12.2 C
London
Sunday, April 19, 2026

പാടിച്ചിറക്കടുത്ത്പു ലി ആക്രമണം-രണ്ട് ആടുകളെ പിടികൂടി

- Advertisement -spot_img

പുൽപ്പള്ളി : കഴിഞ്ഞ ദിവസങ്ങളിൽ കബനിഗിരി,മരക്കടവ് പ്രദേശങ്ങളിൽ ഭീതി പടർത്തിയിരുന്ന പുലി ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം പാടിച്ചിറയിലേക്ക് കടന്നു . ശനിയാഴ്ച രാത്രി പാടിച്ചിറക്കടുത്ത തറപ്പത്തു കവലയിൽ വാരിയത്ത് ടോമി (വി .ടി. തോമസ് ) യുടെ 2 ആടുകളെയാണ് ഇത്തവണ പുലി പിടികൂടിയത്. രാത്രി ഒരു മണിയോടെ കൂട്ടിൽ നിന്നും ആടുകൾ കരയുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് എത്തുമ്പോഴേക്കും രണ്ട് വയസ്സ് പ്രായമായ ഒരാടിനെ പുലി പിടികൂടിയിരുന്നു. വീട്ടുകാർ ശബ്ദമുണ്ടാക്കിയതിനെത്തുടർന്ന് പുലി പിടികൂടിയ ആടിനെ ഉപേക്ഷിച്ച് സമീപത്തെ കൃഷിയിടത്തിലേക്ക് ഓടി മറഞ്ഞു. വീട്ടുകാർ കുറേനേരം കൂടിന് സമീപത്ത് നിന്ന് ശേഷം വീട്ടിനുള്ളിലേക്ക് പോയി . ഒരു മണിക്കൂർ കഴിയും മുമ്പേ വീണ്ടും ആടുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും നാലു വയസ്സു പ്രായമുള്ള അടുത്ത ആടിനെയും പുലി പിടികൂടിയിരുന്നു. ഇത്തവണയും വീട്ടുകാർ പെട്ടെന്ന് എത്തിയതിനാൽ പുലിക്ക് പിടികൂടിയ ആടിനെ കൊണ്ടുപോകാൻ ആയില്ല .പിന്നീട് നേരം പുലരുവോളം വീട്ടുകാർ ആടുകൾക്ക് കാവൽ നിന്നു . നാല് ആടുകളാണ് ഇവർക്കുള്ളത്. വിവരമറിഞ്ഞ് രാവിലെ സ്ഥലത്തെത്തിയ വനപാലകർ കാൽപാദത്തിന്റെ അടയാളങ്ങൾ നിരീക്ഷിച്ച് വന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു. കൂടിന് സമീപം നിരീക്ഷണ ക്യാമറ സ്ഥാപിച്ചു വനപാലകർ മടങ്ങി. കഴിഞ്ഞ 10 ദിവസങ്ങളിലായി ഈ പ്രദേശങ്ങളിൽ സ്വൈര്യ വിഹാരം നടത്തുന്ന പുലിയെ പിടികൂടുവാൻ വനം വകുപ്പ് കാര്യമായ ശ്രമങ്ങൾ ഒന്നും നടത്തുന്നില്ല .പരിക്കേറ്റ് അവശനായ പുലിയാണ് പ്രദേശത്ത് വിഹരിക്കുന്നത് എന്നാണ് വനംവകുപ്പിന്റെ നിഗമനം. ഇതിനെ പിടികൂടിയ ശേഷം മരണപ്പെട്ടാൽ തങ്ങളുടെ പെൻഷൻ പോലും ഇല്ലാതാവും എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവിടെനിന്നും മൂന്ന് – നാല് കിലോമീറ്റർ അകലെയുള്ള മൈസൂർ വനത്തിലേക്ക് പുലി കടന്നു കിട്ടിയാൽ മതിയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് . വെറുതെ എന്തിന് പുലിവാല് പിടിച്ച് ഗതികേടിൽ ആവുന്നതെന്നാണ് വനപാലകർ പറയുന്നത്. ഏതാനും വർഷങ്ങൾക്കു മുമ്പ് ഇവിടെ അടുത്ത് സീതാമൗണ്ടിൽ ഒരു കടുവയിറങ്ങി നിരവധി വളർത്തു മൃഗങ്ങളെ പിടികൂടിയിരുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോൾ, കടുവയെ മയക്കു വെടി വച്ച് പിടികൂടിയപ്പോൾ കടുവയ്ക്ക് കഴുത്തിൽ ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി .അന്ന് വനപാലകർ വളരെ കഷ്ടപ്പെട്ടാണ് ഈ കടുവയെ സമീപത്തെ മൈസൂർ വനത്തിലേക്ക് കയറ്റിവിട്ടത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here