Home Uncategorized ചരിത്രത്തിലേക്ക് കുതിച്ച് പൊങ്ങി ‘ആർട്ടെമിസ് 2’; മനുഷ്യൻ വീണ്ടും ‘ചന്ദ്രനിലേക്ക്’

ചരിത്രത്തിലേക്ക് കുതിച്ച് പൊങ്ങി ‘ആർട്ടെമിസ് 2’; മനുഷ്യൻ വീണ്ടും ‘ചന്ദ്രനിലേക്ക്’

0

വാഷിങ്ടണ്‍: 54 വർഷത്തിന് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ‘ആർട്ടെമിസ് 2’ (Artemis II) ദൗത്യ യാത്ര ആരംഭിച്ചു. കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസൺ എന്നിവരാണ് പേടകത്തിൽ ഉള്ളത്. പത്ത് ദിവസത്തെ ദൗത്യത്തിനായി ആണ് സംഘം യാത്ര തിരിച്ചത്.

ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ മുന്നോട്ടുള്ള ബഹിരാകാശ ഗവേഷങ്ങൾക്ക് അത് വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ. ഭാവിയിൽ നടത്താനിരിക്കുന്ന ചൊവ്വാ യാത്രകൾക്കും ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുന്ന പദ്ധതികൾക്കും ഇതിലൂടെ പ്രയോജനം ലഭിക്കുമെന്നും കണക്ക് കൂട്ടുന്നു.

ദൗത്യത്തിനായി പോകുന്ന ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ കാല് കുത്തില്ല എന്നതാണ് പ്രധാന പ്രത്യേകത. പകരം ചന്ദ്രന് ചുറ്റും വലം വച്ച് ഭൂമിയിലേക്ക് മടങ്ങുകയാണ് ചെയ്യുക. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങാൻ ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) എന്ന അതിശക്തമായ റോക്കറ്റും ഓറിയോൺ (Orion) പേടകവും ഉപയോഗിച്ചുള്ള ആദ്യത്തെ മനുഷ്യയാത്രാ ദൗത്യമാണിത്.

ആർട്ടെമിസ് 2വിലെ യാത്രയിൽ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചന്ദ്രനിൽ ലൂണാർ ഗേറ്റ്‌വേ സ്ഥാപിക്കുക എന്നതാണ് ആർട്ടെമിസ് 3യിലൂടെ ലക്ഷ്യം. ഈ യാത്രയിൽ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങും. ലൂണാർ ഗേറ്റ്‌വേ സ്ഥാപിക്കുന്നതോടെ ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള സ്ഥിരസഞ്ചാരം സാധ്യമാകും.

ഭാവിയിൽ മനുഷ്യർക്ക് ചന്ദ്രനിൽ താമസിച്ച് അവിടെയുള്ള ഹീലിയം ത്രീ ഉൾപ്പടെയുള്ള ധാതുക്കൾ ഖനനം ചെയ്യാനുള്ള മൂൺ കോളനി പദ്ധതിയ്ക്കുള്ള അടിത്തറ ഉണ്ടാക്കുകയാണ് ആർട്ടെമിസ് പദ്ധതിയിലൂടെ നാസ ലക്ഷ്യം വെയ്ക്കുന്നത്.

ഈ ദൗത്യത്തിൽ ലോകമെമ്പാടുമുള്ള 56 ലക്ഷത്തിലധികം (5.6 മില്യൺ) ആളുകളുടെ പേരുകൾ അടങ്ങിയ ഒരു ഡിജിറ്റൽ ആർക്കൈവും ചന്ദ്രനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. നാസയുടെ “സെൻഡ് യുവർ നെയിം ടു ദി മൂൺ” (Send Your Name to the Moon) ക്യാമ്പയിനിലൂടെ ശേഖരിച്ച പേരുകളാണിത്. ബഹിരാകാശ പര്യവേക്ഷണത്തിൽ സാധാരണ ജനങ്ങളെയും പങ്കാളികളാക്കുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ നാസ ലക്ഷ്യമിടുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version