ബത്തേരി:ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുത്തുന്നത് പ്രശംസനീയമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. പാഠപുസ്തക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ബത്തേരി ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിട്ട്യൂട്ടില്‍ നടന്ന ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യ പദ്ധതിയിലെ പൊതു സമീപനം, ഭാഷാ സാഹിത്യം, വിലയിരുത്തല്‍, ഭരണഘടനാ മൂല്യങ്ങള്‍, സാമൂഹ്യ ശാസ്ത്രം, സാങ്കേതിക വിദ്യാഭ്യാസം, കലാ -കായിക വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ പൊതുചര്‍ച്ച നടന്നു.
പുതിയ പാഠ്യ പദ്ധതിയിലൂടെ കൂടുതല്‍ സൗകര്യപ്രദവും കാലാനുസൃതമായ കരിക്കുലം സാധ്യമാക്കണമെന്ന് വിദ്യാര്‍ഥികള്‍ അഭിപ്രായപെട്ടു. പ്രായോഗിക പരിശീലനത്തിനും നൈപുണി വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കി ഹയര്‍ സെക്കന്‍ഡറി കോമ്പിനേഷനുകളില്‍ സൗകര്യ പ്രദവും ഇഷ്ടാനുസൃതമുള്ള വിഷയം തിരഞ്ഞെടുക്കാന്‍ സാധിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. അധ്യാപകര്‍ പാഠപുസ്തകത്തിനപ്പുറം വിദ്യാര്‍ഥികളെ നയിക്കണമെന്നും മൂല്യനിര്‍ണയം ഓര്‍മ്മ പരിശോധനയ്ക്കപ്പുറം പ്രായോഗിക പരിജ്ഞാനം അളക്കുന്നതായിരിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
ഭരണഘടനയും അടിസ്ഥാന തത്ത്വങ്ങളും കോമ്പിനേഷന്‍ വ്യത്യാസമില്ലാതെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മനസിലാക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പാഠ്യപദ്ധതി തയ്യാറാക്കാന്‍ ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന സാമൂഹിക പങ്കാളിത്തമുള്ള മികവുറ്റ വിദ്യാഭ്യാസ സാധ്യതകള്‍ ഉണ്ടാവണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് പിടിഎ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജീവിത നൈപുണി സാധ്യതകള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കാനുള്ള ഉള്ളടക്കം കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണം. ക്ലാസ് മുറികള്‍ സംവാദ ക്ഷമവും ബഹുമാനമുള്ളതുമായിരിക്കണം. വിവിധ പഠനരീതികള്‍ പ്രയോഗിക്കണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ക്ക് അവരുടെ പഠന വേഗതയ്ക്ക് അനുസൃതമായി മുന്നേറാന്‍ പാഠ്യപദ്ധതിയില്‍ അവസരം രൂപപ്പെടുത്തണമെന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളുടെ പഠനഭാരം ലഘൂകരിക്കുന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പഠനം ഉറപ്പാക്കി പ്രാദേശിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട പാഠ്യപദ്ധതിയും പ്രായോഗിക പരീക്ഷകളും ഉള്‍പ്പെടുത്താനും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി. കെ രമേശ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, എസ്.സി.ഇ.ആര്‍.ടി പ്രതിനിധി ടി.വി വിനീഷ്, ഡയറ്റ് പ്രിന്‍സിപ്പൽ കെ.എം സെബാസ്റ്റ്യന്‍, സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്‍. അനില്‍കുമാര്‍, വിദ്യാകിരണം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഹയര്‍സെക്കന്ററി കോ-ഓര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, വി.എച്ച്.എസ്.സി കോ-ഓര്‍ഡിനേറ്റര്‍ ബിനുമോള്‍ ജോസ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പിടിഎ പ്രതിനിധികള്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

