Home Uncategorized അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ കെഎസ്‌യു – പൊലീസ് ഏറ്റുമുട്ടല്‍; പ്രതിഷേധം ശക്തം; പഠനം ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ കെഎസ്‌യു – പൊലീസ് ഏറ്റുമുട്ടല്‍; പ്രതിഷേധം ശക്തം; പഠനം ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍

0

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തില്‍ ക്യാംപസില്‍ ശക്തമായ പ്രതിഷേധവുമായി കെഎസ്‌യു പ്രവര്‍ത്തകര്‍. പ്രതിഷേധത്തിനിടെ ക്യാംപിസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പൊലീസ് അറസറ്റ് ചെയ്ത് നീക്കീ. കോളജ് അധികൃതര്‍ക്കെതിരെയും കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു പ്രതിഷേധം. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പഠനം ബഹിഷ്‌കരിച്ചു.

പ്രതിഷേധത്തിനിടെ പൊലീസും കെഎസ്‌യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സമരത്തിനെത്തിയ വനിതാ പ്രവര്‍ത്തകയെ പൊലീസ് വലിച്ചിഴയ്ക്കുകയും കയ്യിലും കാലിലും പിടിച്ചു തൂക്കി വാനിലേക്ക് കയറ്റുകയും ചെയ്തത് പ്രതിഷേധത്തിന് ഇടയാക്കി. പൊലീസ് പല അധ്യാപകരില്‍ നിന്നും മറ്റും താല്പര്യങ്ങള്‍ കൈപ്പറ്റിയാണ് വിദ്യാര്‍ഥികളോട് ഇത്തരത്തില്‍ ക്രൂരമായി പെരുമാറുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഒരു പാവപ്പെട്ട വിദ്യാര്‍ഥിക്ക് നീതി ലഭ്യമാക്കുന്നതിന് പകരം പൊലീസ് പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് കെഎസ്‌യു നേതാക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ ഇത്തരമൊരു ദാരുണമായ സംഭവം നടന്നിട്ടും ഇതുവരെ പ്രതികളെ പിടികൂടാത്തതിനെ കെഎസ്‌യു രൂക്ഷമായി വിമര്‍ശിച്ചു. ‘പിണറായി ഉറങ്ങുകയാണ്’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതികളെ പിടികൂടുന്നത് വരെ സമരം തുടരുമെന്ന് കെഎസ്‌യു വ്യക്തമാക്കി. ആരോപണ വിധേയരായ റാം, സംഗീത എന്നീ അധ്യാപകരെ ഇനി കോളജില്‍ പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കെഎസ് യു നേതാക്കള്‍ പറഞ്ഞു.

നിതിന്‍രാജ് മരണത്തിന് മുന്‍പ് അയച്ച വോയിസ് നോട്ടുകള്‍ അധ്യാപകരുടെ പീഡനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്.കോളജില്‍ വച്ച് അധ്യാപകര്‍ കൂട്ടത്തോടെ അധിക്ഷേപിച്ചെന്നും വിഢ്ഡി എന്ന് വിളിച്ചുവെന്നും പറയുന്ന നിധിന്‍ രാജിന്റെ ശബ്ദസന്ദേശം പുറത്ത്. നിധിന്‍ രാജ് സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില്‍ ആണ് അധ്യാപകരുടെ ഇടപെടല്‍ സംബന്ധിച്ച പരാമര്‍ശങ്ങളുള്ളത്. സഹപാഠികള്‍ക്കിടയില്‍വെച്ച് തന്നെ നിരന്തരം അപമാനിച്ചെന്നും സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണെന്നും നിതിന്‍ പറയുന്നതും ശബ്ദ സന്ദേശത്തിലുണ്ട്. തന്റെ വീട്ടുകാരെ ഉള്‍പ്പെടെ അധ്യാപകര്‍ പരിഹസിച്ചെന്നും ഇന്റേണല്‍ മാര്‍ക്ക് കുറച്ചത് കുടുംബത്തിന് സര്‍പ്രൈസ് നല്‍കാനെന്ന് പറഞ്ഞുവെന്നും നിധിന്‍ രാജ് സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

‘ഞാന്‍ സ്റ്റാഫ് റൂമില്‍ നിന്നിറങ്ങിയപ്പോള്‍ എന്നോട് യു ആര്‍ ആന്‍ ഇഡിയറ്റ് എന്നുപറഞ്ഞു എന്ന് തുടങ്ങുന്നതാണ് ശബ്ദ സന്ദേശം. ഇഡിയറ്റ് എന്ന പരാമര്‍ശത്തിന് സെയിം ടു യു എന്ന് മറുപടി നല്‍കിയെന്നും നിതിന്‍ പറയുന്നുണ്ട്. കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമുണ്ടല്ലോ, നമ്മുടെ സ്റ്റാഫ് റൂം. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്നോട് പറഞ്ഞു നീ ഗേറ്റിന് പുറത്തുപോയാല്‍ കൈയും കാലും വെട്ടുമെന്ന്, കയ്യില്ലാതെ നീ ജീവിക്കേണ്ടി വരുമെന്ന്. എന്നെ വെറുതെ ക്ലാസില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയിട്ട് അമ്മയേയും അമ്മയുടെ സര്‍ജറിയേയും കളിയാക്കി. എന്നിട്ട് മൂന്ന് മാര്‍ക്ക് കുറച്ചെന്ന് പാരന്റ്‌സിനോട് സര്‍പ്രൈസായി പറഞ്ഞേക്ക് എന്നുപറഞ്ഞു. അതുപോലെ എന്നെയിന്നലെ ക്ലാസില്‍ ഇന്‍സള്‍ട്ട് ചെയ്തു. ഞാനത് ഒരുപരിധിവരെ സഹിച്ചു. ലാസ്റ്റായപ്പോഴാണ് പൊട്ടിത്തെറിച്ചത്. താന്‍, നിങ്ങള്‍ എന്നൊക്കെയേ ഞാനയാളെ വിളിച്ചിട്ടുള്ളൂ, സാര്‍ എന്ന് വിളിച്ചിട്ടില്ല’. എന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.

അതിനിടെ, അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ അധ്യാപികയുടെ പരാതിയില്‍ കേസെടുത്തു. നിതിന്‍ രാജിന്റെ ഓണ്‍ലൈന്‍ ആപ്പ് ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അധ്യാപിക പരാതി നല്‍കിയിരിക്കുന്നത്. തിരിച്ചടവിന്റെ പേരില്‍ തട്ടിപ്പുകാര്‍ നിരന്തരം വിളിച്ചിരുന്നെന്ന് വ്യക്തമാക്കി അധ്യാപിക നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version