മീനങ്ങാടി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട സഹപ്രവർത്തകർക്ക് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിക്കുന്നതിൻ്റെ ഭാഗമായി വീടുകളുടെ തറക്കല്ലിടൽ ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി നിർവഹിച്ചു. മേപ്പാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പെലീസ് ഓഫിസർ ബിൻസിയ നസ്റിൻ, കൽപറ്റ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അനസ്, കോഴിക്കോട് സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥൻ ഷിഹാബുദ്ദീൻ എന്നിവർക്കാണ് വീട് നിർമിച്ചു നൽകുന്നത്. ഇതിന് ആവശ്യമായ ഒമ്പത് സെൻ്റ് സ്ഥലം വീതം മീനങ്ങാടി പാലക്കമൂലയിൽ കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം സൗജന്യമായി വാങ്ങി നൽകി. വയനാട് ജില്ലാ അഡീഷണൽ പൊലീസ് സൂപ്രണ്ട് ടി.എൻ സജീവ്, പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി പ്രദീപൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് സഞ്ജു വി കൃഷ്ണൻ ,കെ.പി.ഒ. എ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി രമേശൻ വെള്ളോറ, കെ.പി. ഒ.എ ജില്ലാ സെക്രട്ടറി പി.സി. സജീവ്, ജില്ലാ പെലീസ് സഹകരണ സംഘം പ്രസിഡൻ്റ് കെ.എം ശശിധരൻ, കേരള പെലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ബിപിൻ സണ്ണി, സെക്രട്ടറി ഇർഷാദ് മുബാറക്ക്, ട്രഷറർ എം.ബി. ബിഗേഷ് കെ.പി.എച്ച്.സി.എസ് ഡയറക്ടർ കെ. രവീന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

