14.4 C
London
Saturday, June 6, 2026
Home Blog Page 2

ഒരാളെ ചവിട്ടിക്കൊന്നു, വാഹനങ്ങൾ കുത്തി മറിച്ചു, മണിക്കൂറുകളോളം നാട്ടുകാരെ ‘വിറപ്പിച്ചു’; ഇടഞ്ഞ പാർത്ഥസാരഥിയെ മയക്കുവെടിവെച്ചു

0

കൊച്ചി : അങ്കമാലി കിടങ്ങൂരിൽ ഇടഞ്ഞ് പരിഭ്രാന്ത്രി സൃഷ്ടിച്ച ആനയെ മയക്കു വെടിവെച്ചു തളച്ചു. വിരണ്ട ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചിരുന്നു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ പത്തനംതിട്ട സ്വദേശി വിഷ്ണുവാണ് മരിച്ചത്. രണ്ടാം പാപ്പാൻ പ്രദീപിന് സാരമായി പരിക്കേറ്റിരുന്നു. കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ചായിരുന്നു സംഭവം.

സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്. തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റാണ് വിഷ്ണു മരിച്ചത്.

തുടർന്ന് സമീപത്തുണ്ടായിരുന്ന കാർ‌, പിക്കപ്പ് വാൻ, സ്കൂട്ടർ തുടങ്ങി നിരവധി വാഹനങ്ങൾ ആന തകർത്തു. മണിക്കൂറുകളോളമാണ് ആന പരിഭ്രാന്തി പരത്തിയത്. മലയാറ്റൂരില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി. സാരമായി പരിക്കേറ്റ കൊല്ലം പുത്തന്‍പുരയ്ക്കല്‍ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

‘ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?’; ​ഗ്യാസ് വില വർധനവിൽ സുരേഷ് ​ഗോപി

0

തൃശൂര്‍: പാചകവാതക വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോകം മുഴുവന്‍ ഒന്ന് അന്വേഷിച്ചു നോക്കൂ. എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ ?. വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോയെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് ഗോപി വ്യക്തമായ മറുപടി നല്‍കിയില്ല.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയില്‍ വന്‍ വര്‍ധനയാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്. വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 3000 രൂപ കടന്നു. 3085 രൂപയാണ് കൊച്ചിയിലെ പുതിയ സിലിണ്ടര്‍ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ എന്നിങ്ങനെയാണ്. ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂര്‍വമാണ്.

ഒറ്റയടിക്ക് സിലിണ്ടറിന്റെ വില വലിയ തോതില്‍ കൂട്ടിയത് ഹോട്ടല്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം താളം തെറ്റിക്കും. പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടുന്നതിനാല്‍, ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാനും ഇടയാക്കിയേക്കും. ഇത് സാധാരണക്കാരന്റെ ബജറ്റിനെയും ബാധിക്കും. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

‘രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു, വീട് ജപ്തിയിൽ ആണ്; മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണെന്ന്’ നടൻ സുബീഷ് സുധി

0

സിനിമ നിർമിച്ച് കടക്കെണിയിലായെന്ന് നടൻ സുബീഷ് സുധി. സാമ്പത്തികബാധ്യത മൂലം രണ്ട് തവണ ജീവനൊടുക്കാൻ ശ്രമിച്ചെന്നും സുഹൃത്തുക്കളുടെ ഇടപെടലിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും സുബീഷ് സുധി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

തന്റെ ഫോണിലേക്ക് ഇപ്പോൾ താൻ കടം വാങ്ങിയവർ മാത്രമാണ് വിളിക്കാറുള്ളതെന്നും നേരായ വഴിയിൽ പൈസ ഉണ്ടാക്കി കടം വീട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സുബീഷ് സുധി പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുക്കളും ചേർന്നാണ് നിർമ്മിച്ചത്.

2024 മാർച്ച്‌ 8 പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയറ്റർ നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും എക്സാമും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5 ൽ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.

സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങൾ ആയിരുന്നു. ഒരു ഭാരത സർക്കാർ ഉത്പന്നം സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ്‌ കട്ട്‌ ചെയ്തു. റിലീസ് നു 2 ദിവസം മുന്നേ തിരക്കഥകൃത്തു നിസാംക്ക മരണപെട്ടു. പിന്നേ ഈ സിനിമ വിൽക്കാൻ ബോംബയിൽ പോയി അവിടെ കുറെ ഏജന്റ്മാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല.

ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. എന്റെ വീട് ജപ്തിയിൽ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട്‌ തന്നവർ എനിക്കു എതിരെ കേസ് കൊടുത്തു.

അത് വാറണ്ട് ആയി. എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം 40 ഓളം കോളുകൾ ആണ് വരുന്നത് കടക്കാരുടേത്.

പിടിച്ചു നിൽക്കാനാവാതെ 2 തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. സൂയിസൈഡ് attemptന് മുന്നേ ഞാൻ രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ചിരുന്നു. അവരിൽ ആരോ കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. aswathy മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.

ഈ നല്ല സിനിമ തിയറ്ററിൽ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയിൽ ആണ്. എന്റെ പടത്തിന്റെ പ്രൊഡ്യൂസർമാറും സമാന അവസ്ഥയിൽ ആണ്. ഒരു അടി പോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം.

ഇനി പോസ്റ്റല്‍ വോട്ടില്ല; സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം തള്ളി ഹൈക്കോടതി

0

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ല. തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് നിഷേധിച്ചെന്നും അതിനാല്‍ പോസ്റ്റല്‍ വോട്ട് അനുവദിക്കണമെന്നുമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെയാണെന്നും റിട്ട് ഹര്‍ജിയിലൂടെയല്ലെന്നും ഹൈക്കോടതി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയുണ്ടായിരുന്ന 20,000-ഓളം പേര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണല്‍ ദിവസം രാവിലെ വരെ പോസ്റ്റല്‍ വോട്ട് ചെയ്യാനും അത് വരണാധികാരിയെ ഏല്‍പ്പിക്കാനും അവകാശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെ എതിര്‍ത്തു. ഹര്‍ജി നല്‍കിയവര്‍ക്കൊക്കെ അവരുടെ വീഴ്ചകള്‍ കാരണമാണ് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചത്. ഹര്‍ജിക്കാരില്‍ രണ്ടുപേര്‍ കൃത്യമായി ഫോമുകള്‍ നല്‍കിയിട്ടില്ല, മറ്റൊരാള്‍ പോസ്റ്റല്‍ ബാലറ്റ് കൈപ്പറ്റിയില്ല എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

പോസ്റ്റല്‍ വോട്ടിന് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നതായും ആ സംവിധാനത്തിലൂടെ മാത്രമേ വോട്ട് ചെയ്യാനാവുകയുള്ളൂ എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞത്. വോട്ട് എണ്ണുന്നത് വരെ വോട്ട് ചെയ്യാന്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കേ അവകാശമുള്ളൂവെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ഇനി പോസ്റ്റല്‍ വോട്ട് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കേരളത്തില്‍ ഇഞ്ചോടിഞ്ച്; ബിജെപി 11 സീറ്റുകള്‍ വരെ; ന്യൂനപക്ഷം യുഡിഎഫിനൊപ്പം; ടുഡേയ്‌സ് ചാണക്യ സര്‍വേഫലം

0

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡേയ്‌സ് ചാണക്യ സര്‍വേഫലം. നേരിയ മുന്‍തൂക്കം യുഡിഎഫിനാണ് നല്‍കുന്നത്. യുഡിഎഫ് 60 മുതല്‍ 78 വരെ സീറ്റുകള്‍ നേടുമ്പോള്‍, എല്‍ഡിഎഫ് 55മുതല്‍ 73 സീറ്റുകള്‍ വരെ നേടുമെന്നാണ് പറയുന്നത്. എന്‍ഡിഎ മൂന്ന് മുതല്‍ പതിനൊന്നുവരെ സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് പറയുന്ന ഏക എകസ്റ്റിറ്റ് പോള്‍ സര്‍വേ ഫലമാണിത്.

യുഡിഎഫിന് ന്യൂനപക്ഷത്തിന്റെ പിന്തുണ യുഡിഎഫിനാണെന്നാണ് പ്രവചനം. മുസ്സീം വിഭാഗത്തില്‍ 62 ശതമാനവും ക്രിസ്ത്യന്‍ വിഭാഗത്തില്‍ 53 ശതമാനവും യുഡിഎഫിനൊപ്പമാണ്. എന്നാല്‍ ഈഴവ, പട്ടിക ജാതി, വിഭാഗങ്ങളുടെ പിന്തുണ എല്‍ഡിഎഫിനാണ്. നായര്‍ സമുദായം ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ക്രിസ്ത്യാനികളുടെ വലിയ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് പതിനൊന്ന് ശതമാനത്തിന്റെ പിന്തുണമാത്രമാണ് സര്‍വേ പ്രവചിക്കുന്നത്.

നായര്‍ വിഭാഗം പതിനെട്ട് ശതമാനവും മുസ്ലീം 33 ശതമാനവും ഈഴവ 47 ശതമാനവും ക്രിസ്ത്യന്‍ 34 ശതമാനും പട്ടികജാതി വിഭാഗം 49 ശതമാനവും എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നു. ബിജെപിക്ക് നായര്‍വിഭാഗത്തില്‍ 39 ശതമാനം വോട്ട് കിട്ടുമെന്നാണ് പ്രതീക്ഷ. മുസ്ലീം വിഭാഗത്തില്‍ നിന്ന് നാല് ശതമാനം പിന്തുണ ലഭിക്കുമ്പോള്‍ ഈഴവയില്‍ 32 ശതമാനവും പട്ടികജാതിയില്‍ നിന്ന് പതിനെട്ട് ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.

കളിയാക്കലുകളൊക്കെ ഒന്ന് ഒതുങ്ങിയതേയുള്ളൂ! അപ്പോൾ ദേ ഒടിടിയിൽ; ‘ദ് കേരള സ്റ്റോറി 2’ സ്ട്രീമിങ് തീയതി പുറത്ത്

0

റിലീസിന് മുൻപ് തന്നെ കേരളത്തിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവച്ച ചിത്രമായിരുന്നു ദ് കേരള സ്റ്റോറി 2: ​ഗോസ് ബിയോണ്ട്. ചിത്രത്തിന്‍റെ ആദ്യ ഭാഗത്തേക്കാൾ വിമർശനങ്ങളും തകർച്ചകളുമാണ് രണ്ടാം ഭാ​ഗത്തിന് നേരിടേണ്ടി വന്നത്. പല പ്രതിസന്ധികൾ മറികടന്നായിരുന്നു അണിയറപ്രവർത്തകർ കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.

എന്നാൽ കാണാൻ ആളില്ലാത്ത കാരണം കേരളത്തിലെ പല തിയറ്ററുകളിലും ഷോ റദ്ദാക്കുകയായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ നടത്തിയ വാർത്താ സമ്മേളനവും വൻതോതിൽ ട്രോളുകൾക്ക് കാരണമായി. ഇപ്പോഴിതാ ചിത്രം ഒ‌ടിടി റിലീസിനൊരുങ്ങുകയാണ്. മെയ് 1 ന് സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക.

മുൻപ് മെയ് 8 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ പങ്കുവച്ചത്. പിന്നീട് സ്‌ട്രീമിങ് തീയതി മാറ്റുകയായിരുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം കാണാനാകും. 30 കോടി ബഡ്ജറ്റിലൊരുക്കിയ ചിത്രം 48 കോടിയാണ് ആകെ ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്.

കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത ചിത്രം വിപുല്‍ അമൃത്​ലാല്‍ ഷാ ആണ് നിര്‍മിച്ചിരിക്കുന്നത്. ഉല്ക്ക ​ഗുപ്ത, അദിതി ഭാട്ടിയ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നു എന്നായിരുന്നു ചിത്രത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം.

ചിത്രത്തിന്റെ ട്രെയ്‌ലറിലെ രം​ഗങ്ങളും വൻ വിവാദമായി മാറിയിരുന്നു. അതേസമയം 2023 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാ​ഗം 300 കോടിയാണ് കളക്ട് ചെയ്തത്. സുദീപ്തോ സെൻ ആണ് ആദ്യ ഭാ​ഗം സംവിധാനം ചെയ്തത്.

പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

0

കാസര്‍കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടുമൊരു മരണം കൂടി. കാസര്‍കോട് എളേരിത്തട്ടില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതുചന്ദ്രയാണ് മരിച്ചത്.

വീടിന് സമീപം മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പു കടിയേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കളിക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടം മരപ്പലകകള്‍ക്കിടയിലേക്ക് വീണു. അതെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, പലകകള്‍ക്കിടയിലുണ്ടായിരുന്ന മൂര്‍ഖന്‍ കടിച്ചത്. തുടര്‍ന്ന് കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കാനാവില്ല’; ബലാത്സംഗ ഇരകളുടെ ഗര്‍ഭച്ഛിദ്രത്തില്‍ നിയമം മാറണം: സുപ്രീം കോടതി

0

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായാല്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കാനാവില്ല. അതിജീവിതമാര്‍ക്ക് 20 ആഴ്ച കഴിഞ്ഞും അനാവശ്യ ഗര്‍ഭധാരണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കുന്ന രീതിയില്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ 15 വയസ്സുള്ള പെണ്‍കുട്ടിയുടെ 30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള മുന്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എയിംസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. എയിംസിന്റെ ഹര്‍ജിയെ സുപ്രീം കോടതി ശക്തമായി എതിര്‍ത്തു. ബലാത്സംഗത്തിലൂടെയുണ്ടാകുന്ന ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ സമയപരിധി പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമം ജൈവികമായിരിക്കണമെന്നും, മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അതില്‍ ഉണ്ടാകണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ബലാത്സംഗത്തിനിരയായ കുട്ടിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ആ പെണ്‍കുട്ടിക്ക് ജീവിതകാലം മുഴുവന്‍ മാനസികാഘാതവും വിഷമവും അനുഭവിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അനാവശ്യമായ ഗര്‍ഭധാരണം ഒരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. അമ്മയ്ക്ക് സ്ഥിരമായ ശാരീരിക വൈകല്യങ്ങള്‍ സംഭവിക്കില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.

15 വയസ്സുള്ള ഒരു കുട്ടിയുടെ അനാവശ്യ ഗര്‍ഭധാരണമാണിത്. അവള്‍ ഇപ്പോള്‍ പഠിക്കേണ്ട പ്രായമാണ്, എന്നാല്‍ നമ്മള്‍ അവളെ അമ്മയാകാന്‍ നിര്‍ബന്ധിക്കുന്നു. അവള്‍ അനുഭവിച്ച വേദനയും അപമാനവും ചിന്തിച്ചുനോക്കൂ’ എന്ന് എയിംസിന്റെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ എയിംസിന് കോടതി നിര്‍ദ്ദേശം നല്‍കി. അന്തിമ തീരുമാനം പെണ്‍കുട്ടിയുടെയും രക്ഷിതാക്കളുടെയും താല്പര്യപ്രകാരമായിരിക്കണമെന്നും, ശരിയായ തീരുമാനമെടുക്കാന്‍ വൈദ്യശാസ്ത്ര വിദഗ്ധര്‍ അവരെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

30 ആഴ്ചയായതിനാല്‍ ഇപ്പോള്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് വൈദ്യശാസ്ത്രപരമായി ഉചിതമല്ലെന്നാണ് എയിംസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി വാദിച്ചത്. ഈ ഘട്ടത്തില്‍ ഭ്രൂണത്തിന് ജീവന്‍ നിലനിര്‍ത്താന്‍ ശേഷിയുണ്ടെന്നും, കുട്ടി ജനിച്ചാല്‍ ദത്തെടുക്കാന്‍ നല്‍കാവുന്നതാണെന്നും ഐശ്വര്യ ഭാട്ടി നിര്‍ദ്ദേശിച്ചു. എന്നാല്‍ അമ്മയ്ക്ക് ഇത് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, തീരുമാനം അതിജീവിതയുടെയും മാതാപിതാക്കളുടെയും സമ്മതപ്രകാരമായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഏപ്രില്‍ 24-ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് 30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിക്ക് അനുമതി നല്‍കിയിരുന്നു.

മൂന്ന് സീറ്റുകളിലും യുഡിഎഫ് വിജയിക്കും

0

കൽപറ്റ : നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ജില്ലയിലെ യു ഡി എഫ് നേതാക്കളും പ്രവർത്തകരും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്നും സ്ഥാനാർഥികളുടെ ജനസ്വാധീനവും പ്രവർത്തന മികവും പിണറായി സർക്കാരിനോടുള്ള പൊതുജന അമർഷവും തിരഞ്ഞെടുപ്പ് സമിതികളുടെ ചിട്ടയായ പ്രവർത്തന ശൈലിയുമെല്ലാം വയനാട്ടിലെ മൂന്ന് നിയമസഭാ സീറ്റുകളും യുഡിഎഫിന് ഉറപ്പാക്കിയെന്ന് ജില്ലാ യു ഡി എഫ് യോഗം വിലയിരുത്തി.

ബത്തേരി സ്ഥാനാർഥി ഐ.സി.ബാലകൃഷണനെതിരേയും കൽപറ്റ സ്ഥാനാർഥി ടി. സിദ്ധിഖിനെതിരെയും സി. പി. എം അഴിച്ചുവിട്ട വ്യർഥമായ ആരോപണങ്ങൾ എൽ ഡി എഫിനു തന്നെ വിനയായെന്നും വോട്ടർമാർ യു ഡി എഫ് സ്ഥാനാർഥികൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുവാൻ ഇടയാക്കി. മാനന്തവാടിയിൽ ഉഷ വിജയൻ്റെ സ്ഥാനാർഥിത്വം യു ഡി എഫിന് വലിയ നേട്ടം സമ്മാനിച്ചു വെന്നും പത്ത് വർഷമായി, എം. എൽ.എ ഇല്ലാതിരുന്നതു കൊണ്ടുള്ള പ്രയാസങ്ങൾ മനസ്സിലാക്കി മുഴുവൻ യു ഡി എഫ് സംവിധാനവും ഉണർന്നു പ്രവർത്തിച്ച് ഉഷ വിജയൻ്റെ വിജയം സുനിശ്ചിതമാക്കിയെന്നും യോഗം കണ്ടെത്തി.

ജില്ലാ ചെയർമാൻ ടി. മുഹമ്മദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡി സി സി പ്രസിഡൻ്റ് അഡ്വ ടി.ജെ.ഐസക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ എച്ച് ബി പ്രദീപ് മാസ്റ്റർ, കെ പി.സി. സി ജനറൽ സെക്രട്ടറി കെ. എൽ പൗലോസ്, പി.പി. ആലി, ജോസഫ് കളപ്പുര, പി.ടി. ഗോപാലക്കുറുപ്പ്, എൻ . കെ. റഷീദ്, സലിം മേമന , കെ ഇ വിനയൻ ,അബ്ദുള്ള മാടക്കര, അഡ്വ എൻ . കെ വർഗീസ്, പടയൻ അഹമ്മദ്, ഉഷ വിജയൻ, ബൈജു ഐസക്ക്, ഹാരിസ് കണ്ടിയൻ , ശ്രീധരൻ അമ്മാനി, എം. എ. ജോസഫ്, ഒ.വി.അപ്പച്ചൻ, പ്രസംഗിച്ചു.

ഉത്ഘാടനം കഴിഞ്ഞ് ഒന്നര മാസംസി ടി സ്കാൻ പ്രവർത്തനം ആരംഭിക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

0

മാനന്തവാടി:വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും സി ടി സ്കാൻ പ്രവർത്തനം ആരംഭിക്കാത്തതിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.പ്രകടനവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടയുകയും നേരിയ ഉന്തും തള്ളിനും വഴിയായി ഇതിനിടയിൽ റീത്ത് പീസ് പീസ് ആകുകയും ഇതേ തുടർന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിയുമായി സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേദിച്ച് വീണ്ടും റീത്ത് കൊണ്ട് വന്ന് റീത്ത് സമർപ്പിച്ചാണ് സമരം അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് പേപ്പർ വർക്കുകൾ പോലും പൂർത്തിയാക്കാതെ മന്ത്രി ഉത്ഘാടനം നടത്തി കൊട്ടി ആഘോഷിചെങ്കിലും മാസം ഒന്നര കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല ഇത് മന്ത്രിയുടെ പിടിപ്പ് കേടാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ അസിസ്‌ വാളാടിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരം യൂത്ത് കോൺഗ്രസ്‌ വയനാട് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ജേക്കബ് ഉത്ഘാടനം ചെയ്തു.വി സി വിനീഷ്,ഷക്കീർ പുനത്തിൽ,സിജോ കമ്മന,അണ്ണൻ ആലക്കൽ,മൂഹിയുദ്ധീൻ തരുവണ,സൗജ ടി എച്ച്,നിധിൻ കാട്ടിക്കുളം,ജോജി ജോർജ്,നാസർ പാലമുക്ക്,ജിജേഷ് ഗോപി,മനോജ്‌ ഗോപാലൻ,ഫജിനാസ് കെ,ലിന്റോ ബാബു തുടങ്ങിയവർ നേതൃത്വ നൽകി