Home Uncategorized മലയാളി വ്യവസായി കര്‍ണാടകയില്‍ റിമാന്‍ഡില്‍

മലയാളി വ്യവസായി കര്‍ണാടകയില്‍ റിമാന്‍ഡില്‍

0

കല്‍പ്പറ്റ: മലയാളി വ്യവസായി കര്‍ണാടകയിലെ ചാമരാജ് നഗര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍. ഗുണ്ടില്‍പേട്ടിന് സമീപം ഹിരികടിയിലെ സായ് പ്രിയ സ്റ്റോണ്‍ ക്രഷര്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ വയനാട് ബത്തേരി പൂലമല സ്വദേശി കെ.ജി. ക്ലിപ്പിയാണ്(55) റിമാന്‍ഡില്‍. സ്റ്റോണ്‍ ക്രഷറിന്റെ നിലവിലെ ഉടമ എം. സോമശേഖറിന്റെ പരാതിയില്‍ ബേഗൂര്‍ പോലീസ് കഴിഞ്ഞ ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏപ്രില്‍ അഞ്ചിന് ഉച്ചകഴിഞ്ഞാണ് ക്ലിപ്പി അറസ്റ്റിലായത്. ഗുണ്ടില്‍പേട്ട ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ക്ലിപ്പിയെ റിമാന്‍ഡ് ചെയ്തത്. ആയുധ നിയമത്തിലേതടക്കം വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ച കോടതി റിമാന്‍ഡ് ഈ മാസം 18 വരെ നീട്ടിയിട്ടുണ്ട്.
ബിസിനസ് പങ്കാളിയെന്ന നിലയില്‍ വഞ്ചിക്കുകയും ധനനഷ്ടം വരുത്തുകയും ക്രഷര്‍ വളപ്പില്‍ അതിക്രമിച്ചുകയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ക്ലിപ്പിക്കെതിരേ പരാതി നല്‍കിയതെന്ന് സോമശേഖറിന്റെ മകള്‍ നീതു എസ്. ശേഖറും ഭര്‍ത്താവ് എം. പവന്‍കുമാറും പറഞ്ഞു.
ഇടനിലക്കാരന്‍ മുഖേന പരിചയപ്പെട്ട ക്ലിപ്പിയുടെ പങ്കാളിത്തത്തോടെ 2016ലാണ് ക്രഷര്‍ ആരംഭിച്ചത്. ഒരു കോടി രൂപയായിരുന്നു ക്ലിപ്പിയുടെ നിക്ഷേപം. സോമശേഖറിന്റെ കൈവശത്തിലുള്ള ഏഴ് ഏക്കര്‍ സ്ഥമാണ് യൂണിറ്റിന് ഉപയോഗപ്പെടുത്തിയത്. സ്ഥലത്തിന്റെ വില ഉള്‍പ്പെടെ കണക്കാക്കിയാല്‍ ഏഴ് കോടി രൂപയുടെ നിക്ഷേപമാണ് സോമശേഖര്‍ നടത്തിയത്. എംഡി എന്ന നിലയില്‍ സ്ഥാപനത്തിന്റെ കണക്കുകളടക്കം കൈകാര്യം ചെയ്തിരുന്നത് ക്ലിപ്പിയാണ്. പ്രവര്‍ത്തനം തുടങ്ങി മൂന്നു മാസം കഴിഞ്ഞതുമുതല്‍ സ്ഥാപനം നഷ്ടത്തിലാണെന്നാണ് ക്ലിപ്പി സോമശേഖറിനോടും മറ്റ് പങ്കാളികളോടും പറഞ്ഞത്. യോഗം ചേര്‍ന്ന് കണക്ക് അവതരിപ്പിക്കണമെന്ന് മറ്റു പങ്കാളികള്‍ ശഠിച്ചപ്പോള്‍ ക്ലിപ്പി വിദേശത്തേക്കു പോയി. സോമശേഖര്‍ നിയമസഹായം തേടിയതിന് പിന്നാലെ വിദേശത്തുനിന്നു തിരിച്ചെത്തിയ ക്ലിപ്പി മീറ്റിംഗില്‍ പങ്കെടുത്തെങ്കിലും തോക്ക് ചൂണ്ടി ഭീഷണിമുഴക്കി പോകുകയാണ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ക്ലിപ്പിക്കെതിരേ കേസുണ്ട്. സോമശേഖറിനെതിരേ ഏഴ് സിവില്‍ കേസ് ക്ലിപ്പിയും ഫയല്‍ ചെയ്തിരുന്നു. എട്ട് വര്‍ഷത്തിനുശേഷമാണ് സിവില്‍ കേസുകള്‍ സോമശേഖറിന് അനുകൂലമായി തീര്‍പ്പായത്.
പങ്കാളികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ മൂലം ദീര്‍ഘകാലം ക്രഷര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇത് യൂണിറ്റിലെ വിലപ്പിടിപ്പുള്ള യന്ത്രങ്ങളടക്കം ഉപയോഗശൂന്യമാകുന്നതിന് കാരണമായി. ഈ സാഹചര്യത്തില്‍ സായ് പ്രിയയും ഭര്‍ത്താവ് പവന്‍കുമാറും ബാങ്ക് വായ്പയെടുത്ത് പുതിയ യന്ത്രങ്ങള്‍ വാങ്ങി. സോമശേഖറിന്റെ പേരില്‍ പുതിയ ലൈസന്‍സ് എടുത്ത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. 10 ദിവസം കഴിഞ്ഞപ്പോഴാണ് ക്ലിപ്പി യൂണിറ്റിലെത്തി കുഴപ്പം ഉണ്ടാക്കിയത്. കാരവന്‍ കയറ്റിനിര്‍ത്തി യൂണിറ്റിന്റെ പ്രധാന കവാടം തടസപ്പെടുത്തിയ ക്ലിപ്പിയുടെ കൈവശം രണ്ട് റിവോള്‍വറാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന് ക്രഷറില്‍ ഉണ്ടായിരുന്നവരെ വിരട്ടുന്നതിനും മറ്റൊന്ന് സ്വന്തം ശരീരത്തോട് ചേര്‍ത്തുപിടിച്ച് ആത്ഹത്യാഭീഷണി മുഴക്കുന്നതിനുമാണ് ഉപയോഗിച്ചത്. തനിക്ക് ചേരേണ്ട സ്വത്താണ് ഇതെന്ന വാദവും ക്ലിപ്പി ഉന്നയിച്ചു. യൂണിറ്റ് ഉടമ വിവരം അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ക്ലിപ്പി കാരവനില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. അടുത്ത ദിവസം വിവിധ വകുപ്പുകള്‍ പ്രകാരം ക്ലിപ്പിക്കെതിരേ ബേഗൂര്‍ പോലീസ് കേസെടുത്തു. തുടര്‍ച്ചയായി 16 ദിവസം കാരവനില്‍ തങ്ങിയ ക്ലിപ്പി പോലീസിന്റെ കണ്ണുവെട്ടിച്ച് മറ്റൊരു വാഹനത്തിലാണ് കടന്നത്. കാരവന്‍ ബേഗൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
ജാമ്യം ഇല്ലാത്ത വകുപ്പുകള്‍ പ്രകാരം കേസ് എടുത്തെങ്കിലും ക്ലിപ്പിയെ പിടികൂടാന്‍ കര്‍ണാടക പോലീസ് ഉത്സാഹം കാട്ടിയിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ അഞ്ചിന് ക്ലിപ്പി മറ്റൊരു കാരവനില്‍ ഗുണ്ടില്‍പേട്ടയിലൂടെ ബംഗളൂരു ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി നീതു ഖേഖറിന് വിവരം ലഭിച്ചത്. കാറില്‍ പിന്തുടര്‍ന്ന നീതു ശേഖര്‍ മൈസൂരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാരവനു കുറുകെ നിന്ന് ബഹളംവച്ച് ആളുകളെയും പോലീസിനെയും വിളിച്ചുകൂട്ടി. കാരവനിലുള്ളത് പോലീസ് അന്വേഷിക്കുന്ന പ്രതിയാണെന്ന് ബോധ്യപ്പെടുത്തി. തുടര്‍ന്ന് ബേഗൂര്‍ പോലീസ് എത്തിയാണ് ക്ലിപ്പിയെ കസ്റ്റഡിയിലെടുത്തത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version