അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് ബി.ഡി.എസ്. വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ജാതിയുടെ പേരില്‍ നിതിന്‍ രാജിനെ അപമാനിച്ചതിന് തെളിവില്ലെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി.ആത്മഹത്യയിലേക്ക് നയിച്ചത് ലോണാപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെന്നാണ് കണ്ടെത്തല്‍. ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചും രണ്ടാം പ്രതി പ്രൊഫ. സംഗീത നമ്പ്യാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചും കോടതി വിധി പുറപ്പെടുവിപ്പിച്ചു.
വ്യാഴാഴ്ച നടന്ന വിശദമായ വാദത്തിന്റെ അടിസ്ഥാനത്തില്‍ ആണ് വിധി. നിതിന്‍ രാജിനെതിരെ ജാതി അധിക്ഷേപമോ, ജാതിയുടെ പേരില്‍ അപമാനമൊ നടന്നതായി തെളിവില്ലെന്ന് കോടതി പറഞ്ഞു. വിദ്യാര്‍ത്ഥികളോട് ഉള്ള ഡോ. റാമിന്റെ പെരുമാറ്റം മോശമായിരുന്നു. അത് ജാതിയെ അടിസ്ഥാനമാക്കി ഉള്ളതല്ല. ലോണ്‍ ആപ്പുകാരുടെ ഭീഷണി മൂലം നിതിന്‍ രാജ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. പ്രിന്‍സിപ്പാളിന്റെ മുറിയിലെ ചോദ്യം ചെയ്യലും, തുടര്‍ന്നുണ്ടായ സൈബര്‍ പരാതിയെക്കുറിച്ചുള്ള ഭയവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിധിയില്‍ ഉണ്ട്. അതെ സമയം നിതിന്‍ രാജിനെ കൂട്ട വിചാരണ ചെയ്യുമ്പോള്‍ പ്രിന്‍സിപ്പലിന്റെ മുറിക്ക് സമീപം റാമിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നുവെന്നും അതിനാല്‍ റാമിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
