13.1 C
London
Monday, April 20, 2026

നവാസിന്റെ വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം; ഖബറടക്കം വൈകീട്ട് നാല് മണിക്ക്

- Advertisement -spot_img

കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം. രാവിലെ എട്ടരയോടെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. പത്തരയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയോടെയാണ് കലാഭവന്‍ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പോയി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. റൂമിന്റെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. നവാസിനെ ഹോട്ടല്‍ ജീവനക്കാരും സഹപ്രവര്‍ത്തകരും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് എത്തിയതായിരുന്നു നവാസ്. ഇന്നലെ ഷൂട്ടിങ് അവസാനിച്ച് വീട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു.

പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനില്‍ ചേര്‍ന്നതോടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. നാട്ടിലും വിദേശത്തും സ്റ്റേജ് ഷോകളിലൂടെ പേരെടുത്ത നവാസ് സഹോദരന്‍ നിയാസ് ബക്കറിനൊപ്പം കൊച്ചിന്‍ ആര്‍ട്‌സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.

1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും നായകനും സഹനടനുമായി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മൈഡിയര്‍ കരടി, ഇഷ്ടമാണ് നൂറുവട്ടം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. നടി രഹനാ നവാസാണ് ഭാര്യ.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here