Home Uncategorized വയോധികയുടെ കാലിൽ കെഎസ്ആർടിസി ബസ് കയറി, കാൽ മുറിച്ചു മാറ്റിയ സംഭവം; ജീവനക്കാരുടെ വീഴ്ചയെന്ന് കുടുംബം

വയോധികയുടെ കാലിൽ കെഎസ്ആർടിസി ബസ് കയറി, കാൽ മുറിച്ചു മാറ്റിയ സംഭവം; ജീവനക്കാരുടെ വീഴ്ചയെന്ന് കുടുംബം

0

കൽപറ്റ: വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന വയോധികയുടെ കാലിൽ കെഎസ്‌ആർടിസി ബസ് കയറി ഗുരുതര പരിക്കേൽക്കുകയും കാൽമുറിച്ചു മാറ്റേണ്ടി വരികയും ചെയ്‌തത്‌ ബസ് ജീവനക്കാർ വരുത്തിയ ഗുരുതര വീഴ്‌ചയെത്തുടർന്നെന്ന് കുടുംബം.

വയനാട് വൈത്തിരി സ്വദേശിയായ 65 കാരി ജാനുവിനാണ് വ്യാഴാഴ്‌ച വൈകീട്ട് ചിപ്പിലിത്തോട് വച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ബസിൽ നിന്ന് ഇറങ്ങും മുൻപ് തന്നെ ഡ്രൈവർ ബസ് എടുത്തതാണ് അപകടകാരണമെന്ന് യാത്രക്കാരും ബന്ധുക്കളും പറയുന്നു. അതേസമയം, ബസ് ഇറങ്ങിയ ശേഷം നടക്കുന്നതിനിടെ ജാനു കാൽതെറ്റി വീണതാകാമെന്നാണ് ഡ്രൈവറുടെ വാദം.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച വോട്ടെടുപ്പ് ദിനം വൈകിട്ട് അഞ്ച് മണിയോടെ അടിവാരത്തിനടുത്ത് ചിപ്പിലിത്തോട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. വയനാട് വൈത്തിരി സ്വദേശിയായ ജാനു ഏറെക്കാലമായി ചിപ്പിലിത്തോട്ടെ മകളോടൊപ്പമാണ് താമസം. വൈത്തിരിയിൽ പോയി വോട്ട് ചെയ്ത് മടങ്ങിയത് ഇരിട്ടി നിലമ്പൂരിൽ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിലാണ്.

ചിപ്പിലിത്തോട് ബസ് സ്റ്റോപ്പിൽ നിർത്തേണ്ട ബസ് സ്റ്റോപ്പിൽ നിന്ന് മാറി കാൽകുത്താനിടയില്ലാത്ത വിധം ഡ്രൈയ്നേജിനോട് ചേർന്നാണ് നിർത്തിയതെന്ന് യാത്രക്കാർ പറയുന്നു. ബസിന്റെ മുൻ വാതിലിലൂടെ ജാനു ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. ബസിന്റെ പിൻചക്രം ജാനുവിൻ്റെ കാലിൽ കയറിയിറങ്ങി. അരയ്ക്കു താഴേക്ക് പൂർണമായി തകർന്നതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് കാൽ ശസ്ത്രക്രിയയിലൂടെ ഇടതുകാൽ നീക്കം ചെയ്തു. ഡ്രൈവറുടെ കണ്ടക്ടറുടെയും അശ്രദ്ധയാണ് അപകട കാരണമെന്ന് യാത്രക്കാരനായ സാലിഹ് പറഞ്ഞു.

അതേസമയം, ബസ് എടുത്തശേഷം പിന്നോട്ട് നടക്കുകയായിരുന്ന ജാനു കാൽ തെറ്റി വീണതാകാമെന്നാണ് ഡ്രൈവർ ഫിറോസ് ഖാന്റെ വാദം. കോഴിക്കോട് മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിൽ തീവ്രപരിചരണ യൂണിറ്റിൽ ചികിൽസയിലാണ് ജാനു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഡ്രൈവറുടെ ഭാഗത്ത് വീഴ്ച ണ്ടെത്താനായില്ലെന്ന് കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോ അധികൃതർ പറഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആർടിസി എംഡിക്ക് ഉൾപ്പെടെ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version