14.1 C
London
Sunday, June 7, 2026
Home Blog Page 989

ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചു; ഫാനില്‍ കയര്‍ കെട്ടിക്കൊടുത്തു; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

0

പത്തനംതിട്ട: യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ മരിച്ച സംഭവത്തില്‍ സുനില്‍ കുമാറിനേയാണ് വെച്ചൂച്ചിറ പൊലീസ് പിടികൂടിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയും എന്നാല്‍ ഫാനില്‍ കയര്‍ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാന്‍ സൗമ്യക്ക് സൗകര്യം ഒരുക്കിയ ശേഷം ഭര്‍ത്താവ് സുനില്‍ പിന്‍വാങ്ങിയെന്ന് അന്വേഷണത്തില്‍ വെളിവായതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൊന്നൊടുക്കും, മാംസവും മുട്ടയും വാങ്ങുന്നതിന് വിലക്ക്

0

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലെയും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലെയും ഒരു കിലോമീറ്റർ പരിധിയിലുള്ള താറാവുകളെ നാളെ കൊന്നൊടുക്കും.

പക്ഷിപ്പനി ബാധിത മേഖലകളിൽ മാംസം, മുട്ട എന്നിവയുടെ വിൽപ്പനയ്ക്ക് നിരോധനമുണ്ട്. പക്ഷികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതും തടഞ്ഞതായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കൂടിയ യോ​ഗത്തിൽ അറിയിച്ചു.

എടത്വാ പഞ്ചായത്തിലെ ഒന്നാം വാർ‍ഡിൽപ്പെട്ട വരമ്പിനകം പാടശേഖരത്തിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകൾ ചത്ത സാഹചര്യത്തിൽ ഭോപ്പാലിലെ കേന്ദ്ര ലാബിൽ പരിശോധിച്ച സാമ്പിളുകൾ പോസിറ്റീവാണെന്ന് കണ്ടെത്തി.

സു​ഗന്ധ​ഗിരി മരം മുറിക്കേസ്; ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു

0

കല്‍പ്പറ്റ: വയനാട് സു​ഗന്ധ​ഗിരി മരം മുറിക്കേസില്‍ ഡിഎഫ്ഒയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു. ഉദ്യോ​ഗസ്ഥരോട് വിശദീകരണം ചോദിക്കാതെയുള്ള നടപടി കോടതിയിൽ നിലനിൽക്കില്ലെന്ന വിലയിരുത്തലിലാണ് സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം ഉള്‍പ്പെടെയുള്ള മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ വനം മന്ത്രി താത്കാലികമായി മരവിപ്പിച്ചത്. സസ്പെൻഷൻ ഉത്തരവിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് അതിവേഗത്തിലുള്ള മരവിപ്പിക്കൽ.

വനം വകുപ്പിന്റെ വിജിലന്‍സ് വിഭാഗമാണ് കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയതിനൊപ്പം തുടര്‍ നടപടി സ്വീകരിക്കും മുന്‍പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം എഴുതി വാങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

0

2772 പേര്‍ക്ക് പരിശീലനം നല്‍കും

തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു. പ്രിസൈഡിങ് ഓഫീസര്‍, ഒന്ന് – രണ്ട്-മൂന്ന് പോളിങ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ 2,772 ഉദ്യോഗസ്ഥര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ പരിശീലനം നല്‍കുക. ഏപ്രില്‍ 18 ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച 1040 ഉദ്യോഗസ്ഥര്‍ക്ക് അസംപ്ഷന്‍ ഹൈസ്‌കൂളില്‍ പരിശീലനം നല്‍കി. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച ഉദ്യോഗസ്ഥര്‍ക്ക് പരിശീലന കേന്ദ്രത്തില്‍ ഒരുക്കിയ വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി. പോസ്റ്റല്‍ ബാലറ്റ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ പി.ആര്‍ രത്നേഷ്, പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഒഫീസര്‍ സി.പി സുധീഷ് എന്നിവര്‍ വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് (ഏപ്രില്‍ 19) സെന്റ് ജോസഫ് കോണ്‍െവന്റ് ഹൈസ്‌കൂളിലും മാനന്തവാടി നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 20 ന് സെന്റ് പാട്രിക് ഹൈസ്‌കൂളിലും പരിശീലനം നല്‍കും. ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ബി.സി ബിജേഷ്, സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍ പി.യു.സിതാര, മാസ്റ്റര്‍ ട്രെയിനര്‍മാരായ ഉമറലി പാറച്ചോടന്‍, ജോയി തോമസ്, എം.പി സുരേഷ് കുമാര്‍, രാജേഷ് കുമാര്‍ എസ്.തയ്യത്ത്, കെ. അശോകന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ട്രെയിനിങ് മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ്:നിരീക്ഷകര്‍ എം.സി.എം.സി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

0

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി സെല്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ സന്ദര്‍ശിച്ചു. പത്ര-ദൃശ്യ-ശ്രവ്യ-ഇലക്ട്രോണിക്-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പരസ്യങ്ങളും വാര്‍ത്തകളും നിരീക്ഷിക്കുന്നതിന് എം.സി.എം.സി ഒരുക്കിയ ക്രമീകരണങ്ങള്‍ വിലയിരുത്തി. സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, എന്നിവര്‍ അഡ്മിന്‍ ആയിട്ടുള്ള ഫെയ്സ്ബുക്ക്, വാട്ട്സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയുടെ നിരീക്ഷണവും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വീക്ഷിച്ചു. പെയ്ഡ് ന്യൂസുകള്‍ മീഡിയ മോണിറ്ററിങ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കുന്നതെങ്ങനെയാണെന്ന് ചോദിച്ചറിഞ്ഞ നിരീക്ഷകര്‍ 24 മണിക്കൂറും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമ നിരീക്ഷണ സെല്ലിനെ അഭിനന്ദിച്ചു. മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി 15 അംഗ ടീമാണ് സജീവമായി പ്രവര്‍ത്തിക്കുന്നതെന്ന് എം.സി.എം.സി നോഡല്‍ ഓഫീസര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവും എം.സി.എം.സി പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്സര്‍വര്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, പോലീസ് ഒബ്‌സര്‍വര്‍ അശോക് കുമാര്‍ സിംഗ്, എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ കൈലാസ് പി ഗെയ്ക് വാദ്, മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി-വിജില്‍ കണ്ട്രോള്‍ റൂം, വെബ്കാസ്റ്റിങ് കണ്ട്രോള്‍ റൂം എന്നിവയും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ഇവിടെ ഞങ്ങളുമുണ്ട്…വോട്ടവകാശത്തിന് നന്ദി പറഞ്ഞ് കൃഷ്ണന്‍

0

ഇരുള്‍ പടര്‍ന്നുപോയ ജീവിതത്തില്‍ വെളിച്ചമാകുന്ന പ്രതീക്ഷകള്‍. രണ്ടു പതിറ്റാണ്ടിലേറെയായി കിടപ്പിലായിപ്പോയ ദൗര്‍ഭാഗ്യത്തിലും ഈ വോട്ടടെപ്പ് കാലത്ത് തന്നെ പോലയുളളവരെയും പരിഗണിച്ചതിന്റെ സന്തോഷത്തിലാണ് തരിയോട് കളരിക്കോട് കോളനിയിലെ കൃഷ്ണന്‍. ഇതിനായി സൗകര്യം ഒരുക്കി തന്ന ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന് ഈ വോട്ടര്‍ ഹൃദ്യമായി ഒരു കുറിപ്പെഴുതി. ഞാന്‍ രാജ്യത്തിന് വേണ്ടി വോട്ട് ചെയ്തു. അത് സാധിച്ചു. വോട്ടുപെട്ടി വീട്ടിലെത്തി പോസ്റ്റലായി വോട്ട് ചെയ്യാന്‍ കഴിഞ്ഞത് കൊണ്ട് മാത്രം. ഞങ്ങളെ പോലെയുള്ളവരും ഈ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ട് എന്ന് ബോധ്യപ്പെടുത്താന്‍ ഈ വോട്ടവകാശത്തിലൂടെ എനിക്കും കഴിഞ്ഞു. ബഹുമാനപ്പെട്ട ഞങ്ങളുടെ ജില്ലയുടെ ഭരണാധികാരിയായ കളക്ടര്‍ രേണു രാജ് അവര്‍കള്‍ക്ക് ആയിരം, ആയിരം അഭിനന്ദനങ്ങള്‍.

തരിയോട് മൂന്നാം വാർഡ് കളരിക്കോടിലെ കൃഷ്ണന് ഇരുപതാം വയസ്സിലാണ് മരത്തില്‍ നിന്നും വീണ് നട്ടെല്ലിന് പിരിക്കേറ്റത്. അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായ പണിയ സമുദായംഗമായ കൃഷ്ണന് അതോടെ പ്രതീക്ഷകളെല്ലാം ഒറ്റ മുറിക്കുള്ളിലൊതുങ്ങി. പോളിങ്ങ് ബൂത്തിലെത്തി വോട്ടു ചെയ്യുകയെന്നതെല്ലാം ശ്രമകരമായിരുന്നു. പലപ്പോഴും കൂട്ടുകാരുടെ സഹായത്തോടെയാണ് ഇതെല്ലാം നിറവേറ്റിയിരുന്നത്. ഏറെ ആഗ്രഹമുളള വോട്ടുചെയ്യുക എന്ന പൗരധര്‍മ്മവും ഇത്തവണ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യങ്ങള്‍ക്കിടയിലാണ് മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കുമെല്ലാം വീട്ടില്‍ തന്നെ വോട്ടുചെയ്യാനുള്ള സൗകര്യം ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കുന്നത്. ഇത് ഭംഗിയായി നിറവേറ്റി തന്ന ജില്ലാ വരാണാധികാരി കൂടിയായ കളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ് കൃഷ്ണന്‍ കിടപ്പമുറിയില്‍ നിന്നും അഭിനന്ദനങ്ങളറിയിച്ച് കുറിപ്പെഴുതിയത്. കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് കൃഷ്ണനെ നേരിട്ട് വിളിച്ച് കാര്യങ്ങളെല്ലാം അന്വേഷിച്ചു. കരുത്തുറ്റ ജനാധിപത്യ രാജ്യത്തിന്റെ നിര്‍മ്മിതിക്ക് ഓരോ വോട്ടും പ്രധാനപ്പെട്ടതാണെന്നും ഇത് ആവേശത്തോടെ വിനിയോഗിച്ച കൃഷ്ണനെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു. ഇങ്ങിനെ വീടുകളിലെത്തി നൂറകണക്കിന് വോട്ടര്‍മാര്‍ക്ക് സൗകര്യപൂര്‍വ്വം വോട്ട് ചെയ്യാന്‍ അവസരമൊരുക്കി അക്ഷീണം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥ സംഘത്തെയും ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അഭിനന്ദിച്ചു. ജില്ലയില്‍ വീടുകളില്‍ നിന്നുള്ള വോട്ടെടുപ്പിന് 5821 പേരാണ് അപേക്ഷ നല്‍കിയിരുന്നത്. അതിവേഗമാണ് ജില്ലയിൽ വീടുകളിൽ നിന്നുള്ള വോട്ടെടുപ്പും പൂർത്തിയാകുന്നത്.

ഹരിതചട്ടപാലനം;തദ്ദേശസ്ഥാപന തല പരിശോധന നടത്തി

0

പൊതുജന ബോധവല്‍ക്കരണം ശക്തമാക്കും

ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഹരിതചട്ടപാലനവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസര്‍മാര്‍ പരിശോധന നടത്തി. തദ്ദേശ തലത്തില്‍ ഹരിത ചട്ട പരിപാലന കാര്യങ്ങള്‍ പരിശോധിക്കുകയും ഹരിതചട്ടം നടപ്പിലാക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍, വ്യാപാരി, ഹോട്ടല്‍ അസോസിയേഷനുകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനായി ശുചിത്വ മിഷന്‍ തയ്യാറാക്കിയ കൈപുസ്തകം, ബ്രോഷറുകള്‍, നോട്ടീസുകള്‍ എന്നിവ വിതരണം ചെയ്തു. തദ്ദേശ സ്ഥാപന പരിധിയില്‍ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്ന പ്രചാരണ ബോര്‍ഡുകളും ബാനറുകളും പോസ്റ്ററുകളും പ്രകൃതി സൗഹൃദ വസ്തുക്കളാല്‍ നിര്‍മ്മിച്ചതാണെന്ന് ഉറപ്പ് വരുത്തണം. കൊടി, തോരണങ്ങള്‍ എന്നിവ പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമായിരിക്കണം. ഔദ്യോഗിക പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ കോട്ടണ്‍, പേപ്പര്‍, പോളിഎത്തിലിന്‍ തുടങ്ങിയ പുനരുപയോഗ വസ്തുക്കള്‍കൊണ്ട് നിര്‍മ്മിക്കണം. ഹരിത ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 10000 രൂപ മുതല്‍ പിഴ ചുമത്തുമെന്നും ഇവ പരിശോധിക്കാനായി ജില്ലാ തലത്തിലും തദ്ദേശ തലത്തിലും സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ എസ്. ഹര്‍ഷന്‍ അറിയിച്ചു.

എല്ലാം സുസജ്ജം;വോട്ടിങ്ങ് യന്ത്രങ്ങള്‍ കമ്മീഷന്‍ ചെയ്തു

0

ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടിങ്ങ് യന്ത്രങ്ങളുടെ കമ്മീഷനിങ്ങ് പൂര്‍ത്തിയായി. മുട്ടില്‍ ഡബ്ല്യു.എം ഒ കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ എന്നിവടങ്ങളില്‍ നടന്ന കമ്മീഷനിങ്ങില്‍ 576 വോട്ടിങ്ങ് യന്ത്രങ്ങളും റിസര്‍വ്വായി വെച്ച യന്ത്രങ്ങളുമാണ് കമ്മീഷന്‍ ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, പോലീസ് നിരീക്ഷകന്‍ അശോക് കുമാര്‍ സിംഗ്, ചെലവ് നിരീക്ഷകന്‍ കൈലാസ് പി ഗെയ്ക് വാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് കമ്മീഷനിങ്ങ് നടന്നത്. ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരയ സബ്കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ഇ.അനിതകുമാരി, സി മുഹമ്മദ് റഫീഖ് എന്നിവര്‍ കമ്മീഷനിങ്ങിന് മേല്‍നോട്ടം നല്‍കി. സ്ഥാനാര്‍ത്ഥി നിശ്ചയിക്കുന്ന ഏജന്റ്, ജില്ലയ്ക്ക് അനുവദിച്ച ബെല്‍ എന്‍ജിനീയര്‍മാരുടെയും സാന്നിധ്യത്തിലാണ് ഇ.വി.എം കമ്മീഷനിങ് നടന്നത്. കമ്മീഷന്‍ പൂര്‍ത്തിയായതോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെല്ലാം സീല്‍ ചെയ്തു. ഇവ സ്ട്രോങ് റൂമുകളില്‍ സുക്ഷിക്കും. വോട്ടെടുപ്പിന് തലേന്ന് സ്ട്രോങ് റൂം തുറന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇവ കൈമാറും.

ശില്‍പ്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും 98 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

0

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും പൂനെയിലെ ബംഗ്ലാവും ഓഹരികളും ഉള്‍പ്പെടെ 98 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇഡി. ശില്‍പ ഷെട്ടിയുടെ ജുഹുവിലെ ഫ്‌ലാറ്റ് ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുക്കെട്ടിയത്.

2002 ല്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടപടി. പ്രതിമാസം പത്ത് ശതമാനത്തോളം ലാഭം തരാമെന്ന് പറഞ്ഞ് 6600 കോടി രൂപ ബിറ്റ് കോയിനുകള്‍ക്കെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം വാങ്ങി മുങ്ങിയ മറ്റൊരു കേസിലും ഇഡി അന്വേഷണം നടത്തുന്നുണ്ട്. 2017 ലാണ് ബിറ്റ് കോയിന്‍ തട്ടിപ്പ് നടക്കുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വേരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വഴിയായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്.

നിക്ഷേപകരെ വഞ്ചിച്ച് അനധികൃതമായി സമ്പാദിച്ച ബിറ്റ്‌കോയിനുകള്‍ അവ്യക്തമായ ഓണ്‍ലൈന്‍ വാലറ്റുകളില്‍ നിക്ഷേപിച്ചുവെന്ന് ഇഡി ആരോപിച്ചു. ബിറ്റ്‌കോയിന്‍ മൈനിങ് ഫാം സ്ഥാപിക്കുന്നതിനായി ഗെയിന്‍ ബിറ്റ്‌കോയിന്‍ പോന്‍സിയുടെ സൂത്രധാരനും പ്രമോട്ടറുമായ അമിത് ഭരദ്വാജില്‍ നിന്ന് കുന്ദ്ര 285 ബിറ്റ്‌കോയിനുകള്‍ സ്വീകരിച്ചു, നിലവില്‍ 150 കോടി രൂപ വിലമതിക്കുന്ന 285 ബിറ്റ്കോയിനുകള്‍ കുന്ദ്രയുടെ കൈവശമുണ്ടെന്നും ഇഡി അറിയിച്ചു.

കാസര്‍കോട്ട് മോക്‌പോളില്‍ ബിജെപിക്ക് അധിക വോട്ട്: പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

0

ന്യൂഡല്‍ഹി: കാസര്‍കോട്ടെ മോക്‌പോളില്‍ ബിജെപിക്ക് അധിക വോട്ടു പോയി എന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഇലക്ട്രോണിക് വോട്ടിങ് മെഷീനിനൊപ്പം വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ കൂടി എണ്ണണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് മോക്‌പോള്‍ വിഷയം സുപ്രീംകോടതിയില്‍ ഉയര്‍ന്നു വന്നത്.

ഹര്‍ജി നല്‍കിയതിലൊന്നായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് കാസര്‍കോട്ട് ഉണ്ടായ മോക്‌പോള്‍ വിഷയം കോടതിയില്‍ ഉന്നയിച്ചത്. നാലു ഇലക്ടോണിക് വോട്ടിങ് മെഷീനുകളില്‍ മോക്‌പോള്‍ നടത്തിയപ്പോള്‍ ഓരോ വോട്ടുകള്‍ ബിജെപിക്ക് അധികമായി പോയി എന്നാണ് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

മോക്‌പോളില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുമായും ഇവിഎമ്മുമായും ബന്ധപ്പെട്ട പ്രക്രിയകള്‍, കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പാക്കുന്നത് തുടങ്ങിയവ വിശദീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിവിപാറ്റ് ഹര്‍ജിയില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഇന്നലെ നടന്ന മോക്പോളിലാണ് ഇവിഎമ്മിൽ ബിജെപിക്ക് അധികമായി വോട്ടു ലഭിച്ചത്. മോക് പോളിന്റെ ആദ്യ റൗണ്ടിൽ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്താൻ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമർത്തി പരീക്ഷിച്ചപ്പോൾ നാലു മെഷീനുകളിൽ ബിജെപിക്ക് രണ്ടു വോട്ട് ലഭിച്ചതായി വ്യക്തമാക്കി. ബിജെപിയുടെ ചിഹ്നത്തിൽ അമർത്താതിരുന്നപ്പോഴും പാർട്ടിയുടെ കണക്കിൽ ഒരു വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

തുടർന്ന് കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ, സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ഏജന്റുമാരാണ് ജില്ലാ കലക്ടർ കെ ഇമ്പശേഖറിന് പരാതി നൽകിയത്. മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

ഇവിഎം വഴി വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്ന മിക്ക യൂറോപ്യന്‍ രാജ്യങ്ങളും പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയെന്ന് നേരത്തെ ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തിരികെ ബാലറ്റിലേക്ക് മടങ്ങിപ്പോകുന്നതിന്റെ പ്രായോ​ഗിക ബുദ്ധിമുട്ടുകൾ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സാധാരണയായി മനുഷ്യ ഇടപെടലില്ലാതെ യന്ത്രം നിങ്ങള്‍ക്ക് കൃത്യമായ ഫലങ്ങള്‍ നല്‍കും. മനുഷ്യന്റെ ഇടപെടല്‍ ഉണ്ടാകുമ്പോഴോ, സോഫ്റ്റ് വെയറിലോ മെഷീനിലോ അനധികൃതമായി മാറ്റങ്ങള്‍ വരുത്തുമ്പോഴോ ആണ് പ്രശ്‌നം ഉണ്ടാകുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.