Home Uncategorized രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം: കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറി ജഡ്ജി

രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം: കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറി ജഡ്ജി

0

ന്യൂഡല്‍ഹി: ഇരട്ട പൗരത്വം ഉപയോഗിച്ച് ഇന്ത്യയിലെ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥി പിന്മാറി. ഹര്‍ജിക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പുകളാണ് പിന്മാറാന്‍ ജഡ്ജിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ആഴ്ച രാഹുല്‍ ഗാന്ധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിക്കാനുള്ള കോടതി തീരുമാനത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഹര്‍ജിക്കാരന്റെ പോസ്റ്റുകള്‍.

പിന്‍മാറിയ ശേഷം ജഡ്ജി ഇപ്രകാരം പറഞ്ഞു: ‘സോഷ്യല്‍ മീഡിയയിലെ ഹര്‍ജിക്കാരന്റെ സന്ദേശങ്ങള്‍ അദ്ദേഹം ഈ കോടതിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതായി സൂചിപ്പിക്കുന്നു… ഹര്‍ജിക്കാരന് ഈ കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍… ഈ കേസ് ഇനിമേല്‍ കേള്‍ക്കുന്നത് ഉചിതമാണെന്ന് കോടതി കരുതുന്നില്ല’.

ശരിയായ വിവരങ്ങള്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കുന്നതില്‍ വരുത്തിയ പിഴവ് സമ്മതിക്കുന്നതിന് പകരം, തുറന്ന കോടതിയില്‍ പറഞ്ഞ ഉത്തരവ് അപ്ലോഡ് ചെയ്തില്ലെന്ന് പറഞ്ഞ് ഹര്‍ജിക്കാരന്‍ കോടതിയെ കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്ന് ജഡ്ജി നിരീക്ഷിച്ചു.

കര്‍ണാടക സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ എസ് വിഘ്‌നേഷ് ശിശിര്‍ ആണ് ഹര്‍ജി നല്‍കിയത്. രാഹുല്‍ ഗാന്ധിക്കെതിരെ പ്രഥമദൃഷ്ട്യാ തിരിച്ചറിയാവുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതായി വെള്ളിയാഴ്ച നിരീക്ഷിച്ച ജഡ്ജി, അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് നോട്ടീസ് അയക്കുന്നതിലെ നിയമപരമായ വശങ്ങള്‍ ആദ്യം പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തുറന്ന കോടതിയില്‍ പറഞ്ഞ ഉത്തരവ് ഒപ്പിടുന്നതിന് മുമ്പ് ഇത്തരത്തിലുള്ള വിഷയങ്ങളില്‍ കുറ്റാരോപിതന് നോട്ടീസ് അയക്കണമെന്ന് നിര്‍ബന്ധമാക്കുന്ന ഒരു കോടതി വിധി ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ജഡ്ജി നോട്ടീസ് അയയ്ക്കണമെന്ന് തീരുമാനിച്ചത്.

രാഹുല്‍ ഗാന്ധി ഒരു ബ്രിട്ടീഷ് പൗരനാണെന്നാണ് ശിശിര്‍ തന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നത്. 2003 ഓഗസ്റ്റില്‍ രാഹുല്‍ ഗാന്ധി ‘ബാക്കോപ്‌സ് ലിമിറ്റഡ’് എന്ന കമ്പനി രൂപീകരിച്ചതായും, 2005 ലെയും 2006 ലെയും വാര്‍ഷിക റിട്ടേണുകളില്‍ തന്റെ ദേശീയത ബ്രിട്ടീഷ് ആണെന്ന് രേഖപ്പെടുത്തിട്ടുണ്ടായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടു. ഈ കമ്പനി 2009 ഫെബ്രുവരിയില്‍ പിരിച്ചുവിട്ടിരുന്നു. ഭാരതീയ ന്യായ സംഹിത, ഔദ്യോഗിക രഹസ്യ നിയമം, ഫോറിനേഴ്‌സ് ആക്ട്, പാസ്പോര്‍ട്ട് ആക്ട് എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുള്ള പ്രത്യേക എംപി/എംഎല്‍എ കോടതിയിലാണ് ആദ്യം പരാതി നല്‍കിയതെങ്കിലും ഹര്‍ജിക്കാരന്റെ അഭ്യര്‍ത്ഥനപ്രകാരം ഇത് പിന്നീട് ലഖ്നൗവിലേക്ക് മാറ്റുകയായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version