വയനാട് ഡെയിലി | പച്ചിലക്കാട്: കണിയാമ്പറ്റ പഞ്ചായത്തിലെ 19-ാം വാർഡിലെ പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ മൂന്ന് കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ശുദ്ധജല വിതരണപദ്ധതികളൊന്നും എത്താത്തതും കിണർ ഇല്ലാത്തതുമാണ് ഈ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്.
വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ കിണറിനെ ആശ്രയിക്കുന്ന ഇവർക്ക് സ്വന്തമായൊരു കിണർ നിർമിച്ചുനൽകാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ശുദ്ധജലവിതരണപദ്ധതികൾക്കും കിണറിനുമായി പലതവണ വാർഡംഗങ്ങളെ സമീപിച്ചിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് ഉന്നതിക്കാർ പറയുന്നത്. അധികൃതരുടെ കനിവ് കാത്തുമടുത്ത ഇവർ സ്വയം കിണർ കുത്തി റിങ് ഇറക്കിയെങ്കിലും ഈ കിണറ്റിൽ ചെളിനിറഞ്ഞ വെള്ളമായതിനാൽ കുടിക്കാൻ സാധിക്കില്ല. 150 മീറ്ററിലേറെ ദൂരത്തുനിന്നും തലച്ചുമടായാണ് ഇവർ വെള്ളം വീടുകളിൽ എത്തിക്കുന്നത്. വേനൽ കനക്കുന്നതോടെ ഈ കിണറ്റിലെ വെള്ളം കുറയുന്നത് ഉന്നതിക്കാരെ കൂടുതൽ പ്രയാസത്തിലാക്കും.
ഇവരുടെ വീടുകളുടെ അവസ്ഥയും അതീവ ശോചനീയമാണ്. ശൗചാലയം പോലുമില്ലാത്ത പൊട്ടിത്തകർന്ന വീടുകളിലാണ് ഇവർ കഴിയുന്നത്. ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി കോടികൾ ചെലവഴിക്കുമ്പോഴും കുടിവെള്ളത്തിന് പോലും നെട്ടോട്ടമോടേണ്ടി വരുന്ന സാഹചര്യത്തിൽ, വിനിയോഗിക്കപ്പെടുന്ന ഫണ്ടുകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.
