10.8 C
London
Wednesday, April 29, 2026

ദിലീപ് മാത്രം എങ്ങനെ ശത്രുവാകും?, നടന്നത് ഗൂഢാലോചന, സീനിയര്‍ ഉദ്യോഗസ്ഥയക്കും പങ്ക്: ബി രാമന്‍ പിള്ള

- Advertisement -spot_img

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ നടന്നത് കള്ളക്കേസ് എന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള. കേസില്‍ ദിലീപിനെ വേട്ടയാടുകയായിരുന്നു. ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ബി രാമന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. വിധിയുടെ പൂര്‍ണരൂപം ലഭിച്ച ശേഷം തന്റെ കക്ഷി ഇരയാക്കപ്പെട്ടതാണെങ്കില്‍ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും രാമന്‍ പിള്ള പറഞ്ഞു.

‘ദിലീപിനെതിരെ നടന്നത് കള്ളക്കേസ് ആണെന്ന് മനസിലാക്കിയത് കൊണ്ടാണ് കേസില്‍ നിന്ന് മാറാതിരുന്നത്. ഇത്രയും കാലം നീണ്ടക്കേസ് തന്റെ 50 വര്‍ഷത്തെ കരിയറിന് ഇടയില്‍ ഉണ്ടായിട്ടില്ല. എന്റെ കാലിന്റെ ഓപ്പറേഷന്‍ വരെ മാറ്റിയത് ഇത് കൊണ്ടാണ്. ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ഭാഗം മാത്രമാണ്. പിടി തോമസ് എന്തു മൊഴി പറയാനാണ്. പിടി തോമസിന് ഒന്നും അറിയില്ലല്ലോ. ദിലീപിനെ പ്രതിയാക്കിയ ശേഷമാണ് കഥ ഉണ്ടാക്കിയത്. അതിജീവിതയുടെ അമ്മ, അടുത്ത കൂട്ടുകാരി രമ്യ നമ്പീശന്‍ അടക്കമുള്ളവരുടെ പൊലീസ് രേഖപ്പെടുത്തിയ മൊഴി കോടതിയിലുണ്ട്. അമ്മയെ വിസ്തരിച്ചില്ല. രമ്യ നമ്പീശനെ വിസ്തരിച്ചു. ആ മൊഴികളിലെല്ലാം അതിജീവിതയ്ക്ക് സിനിമയിലും അല്ലാതെയും ഒരു ശത്രുവും ഇല്ലെന്നാണ് പറയുന്നത്. പിന്നെ എങ്ങനെ ദിലീപ് ശത്രുവാകും. പൊലീസ് രേഖപ്പെടുത്തിയ മൊഴിയൊന്നും സത്യമല്ല. കേസിന്റെ ആവശ്യത്തിനായി പൊലീസ് മൊഴി രേഖപ്പെടുത്തും. മൊഴി മാറിയ പ്രോസിക്യൂഷന്‍ സാക്ഷിയൊക്കെ ഉണ്ട്.’ – രാമന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

‘2021 ഡിസംബര്‍ ആയപ്പോഴേക്കും 200 സാക്ഷികളെ വിസ്തരിച്ചു. ലാസ്റ്റ് വിറ്റ്‌നസ് ബൈജു പൗലോസ് ആയിരുന്നു. അയാളുടെ മൊഴിയെടുക്കാന്‍ വച്ച ദിവസമാണ് അന്ന് ഒരുകാര്യവുമില്ലാതെ പ്രോസിക്യൂട്ടര്‍ ഇറങ്ങിപ്പോയത്. തുടര്‍ന്ന് പെറ്റീഷന്‍ കൊടുത്തതോടെയാണ് തുടരന്വേഷണം ഉണ്ടായത്. എന്നാല്‍ അയാള്‍ കോടതിയില്‍ ഹാജരായതുമില്ല. അങ്ങനെയാണ് മാറിപ്പോകുന്നത്. അല്ലെങ്കില്‍ 2022 ഏപ്രിലില്‍ തീരേണ്ട കേസാണിത്. ദിലീപിനെ വേട്ടയാടി. ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ഭാഗം മാത്രമാണ്. അയാള്‍ പറയുന്നതൊന്നും അംഗീകരിച്ചില്ല. കേസില്‍ ബാലചന്ദ്രകുമാര്‍ വന്നത് ആസൂത്രിതമായിരുന്നു. ദിലീപിനെ പ്രതിയാക്കുന്നതിന് വേണ്ടി ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ ആ ടീമിലെ ഏറ്റവും ജുനിയര്‍ ആയിട്ടുള്ള ബൈജു പൗലോസിനെ അന്വേഷണം ഏല്‍പ്പിച്ചു. ഡിവൈഎസ്പിമാരും എസ്പിമാരുമുണ്ട്. എന്നിട്ടാണ് ബൈജു പൗലോസിനെ ഏല്‍പ്പിച്ചത്. ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. 200 സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞാണ് വെറൊരു ക്രൈം രജിസ്റ്റര്‍ ചെയ്യുന്നത്. ക്രൈം നമ്പര്‍ സിക്‌സ് എന്ന് പറഞ്ഞ്. അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതിക്കാരനായിട്ട് ദിലീപ് കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്ന് ഒരു കാര്യവുമില്ലാതെ കേസുമായി വന്നു. തെളിവിന് ഒരു മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നു. മെമ്മറി കാര്‍ഡ് റിക്കവറി നടത്താന്‍ പ്രതിയെ കസ്റ്റഡിയിലെടുക്കണം. അതിന് ദിലീപിന്റെ പ്രായമായ അമ്മ ഒഴിച്ച് ബാക്കിയെല്ലാവരെയും പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. സത്യമല്ലാത്ത തെളിവ് ഹാജരാക്കിയ കേസാണിത്.’- രാമന്‍പിള്ള പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here