14.6 C
London
Saturday, June 6, 2026
Home Blog Page 6

വീട്ടിലെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍; കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0

കോഴിക്കോട് : കോഴിക്കോട് നന്മണ്ടയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. പനോളുകണ്ടി റഫീഖിന്റെ വീട്ടിലാണ് പാമ്പിനെ കണ്ടത്.

റഫീഖിന്റെ മകന്‍ അല്‍ഷീദ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പാമ്പുപിടിടുത്തക്കാരെത്തിയാണ് മൂര്‍ഖനെ വലയിലാക്കിയത്.

മലപ്പുറം തിരൂരില്‍ കുട്ടി കളിച്ചുകൊണ്ടിരിക്കെ പാമ്പ് സമീപത്തെത്തി. കുട്ടി ഉടന്‍ ഓടിപ്പോയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. പാമ്പ് എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

‘അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടി’; കുറ്റം സമ്മതിച്ച് സജി, ഒളിച്ചിരുന്നത് വീടിന് സമീപത്തെ പാറക്കെട്ടില്‍

0

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതകത്തില്‍ പ്രതി സജി കുറ്റം സമ്മതിച്ചു. അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചുമൂടിയെന്ന് സജി പൊലീസിനോട് പറഞ്ഞു. വീടിനു സമീപത്തെ പറമ്പിലെ വലിയ പാറക്കെട്ടിനുള്ളിലാണ് പ്രതി ഒളിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ നാടു വിട്ടു പോകാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, ഡ്രോണും പൊലീസ് നായയെയും ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി വരികയായിരുന്നു.

തിരച്ചിലിന് പൊലീസിനെ സഹായിക്കാന്‍ നാട്ടുകാരും കൂടി. ഇതിനിടെ മറുഭാഗത്തുകൂടി തോട്ടുവാക്കരയെന്ന ഭാഗത്തേക്ക് ഇയാള്‍ ഇറങ്ങിവന്നു. ഇതു നാട്ടുകാര്‍ കണ്ടു. തനിക്ക് തെറ്റുപറ്റിയെന്നും കീഴങ്ങുമെന്നും സജി നാട്ടുകാരോട് പറഞ്ഞു. അതിനിടെ പൊലീസ് സംഘം സ്ഥലത്തെത്തി സജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയശേഷം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കട്ടപ്പന ഡിവൈഎസ്പി വി ടി ഷാജന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

രണ്ടുദിവസമായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ പിടികൂടുമ്പോള്‍ പ്രതി അവശനായിരുന്നു. മേരിക്കുട്ടിയെയും റെജിയേയും കൊലപ്പെടുത്തിയതാണെന്ന് പിടിയിലായപ്പോള്‍ തന്നെ സജി പൊലീസിനോട് സമ്മതിച്ചിരുന്നു. 2018 ല്‍ പിതാവ് മാത്യുവിനെ കാണാതായതില്‍ സജിക്ക് പങ്കുണ്ടോയെന്നും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. സജിയുടെ കൈക്കുള്ള പൊട്ടലും ശരീരത്തിലെ പരിക്കുകളും സംബന്ധിച്ച് സഹോദരി സിനി സംശയം പ്രകടിപ്പിച്ചിരുന്നു. കൊലപാതകം നടത്തിയപ്പോള്‍ സംഭവിച്ചതാകാം ഈ പരിക്കുകളെന്നാണ് പൊലീസ് നിഗമനം.

കൊലപാതകത്തിനുള്ള കാരണം, എങ്ങനെയാണ് കൃത്യം നടത്തിയത്, മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സജിയില്‍ നിന്നും ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. മേരിക്കുട്ടി – മാത്യു ദമ്പതികള്‍ക്ക് സജിയേയും മരിച്ച റെജിയേയും കൂടാതെ, രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. വിവാഹിതയായ സിനിയും, ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഒരു പെണ്‍കുട്ടിയുമുണ്ട്. അമ്മയേയും സഹോദരനേയും കാണാതായതില്‍ സഹോദരി സിനി നല്‍കിയ പരാതിയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായി മാറിയത്.

അവന്‍ എന്തിനാണ് ഇതു ചെയ്തതെന്ന് അറിയണമെന്ന് സജിയുടെ സഹോദരി സിനി ആവശ്യപ്പെട്ടു. അച്ഛനെയും ഇവന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് അറിയണം. ഇവന്റെ പുറത്ത് 16 സ്റ്റിച്ചുണ്ടെന്നും കൈക്ക് പൊട്ടലുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ബാത്‌റൂമില്‍ വീണതാണെന്നാണ് നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ ബാത്‌റൂമില്‍ വീഴാന്‍ ഒരു സാധ്യതയുമില്ല. അതാണ് സജിയില്‍ സംശയം തോന്നിയത്.റെജിയുമായി മദ്യപിച്ച് വഴക്കുണ്ടാക്കുമായിരുന്നുവെന്നും സിനി പറയുന്നു. സജി മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധു പറഞ്ഞു. പിതാവിന്റെ തിരോധാനം അന്വേഷിക്കുന്നതില്‍ സജി നിസ്സംഗത കാണിച്ചതോടെയാണ് അന്വേഷണം വഴിമുട്ടിപ്പോയതെന്നും ബന്ധു കൂട്ടിച്ചേര്‍ത്തു.

പത്രപ്രവർത്തകർക്കായി കേന്ദ്ര സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കണം

0

കൽപ്പറ്റ: രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും നൽകുന്ന സംഭാവനകൾ പരിഗണിച്ച് കേന്ദ്ര സർക്കാർ മാധ്യമ പ്രവർത്തകർക്ക് പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കണമെന്ന് സീനിയർ ജർണലിസ്റ്റ് ഫോറം വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൈനാട്ടി പത്മപ്രഭാ ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി ടി.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സുരക്ഷാ പദ്ധതി, കേന്ദ്ര ക്ഷേമനിധി, നാഷണൽ മീഡിയാ കമ്മീഷൻ തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡി സെപ്പിൽ ട്രഷറി മുഖേന പെൻഷൻ വാങ്ങുന്ന മുതിർന്ന പത്രപ്രവർത്തകരെയും ഭാര്യമാരെയും ഉൾപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ നൽകുന്ന പത്രപ്രവർത്തക പെൻഷൻ 20000 രൂപയാക്കുക, ആശ്രിത പെൻഷൻ നിലവിലുള്ള പത്രപ്രവർത്തക പെൻഷന്റെ പകുതിയായി വർദ്ധിപ്പിക്കുക, പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ജില്ലയിൽ നിന്ന് അഞ്ച് പ്രതിനിധികളെ അയക്കാൻ തീരുമാനിച്ചു.
സെക്രട്ടറി പ്രദീപ് മാനന്തവാടി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ കെ.സജീവൻ, പി രാജഗോപാലൻ, സെബാസ്റ്റൻ ജോസഫ് പ്രസംഗിച്ചു.

എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന്; പ്ലസ് ടു 22ന്

0

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം മേയ് 22നും വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനത്തോടെ അതിന്‍റെ ഫലവും പ്രഖ്യാപിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു. ശേഷം ഉടൻ തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി രണ്ടാം വർഷ ഇംപ്രൂവ്‌മെന്‍റ് ഫലം മേയ് എട്ടിനും ഒന്നാം വർഷ പരീക്ഷ ഫലം ജൂൺല 10 നും പ്രഖ്യാപിക്കും

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബത്തേരി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
സഹോദരങ്ങൾ: മുഹമ്മദ് ആദിൽ, മുഹമ്മദ്‌ ഹഫീസ്.

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന്പിന്നിലെന്നാണ് പ്രാഥമിക നിഗമനം

0

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36),
ഭാര്യ : നീതു
മക്കൾ : അനുരാഗ്, അനുനന്ദ
കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37), എന്നിവരാണ് മരിച്ചത്. ഇവർ ബെംഗളുരുവിലേക്കുള്ള യാത്രയിലായിരുന്നു. ഇരുവരും സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയില്‍

0

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ വീട്ടുവളപ്പില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍, പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് സജിയെ പൊലീസ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ടാണ് സജി വീട്ടില്‍ നിന്നും ഒളിവില്‍ പോയത്. വീടിന് സമീപത്തു താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തി സംസാരിക്കുന്നതിനിടെ, നെടുങ്കണ്ടം പൊലീസും വീട്ടിലേക്കെത്തി.

പൊലീസ് ജീപ്പ് കണ്ടതോടെ, സജി തന്ത്രത്തില്‍ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. ഇന്നലെ മുഴുവന്‍ വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും സജിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഡ്രോണും ഡോഗ് സ്‌ക്വാഡും അടക്കം തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. പൊലീസ് നായ മണം പിടിച്ച് വീടിന് സമീപത്തു നിന്നും സജിയുടെ ബാഗ് കണ്ടെടുത്തിരുന്നു. ഇന്നു രാവിലെയും വീടിന് സമീപത്തു നടത്തിയ പരിശോധനയിലാണ് സജിയെ പിടികൂടുന്നത്.

പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ടുമുതല്‍ കാണാതായിരുന്നു. ഇവരുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരെയും കൊന്നു കുഴിച്ചു മൂടിയെന്നാണ് പൊലീസ് കരുതുന്നത്. അവിവാഹിതരായ മൂത്തമകന്‍ റെജി, ഇളയ മകന്‍ സജി (43) എന്നിവര്‍ക്കൊപ്പമാണ് മേരിക്കുട്ടി താമസിച്ചിരുന്നത്.

‘എല്ലാ ഇന്ത്യൻ ബൗളർമാരേയും ഞാൻ വെറുക്കുന്നു’; പാകിസ്ഥാൻ യുവ താരത്തിന്റെ പ്രസ്താവന; വിവാദം കത്തുന്നു

0

ഇസ്ലാമബാദ്: ഇന്ത്യൻ ടീമിലെ എല്ലാ ബൗളർമാരേയും താൻ വെറുക്കുന്നുവെന്നു പാകിസ്ഥാൻ യുവ താരത്തിന്റെ വിവാദ പ്രസ്താവന. പാക് താരം ഹസൻ നവാസാണ് ഒരു സ്വകാര്യ അഭിമുഖത്തിനിടെ ഇന്ത്യൻ ബൗളർമാർക്കെതിരെ മോശം പരാമർശം നടത്തിയത്. താരത്തിന്റെ വിവാദ​ പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

ഇന്ത്യക്കെതിരെ കളിക്കുമ്പോൾ തനിക്കു പ്രത്യേക പ്രചോദനം ലഭിക്കാറുണ്ടെന്നും ഇന്ത്യൻ ബൗളർമാർക്കെതിരെ ആക്രമിച്ചു കളിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും താരം പറയുന്നു. പിന്നാലെയാണ് ഇന്ത്യയുടെ എല്ലാ ബൗളർമാരേയും താൻ വെറുക്കുന്നതായി താരം പ്രതികരിച്ചത്.

‘ഇന്ത്യക്കെതിരെ കളിക്കുമ്പോൾ തീർച്ചയായും അധിക പ്രചോദനമുണ്ടാകും. അവരുടെ ബൗളർമാരെ ആക്രമിക്കാൻ സ്വാഭാവികമായി തന്നെ തോന്നും. സത്യം പറഞ്ഞാൽ എനിക്ക് ഇന്ത്യൻ ടീമിലെ എല്ലാ ബൗളർമാരോടും വെറുപ്പാണ്. ഇൻഷാ അല്ലാഹ്, അവസരം ലഭിച്ചാൽ ഭാവിയിലും ആക്രമിച്ചു കളിക്കാൻ തന്നെ ഞങ്ങൾ ശ്രമിക്കും’- നവാസ് പറഞ്ഞു.

2025ൽ ന്യൂസിലൻഡിനെതിരായ ടി20 പോരാട്ടത്തിലാണ് വലം കൈയൻ ബാറ്ററായ നവാസ് ദേശീയ ടീമിനായി അരങ്ങേറിയത്. 25 മത്സരങ്ങളിൽ നിന്നു 457 റൺസാണ് നേടിയത്. ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറികളും പാക് ടീമിനായി നേടി. ശരാശരി 20.77, സ്ട്രൈക്ക് റേറ്റ് 154.39. ടി20യിൽ ഒരു തവണ മാത്രമേ താരം ഇന്ത്യക്കെതിരെ കളിച്ചിട്ടുള്ളു. ഈ മത്സരത്തിൽ നേടിയതാകട്ടെ 5 റൺസും.

പിഎസ്എല്ലിൽ നിലവിൽ ഭേദപ്പെട്ട ഫോമിലാണ് നവാസ്. 10 മത്സരങ്ങളിൽ നിന്നു രണ്ട് അർധ സെഞ്ച്വറികൾ താരം നേടി. ക്വെറ്റ ​ഗ്ലാഡിയേറ്റേഴ്സ് താരമാണ് നവാസ്. ടൂർണമെന്റിൽ ടീമിന്റെ പ്രകടനം ദയനീയമാണ്. മൂന്ന് മത്സരങ്ങൾ മാത്രം ജയിച്ച അവർ പ്ലേ ഓഫിലെത്താതെ പുറത്തായിക്കഴിഞ്ഞു.

ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു; സ്വര്‍ണവില 1,12,000ലേക്ക്

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. 1,12,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 14,025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറിലേക്ക് അടുക്കുകയാണ്. നിലവില്‍ 0.90 ശതമാനം വര്‍ധിച്ച് 106 ഡോളറിന് മുകളിലാണ് എണ്ണവില.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഹജ് ക്യാംപിന് നാളെ തുടക്കം; കൊച്ചിയില്‍ നിന്ന് ആദ്യ വിമാനം വ്യാഴാഴ്ച

0

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനോടു ചേര്‍ന്നുള്ള ഹജ് ക്യാംപിന് നാളെ തുടക്കം. സിയാല്‍ എയ്‌റോപാര്‍ക്കിന് സമീപത്തായാണ് സിയാലിന്റെയും സംസ്ഥാന ഹജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഹജ് ക്യാംപ് സജ്ജമാക്കിയിരിക്കുന്നത്. സിയാല്‍ അക്കാദമിയിലെ കെട്ടിടങ്ങള്‍ക്ക് പുറമെ, 1.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താല്‍ക്കാലിക പന്തല്‍ ഒരുക്കിയിട്ടുണ്ട്.

1200 പേര്‍ക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യവും ക്യാംപില്‍ സജ്ജമാക്കിയിട്ടുണ്ട്. അറുന്നൂറോളം പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യം, വിശാലമായ അസംബ്ലി ഹാള്‍, ഭക്ഷണശാല എന്നിവയുമുണ്ട്. സിയാല്‍ അക്കാദമി കെട്ടിടത്തിലാണ് ഹജ് സെല്‍, ഹജ് കമ്മിറ്റി ഓഫീസ്, അലോപ്പതി, ഹോമിയോ ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്.

വ്യാഴാഴ്ചയാണ് തീര്‍ത്ഥാടകരമായുള്ള ആദ്യ വിമാനം കൊച്ചിയില്‍ നിന്നും പുറപ്പെടുന്നത്. ഈ വിമാനത്തില്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ നാളെ ക്യാംപില്‍ എത്തിച്ചേരണം. 450 പേരാണ് ആദ്യ സംഘത്തിലുള്ളത്. രാജ്യാന്തര ടെര്‍മിനലായ ടി3യില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ അവിടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഹജ് ക്യാംപിലേക്ക് എത്തിച്ചേരേണ്ടത്.

തീര്‍ത്ഥാടകരുടെ ലഗേജുകള്‍ സ്വീകരിക്കുന്നതിനും രജിസ്‌ട്രേഷന്‍ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ഹജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫ്‌ലൈനാസ് എയര്‍വേയ്‌സാണ് ഈ വര്‍ഷം കൊച്ചിയില്‍ നിന്നുള്ള ഹജ് സര്‍വീസുകള്‍ നടത്തുന്നത്. മെയ് 8 നാണ് അവസാന വിമാനം. ആകെ 8341 തീര്‍ത്ഥാടകരാണ് കൊച്ചിയില്‍ നിന്നും പുറപ്പെടുന്നത്.