. റിട്ട. അധ്യപകൻ ടി. മനോജ്കുമാർ പുസ്തകാവതരണം നടത്തി. സി.കെ.ഉണ്ണികൃഷ്ണൻ, കെ.കൃഷ്ണൻകുട്ടി, പി.ബിജു, ജിൽസ് മാനുവൽ തോമസ്, എം.കെ.ഉഷാദേവി, യു.എൻ.സുധാകരൻ, ഹരീന്ദ്രൻ.ഇ, ഡോ.രാഘവൻ കെ.എസ്, ജയിംസ് പി.വി, അശോകൻ.പി, ഷാജി പുൽപള്ളി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കെ.എസ്.എസ്.പി.യു. കണിയാമ്പറ്റ യൂണിറ്റ് സെക്രട്ടറി പി.കെ.കരുണാകരൻ സ്വാഗതവും കെ.അശോകൻ നന്ദിയും പറഞ്ഞു.

