Home Uncategorized കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

0

കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.
കരിങ്കല്‍ ക്വാറി ലൈസന്‍സിന് ചെറ്റപ്പാലം മുട്ടത്ത് കുര്യാക്കോസ് പൈലി സമര്‍പ്പിച്ച അപേക്ഷയാണ് 2025 സെപ്റ്റംബര്‍ 22നും 24നും ചേര്‍ന്ന പഞ്ചായത്ത് ഭരണ സമിതി യോഗം നിരസിച്ചത്. ഇതില്‍ രണ്ടാമത്തെ യോഗത്തില്‍ ക്വാറിക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് സഹായകമായ നിലപാടാണ് പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചത്. ആവശ്യമായ എല്ലാ രേഖകളും അപേക്ഷകന്‍ ഹാജരാക്കിയതിനാല്‍ ലൈസന്‍സ് അനുവദിക്കണമെന്നും പഞ്ചായത്ത് തീരുമാനം നിയമാനുസൃതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരുമാനം പുനരവലോകനം ചെയ്യണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ മുന്‍ തീരുമാനത്തില്‍ ഭരണസമിതി ഉറച്ചുനിന്നു. ഈ സാഹചര്യത്തില്‍ സെക്രട്ടറി ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് സര്‍ക്കാരിന് കത്ത് നല്‍കി. ഈ കത്തില്‍ പറയുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ അഭിപ്രായം തേടുകയുണ്ടായി. അദ്ദേഹം കഴിഞ്ഞ ജനുവരി 29ന് സര്‍ക്കാരിന് നല്‍കിയ കത്തില്‍ ലൈസന്‍സ് അനുവദിക്കേണ്ടതാണെന്നാണ് അഭിപ്രായപ്പെട്ടത്. 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 232 ഉം ചട്ടങ്ങള്‍ പ്രകാരവും ലൈസന്‍സിന് ആവശ്യമായ രേഖകള്‍ എല്ലാം ഹാജരാക്കിയതായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നിരീക്ഷിക്കുകയുമുണ്ടായി. പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ കത്ത് വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version