ചൈനയ്ക്കെതിരെ തീരുവ ഭീഷണിയുമായി ട്രംപ്. ഇറാന് ആയുധങ്ങൾ കൈമാറുകയാണെങ്കിൽ ചൈനയ്ക്ക് 50% തീരുവ ചുമത്തുമെന്ന് ട്രംപ്. പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാന് നൽകാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഭീഷണി.
“ചൈന അങ്ങനെ ചെയ്താൽ ചൈനയ്ക്ക് വലിയ പ്രശ്‌നങ്ങൾ ഉണ്ടാകും”ട്രംപ് കൂട്ടിച്ചേർത്തു. എണ്ണവ്യാപാരത്തിൽ ഇറാനെ ആശ്രയിക്കുന്നത് ചൈന നിർത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാനേക്കാൾ കുറഞ്ഞ വിലയ്ക്ക് ചൈനയ്ക്ക് യുഎസിൽ നിന്നും വെനിസ്വേലയിൽ നിന്നും എണ്ണ വാങ്ങാമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. വെടിനിർത്തൽ സാഹചര്യം ഇറാൻ ആയുധങ്ങൾ ശേഖരിക്കാനായി ഉപയോഗിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
എന്നാൽ ട്രംപിന്റെ വാദം നിഷേധിച്ച് ചൈന രംഗത്തെത്തി. സംഘർഷത്തിലെ ഒരു കക്ഷിക്കും ചൈന ഒരിക്കലും ആയുധങ്ങൾ നൽകിയിട്ടില്ലെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസിയുടെ വക്താവ് പ്രതികരിച്ചു. അടുത്ത മാസം ചൈന സന്ദർശിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ട്രംപിന്റെ ഭീഷണി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സുരക്ഷയുമായിരിക്കും കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങളെന്നും ട്രംപ് വ്യക്തമാക്കി.
