Home Uncategorized ഹോർമുസ് നാവിക ഉപരോധം ആരംഭിച്ചു, ഇറാൻ കപ്പലുകൾ തകർത്തുകളയുമെന്ന് ട്രംപിന്റെ ഭീഷണി

ഹോർമുസ് നാവിക ഉപരോധം ആരംഭിച്ചു, ഇറാൻ കപ്പലുകൾ തകർത്തുകളയുമെന്ന് ട്രംപിന്റെ ഭീഷണി

0

അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് നാവിക ഉപരോധം ആരംഭിച്ചു. ഇറാൻ തുറമുഖത്തിനും തുറമുഖത്തേക്ക് വരുമെന്ന കപ്പലുകൾക്കുമാണ് അമേരിക്കയുടെ ഉപരോധം. ഉപരോധം നടപ്പാക്കാൻ അമേരിക്കൻ നാവിക സേനക്ക് ട്രംപ് നിർദേശം നൽകി.

ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ സമുദ്ര ഗതാഗതവും തടയുമെന്ന് യുഎസ് നാവിക സേന അറിയിച്ചു. ട്രംപിന്റെ തീരുമാനം അനുസരിച്ച് അനിശ്ചിത കാലത്തേക്ക് ഉപരോധം നടപ്പാക്കുമെന്നും യുഎസ് നാവിക സേന വ്യക്തമാക്കി.

അതിനിടെ ഇറാന്റെ കപ്പലുകൾ അടുത്തുവന്നാൽ തകർത്തുകളയുമെന്ന് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് ഭീഷണി മുഴക്കിയത്. മയക്കുമരുന്ന് മാഫിയ ബോട്ടുകളെ തകർത്തത് പോലെ ഇറാന്റെ കപ്പലുകളും തകർക്കും. മാരകമായ ആക്രമണമായിരിക്കും നടത്തുക. ഇറാന്റെ നാവികസേനയെ കടലിന്റെ അടിത്തട്ടിലേക്ക് പറഞ്ഞയച്ചു. 158 കപ്പലുകളാണ് ഇതുവരെ തകർത്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഇറാൻ തുറമുഖങ്ങളിൽ അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധം ഔദ്യോഗികമായി ആരംഭിച്ചു. ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് ഉപരോധം നിലവിൽ വന്നത്. ഇറാൻ ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ലെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ടെങ്കിലും, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുന്നത് ആഗോള എണ്ണവിലയെ ബാധിക്കാൻ സാധ്യതയുണ്ട്.

അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ വീണ്ടും ശ്രമിക്കുമെന്ന് പാകിസ്താൻ. സമാധാന ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചു. വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇസ്ലാമാബാദ് സമാധാന ചർച്ചകൾ ഒരു ചരിത്ര നിമിഷമായിരുന്നുവെന്ന് ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version