Home Uncategorized ശ്രീനന്ദയ്ക്ക് നാടിന്റെ യാത്രാമൊഴി; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

ശ്രീനന്ദയ്ക്ക് നാടിന്റെ യാത്രാമൊഴി; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

0

പാലക്കാട്: വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവില്‍ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയ്ക്ക് (14) നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടില്‍ എത്തിച്ചത്. ശ്രീനന്ദയെ അവസാനമായി കണ്ട് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തിയപ്പോള്‍ അത് ഒരു കണ്ണീര്‍ കാഴ്ചയായി മാറി. നെഞ്ച് പിടഞ്ഞ് പ്രിയപ്പെട്ടവര്‍ കുട്ടിയുടെ ചേതനയറ്റ ശരീരത്തിന് അരികില്‍ തന്നെ ഉണ്ടായിരുന്നു. ഐവര്‍മഠം ശ്മശാനത്തിലാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത, അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു ബന്ധുക്കള്‍. ആദ്യം തിരച്ചില്‍ നടത്തിയ സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയില്ല. മൂന്ന് ദിവസം അതേ സ്ഥലത്ത് തന്നെയാണ് തിരച്ചില്‍ നടത്തിയത്. പിന്നെങ്ങനെയാണ് നാലാം ദിവസം അതേ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയതെന്നാണ് ബന്ധുക്കളുടെ ചോദ്യം.

ലഹരിവസ്തുക്കള്‍ നല്‍കി മയക്കി കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് ശ്രീനന്ദയുടെ കുടുംബം സംശയിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ സാധ്യത പൊലീസും തള്ളിയിട്ടില്ല. ആരും ഇല്ലാത്ത സമയത്ത് കുട്ടിയെ പിടിച്ചു കൊണ്ടുപോയതാകാമെന്നാണ് മാതാവ് പറയുന്നത്. ശ്രീനന്ദ പോകാന്‍ സാധ്യതയില്ലാത്ത ഭാഗത്തെ കൊക്കയിലേക്കു വീണു മരണം സംഭവിച്ചതു സംശയാസ്പദമാണ്. കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നോ തുടങ്ങിയ കാര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

തിരക്കേറിയ സ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതാകുന്നത്. 40 അംഗസംഘമായിരുന്നു വിനോദ സഞ്ചാരത്തിനായി ചിക്കമംഗളൂരുവില്‍ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയില്‍ കുട്ടി പിറകില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ 5:35ന് എടുത്ത ഫോട്ടോകളില്‍ കുട്ടിയെ കാണാനില്ല. 15 മിനിറ്റിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും കുടുബം ആവശ്യപ്പെടുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്കാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഉടനീളം പരുക്കുണ്ട്. അസ്ഥികള്‍ പൊട്ടി. പരിക്കുകള്‍ വീഴ്ചയില്‍ സംഭവിച്ചതാണെന്നും മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രമേശിന്റെയും രോഹിണിയുടെയും മകളാണ് ശ്രീനന്ദ. പശ്ചിമഘട്ട മലനിരകളിലെ ബാബാബുധാന്‍ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം ചൊവ്വാഴ്ച വൈകിട്ടാണു കുട്ടിയെ കാണാതായത്. 1500 അടി താഴ്ചയില്‍ ഹര്‍ഷന ഗുപ്പെയിലാണു ഇന്നലെ മൃതദേഹം കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version