Home Uncategorized മമ്മൂട്ടി-മോഹന്‍ലാല്‍ ബ്രഹ്മാണ്ഡ ചിത്രം ‘പേട്രിയറ്റി’ന്റെ ട്രെയിലര്‍ പുറത്ത്

മമ്മൂട്ടി-മോഹന്‍ലാല്‍ ബ്രഹ്മാണ്ഡ ചിത്രം ‘പേട്രിയറ്റി’ന്റെ ട്രെയിലര്‍ പുറത്ത്

0


പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ബ്രഹ്മാണ്ഡ ചിത്രം ‘പേട്രിയറ്റി’ന്റെ ട്രെയിലര്‍ നടന്‍ മമ്മൂട്ടി ലോഞ്ച് ചെയ്തു. തൃശൂര്‍ രാഗം തിയേറ്ററില്‍ നടന്ന ട്രെയിലര്‍ ലോഞ്ചില്‍ നിര്‍മാതാവ് ആന്റോ ജോസഫ് അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.. ആക്ഷന്‍ ത്രില്ലെര്‍ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പേട്രിയറ്റി’നുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ മെയ് 1 ന് പ്രദര്‍ശനത്തിനെത്തും.

നയന്‍താരയിലൂടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. പിന്നാലെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, രാജീവ് മേനോന്‍, തുടങ്ങിയവരുമെത്തുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സി ആര്‍ സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് വമ്പന്‍ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ആയിരിക്കും ഈ സ്‌പൈ ത്രില്ലര്‍ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസര്‍ സൂചിപ്പിച്ചത്. ജിനു ജോസഫ്, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്തിരിക്കുന്നു. ചിത്രത്തിലെ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രാജീവ് മേനോന്‍ എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും, വനിതാ ദിനത്തില്‍ പുറത്തു വന്ന ചിത്രത്തിലെ മറ്റു വനിതാ കഥാപാത്രങ്ങളുടെ പോസ്റ്ററുകളും, ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററിന്റെ ബിടിഎസ് റീലും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ചിത്രത്തിന്റെ ശ്രീലങ്കന്‍ ഷെഡ്യൂളില്‍ നിന്നുള്ള ബിടിഎസ് മേക്കിംഗ് വീഡിയോക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ അന്താരാഷ്ട്ര സ്‌പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാന്‍വാസിലുമാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവര്‍ഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് പൂര്‍ത്തിയായത്. മലയാളത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോള്‍ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസര്‍ബെയ്ജാന്‍, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്.

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക മേന്മയോടെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രം രചിച്ചത്, സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ്. മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത്, ബോളിവുഡിലെ വമ്പന്‍ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദന്‍ ആണ്. സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് പാര്‍ട്ണര്‍.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version