Home Uncategorized ‘കലാലയങ്ങളിലെ ജാതിവിവേചനം ആശങ്കാജനകം’, നിതിന്‍ രാജിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തം

‘കലാലയങ്ങളിലെ ജാതിവിവേചനം ആശങ്കാജനകം’, നിതിന്‍ രാജിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തം

0

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ചക്കരക്കല്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്. വിദ്യാര്‍ഥിയുടെ മരണത്തില്‍ സസ്‌പെന്‍ഷനിലായ രണ്ട് അധ്യാപകരെയും പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണവിധേയമായി ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ കോളേജ് മാനേജ്മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതിനിടെ, കണ്ണൂര്‍ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി ആല്‍ എല്‍ നിതിന്‍രാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെ രംഗത്തെത്തി. കലാലയങ്ങളിലെ ജാതിവിവേചനം ആശങ്കാജനകം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ജാതി- വര്‍ണ്ണ അധിക്ഷേപമുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലപാടിനെ സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കണം. ഈ സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളുകയും വേണം.

കേവലം രണ്ട് അധ്യാപകര മാത്രം സസ്പന്‍ഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്. തങ്ങളുടെ മകന്‍ കടുത്ത ജാതി വിവേചനത്തിന് എതിരായെന്ന മാതാപിതാക്കള്‍ ഉറപ്പിച്ച് പറയുന്നുണ്ട്. ജാതിയെയും നിറത്തെയും ചൊല്ലിയുള്ള അധിക്ഷേപത്തിനൊപ്പം ക്രൂരമായ റാഗിങ്ങിനും നിതിന്‍രാജ് വിധേയമായി എന്നാണ് അറിയാന്‍ കഴിയുന്നത്. അധ്യാപകരോടും വകുപ്പ്മേധാവികളോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഈ ആരോപണങ്ങളെല്ലാം ഗൗരവമായെടുത്ത് സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കണം. നവോത്ഥാന കേരളമെന്ന് മേനി നടിക്കുമ്പോഴും നമ്മുടെ കലാലയങ്ങളിലടക്കം വലിയ തോതില്‍ ജാതി വിവേചനം നിലനില്‍ക്കുന്നുവെന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ സിപിഎം ഭരണത്തിനിടയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വന്‍ തോതില്‍ വര്‍ധിച്ചതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിതിനെ കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിതിന്‍ ആത്മഹത്യ ചെയ്യില്ലെന്നും അധ്യാപകരുടെ നിരന്തരമായ മാനസിക പീഡനമാണ് മരണത്തിന് പിന്നിലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. നിതിന്റെ ജാതിയെയും നിറത്തെയും സാമ്പത്തിക സ്ഥിതിയെയും പരിഹസിച്ച് അധ്യാപകര്‍ പരസ്യമായി അധിക്ഷേപിച്ചിരുന്നതായി പിതാവ് രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിതിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉഴുമലയ്ക്കലെ വീട്ടിലെത്തിക്കും. തുടര്‍ന്നായിരിക്കും സംസ്‌കാര ചടങ്ങുകള്‍.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version