Home Uncategorized വെടിക്കെട്ട് ഒഴിവാക്കണം, ആചാരപരമായി തൃശൂര്‍ പൂരം നടത്തണമെന്ന് ദേവസ്വങ്ങള്‍; നിര്‍ണായക യോഗം ഇന്ന്

വെടിക്കെട്ട് ഒഴിവാക്കണം, ആചാരപരമായി തൃശൂര്‍ പൂരം നടത്തണമെന്ന് ദേവസ്വങ്ങള്‍; നിര്‍ണായക യോഗം ഇന്ന്

0

തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പില്‍ അന്തിമ തീരുമാനമെടുക്കാനുള്ള നിര്‍ണായക യോഗം ഇന്ന്. രാവിലെ 10.30ന് തൃശൂര്‍ കലക്ടറേറ്റില്‍ ചേരുന്ന ഉന്നതതലയോഗത്തില്‍ മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളും പങ്കെടുക്കും.

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്തണമെന്നാണ് പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്ര പ്രതിനിധികള്‍ പറയുന്നത്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ. ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തില്‍ ഇരു ക്ഷേത്രങ്ങളുടെയും തീരുമാനം ജില്ലാ ഭരണകൂടത്തെയും മന്ത്രിമാരെയും അറിയിക്കും. മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളുമായതിനാല്‍ പൂര്‍ത്തീകരിക്കാതെ പോകുന്നത് ശരിയല്ലെന്ന പൊതുവികാരത്തിന്റെ പുറത്താണ് തീരുമാനം. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷാണ് തീരുമാനം അറിയിച്ചത്.

പൂരം ആചാരപരമായി നടത്തണമെന്നാണ് തിരുവമ്പാടി ദേവസ്വവും അറിയിച്ചിരിക്കുന്നത്. 24വരെ ദുഃഖാചരണവും അതിനുശേഷം പൂരം നടത്തണമെന്നുമാണ് തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്. ഇന്ന് നടക്കുന്ന യോഗത്തില്‍ ഈ തീരുമാനം അറിയിക്കും. അതിനുശേഷമായിരിക്കും ഇക്കാര്യത്തില്‍ ഇരു ദേവസ്വവും അന്തിമതീരുമാനം അറിയിക്കുക. യോഗത്തിലെടുക്കുന്ന തീരുമാനമെന്തായാലും അതുമായി മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ അറിയിച്ചു.

പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികള്‍ നിര്‍മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയില്‍ കഴിഞ്ഞ ദിവസമാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. 14 പേര്‍ ഇതിനകം മരിച്ചു. 12 പേര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version