14.4 C
London
Saturday, June 6, 2026
Home Blog Page 999

25 രൂപയ്ക്ക് ഒരു കിലോ സവാള, നാളെ മുതൽ വിൽപ്പന; കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍

0

ന്യൂഡല്‍ഹി: ഉയര്‍ന്നുനില്‍ക്കുന്ന സവാള വില നിയന്ത്രിക്കാന്‍ കയറ്റുമതി ചുങ്കം ഏര്‍പ്പെടുത്തിയതിന് പുറമേ സബ്ഡിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും ഇടപെടലുമായി കേന്ദ്രം. നാളെ മുതൽ കിലോഗ്രാമിന് 25 രൂപ നിരക്കില്‍ സവാള ലഭ്യമാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

ചില്ലറ വില്‍പ്പനശാലകള്‍, മൊബൈല്‍ വാനുകള്‍ എന്നിവ വഴി സബ്‌സിഡി നിരക്കില്‍ സവാള വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വഴി കുറഞ്ഞ നിരക്കില്‍ സവാള വിറ്റഴിക്കാനാണ്് തീരുമാനം. നിലവില്‍ തക്കാളിയുടെ വില പിടിച്ചുനിര്‍ത്താന്‍ സമാനമായ നിലയില്‍ കേന്ദ്രം ഇടപെടല്‍ നടത്തുന്നുണ്ട്.

ഈ വര്‍ഷം സവാളയുടെ ബഫര്‍ സ്റ്റോക്ക് അഞ്ചുലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടക്കത്തില്‍ മൂന്ന് ലക്ഷം മെട്രിക് ടണ്‍ സംഭരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വില പിടിച്ചുനിര്‍ത്താന്‍ രണ്ടുലക്ഷം മെട്രിക് ടണ്‍ കൂടി സംഭരിക്കാന്‍ എന്‍സിസിഎഫിനോടും നാഫെഡിനോടും കേന്ദ്രം നിര്‍ദേശിച്ചിക്കുകയായിരുന്നു. തുടര്‍ന്ന് ചില്ലറ വില്‍പ്പനശാലകള്‍ വഴി ഇവ വിതരണം ചെയ്ത് സവാളയുടെ വില പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മീഡിയ സന്ദേശങ്ങളുടെ തലക്കെട്ട് എഡിറ്റ് ചെയ്യാം; വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

0

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ക്യാപ്ഷന്‍ മെസേജ് എഡിറ്റ് ഫീച്ചര്‍. 

ടെക്സ്റ്റ് മെസജുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഫീച്ചറിന്റെ സാധ്യതയാണ് വിപുലീകരിച്ചത്. നിലവില്‍ വീഡിയോകള്‍, ജിഫുകള്‍, ഡോക്യുമെന്റുകള്‍ എന്നിവ അടങ്ങുന്ന മീഡിയ സന്ദേശങ്ങളുടെ ക്യാപ്ഷനുകളും എഡിറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. 

അയച്ച വിവിധ തരത്തിലുള്ള മീഡിയ സന്ദേശങ്ങളുടെ ക്യാപ്ഷനുകള്‍ 15 മിനിറ്റിനകം പുതുക്കുവാനും തെറ്റ് തിരുത്താനും കഴിയുന്നതാണ് പുതിയ ഫീച്ചര്‍. മീഡിയ സന്ദേശങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിച്ച് ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷനിലേക്ക് മാറിയവര്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. ഭാവിയില്‍ എല്ലാവര്‍ക്കും ഇത് ലഭ്യമാക്കും.